|    Oct 23 Tue, 2018 11:17 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇരുണ്ട കാലത്തിന്റെ മുന്നറിയിപ്പുകള്‍

Published : 31st January 2017 | Posted By: fsq

 

കെ  എസ്  ഹരിഹരന്‍

ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര ഗവണ്‍മെന്റും സിപിഎം നേതൃത്വം നല്‍കുന്ന കേരള ഗവണ്‍മെന്റും അധികാരമേറിയതിനു പിന്നാലെ ഇന്ത്യയിലും കേരളത്തിലും പൊതുവില്‍ സംഭവിച്ച രാഷ്ട്രീയ പരിവര്‍ത്തനം, ജനങ്ങളില്‍ ഭയത്തിന്റെ വേലിയേറ്റം സൃഷ്ടിക്കപ്പെട്ടു എന്നതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടമെന്നു മേനിപറയുമെങ്കിലും ജനാധിപത്യ വ്യവസ്ഥകളിലും ഫാഷിസത്തിന് ഒരു വിശ്രമമുറിയുണ്ടെന്നു പലവട്ടം തെളിയിച്ചിട്ടുള്ള രാജ്യം കൂടിയാണ് ഇന്ത്യ. 1975ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇതിന്റെ പ്രത്യക്ഷമായ വെളിപ്പെടലായിരുന്നു. എന്നാല്‍, ഇന്ത്യന്‍ മുതലാളിത്തം ബ്രിട്ടിഷുകാരില്‍ നിന്നു രാജ്യഭരണത്തിന്റെ ചെങ്കോല്‍ ഏറ്റെടുത്ത ആദ്യനാളുകളില്‍ തന്നെ ബലപ്രയോഗത്തിന്റെ രാഷ്ട്രീയത്തിനു ജനാധിപത്യ വ്യവസ്ഥകളില്‍ത്തന്നെ സ്ഥാനമുണ്ടെന്നു തെളിയിച്ചിരുന്നു. നാട്ടുരാജ്യങ്ങളുടെ ലയനത്തിനു സ്വീകരിച്ച നടപടികള്‍ മുതല്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള കാര്‍ഷിക പ്രക്ഷോഭമായ തെലങ്കാന സമരം അടിച്ചമര്‍ത്തിയതു വരെയുള്ള എണ്ണമറ്റ സംഭവഗതികളില്‍ ഈ പ്രവണത ദൃശ്യമായിരുന്നു. അറുപതുകളില്‍ കമ്മ്യൂണിസ്റ്റുകളെ ചൈനീസ് ചാരന്‍മാരെന്നു മുദ്രകുത്തി തടവിലടച്ചതും എഴുപതുകളുടെ തുടക്കത്തില്‍ നക്‌സലൈറ്റുകളെ മര്‍ദിച്ച് അവസാനിപ്പിച്ചതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ വിഭാഗങ്ങളെ കൊന്നുതള്ളിയതുമൊക്കെ ഇതിന്റെ ദൃഷ്ടാന്തങ്ങള്‍ മാത്രമാണ്. ന്യൂനപക്ഷങ്ങളും ദലിതരും ആദിവാസികളും കമ്മ്യൂണിസ്റ്റുകാരും എക്കാലത്തും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശത്രുപക്ഷത്താണെന്നു മറയില്ലാതെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പാര്‍ലമെന്ററി രാഷ്ട്രീയകക്ഷികളെ സംബന്ധിച്ച് ഈ ജനാധിപത്യ വിരുദ്ധത തങ്ങള്‍ക്ക് എതിരാവാത്ത കാലത്തോളം സ്വീകാര്യമാണ് എന്നതാണ് രസകരമായ സംഗതി. ഭരണകൂടം തങ്ങളെ വേട്ടയാടാത്തിടത്തോളം അവര്‍ക്ക് പരാതികളൊന്നുമില്ല. മറ്റുള്ളവരെ വേട്ടയാടുന്നത് എതിര്‍ക്കപ്പെടേണ്ടതായി അവര്‍ കാണുന്നില്ല. തങ്ങള്‍ക്ക് ഭരണാധികാരം ലഭിക്കുന്നിടത്തെല്ലാം മറ്റുള്ളവരെ ശത്രുപക്ഷത്തു നിര്‍ത്തി ആക്രമിക്കാന്‍ അവര്‍ക്ക് മടിയില്ല. ജനാധിപത്യം ഒരു ജീവിതശൈലിയാണെന്നും എതിരഭിപ്രായങ്ങളാണ് അതിന്റെ ജീവനെന്നും തിരിച്ചറിയാന്‍ അവര്‍ തയ്യാറല്ല. തങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാന്‍ അവകാശമുണ്ടെങ്കിലും തങ്ങളെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്നതാണ് അവരുടെ സമീപനം. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ എത്തുകയും തുടര്‍ന്ന് ഭരണകൂടത്തെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുകയാണ് പാര്‍ലമെന്ററി പാര്‍ട്ടികളുടെ പൊതുസമീപനം. ഇന്ത്യയില്‍ കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ജനാധിപത്യ വ്യവസ്ഥയ്ക്കകത്തു സംഭവിച്ചിട്ടുള്ള പരിവര്‍ത്തനങ്ങള്‍ സവിശേഷ പഠനത്തിനു വിധേയമാക്കേണ്ടതുണ്ട്. ഗവണ്‍മെന്റുകള്‍ക്ക് ഭരണകൂടത്തെ നിയന്ത്രിക്കാനുള്ള അധികാരം പടിപടിയായി നഷ്ടപ്പെട്ടു എന്നതാണ് ഇവയില്‍ ഏറ്റവും പ്രധാനം. ഇതോടൊപ്പം പൗരന്‍മാരെ ഭയപ്പെടുന്ന ഒന്നായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറിത്തീര്‍ന്നു. ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ പോലും ഭയപ്പെടുന്ന നില രൂപപ്പെട്ടു. പൊതുഇടങ്ങളിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കപ്പെട്ടു. പ്രക്ഷോഭസ്വഭാവമുള്ള ജാഥകള്‍, പോസ്റ്റര്‍ പ്രചാരണങ്ങള്‍, പൊതുയോഗങ്ങള്‍, സെമിനാറുകള്‍ തുടങ്ങി ഏതു പ്രവര്‍ത്തനവും പോലിസിന്റെ അനുമതിയില്ലാതെ നടത്താനാവില്ലെന്ന സ്ഥിതി  വന്നു. കടുത്ത സാങ്കേതികത്വത്തിന്റെ വഴികള്‍ അനവധി കടന്നാലേ ഒരു പ്രകടനം നടത്താനാവൂ എന്ന സ്ഥിതി രൂപപ്പെട്ടു. ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധ പ്രകടനങ്ങള്‍ സാധ്യമല്ലെന്ന നില ഇന്ത്യയില്‍ എല്ലായിടത്തും രൂപപ്പെട്ടുകഴിഞ്ഞു. ബിജെപി ഭരിക്കുന്നിടത്തും സിപിഎം ഭരിക്കുന്നിടത്തും കോണ്‍ഗ്രസ് ഭരിക്കുന്നിടത്തും ജനതാദള്‍ ഭരിക്കുന്നിടത്തും സ്ഥിതിഗതികളില്‍ മാറ്റമൊന്നുമില്ല. കേരളത്തില്‍ റോഡരികില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്നപ്പോള്‍ ഉണ്ടായ ബഹളങ്ങള്‍ നമുക്ക് ഓര്‍മിക്കാവുന്നതാണ്. സിപിഎം നേതാവ് എം വി ജയരാജന്‍ ജഡ്ജിയെ ‘ശുംഭന്‍’ എന്നു വിളിച്ചാക്ഷേപിച്ചു എന്ന കേസില്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചു. കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയത്തര്‍ക്കമായി അത്. പിന്നീട് എന്തുണ്ടായി? റോഡരികില്‍ പൊതുയോഗം നടത്താനുള്ള അവകാശത്തിനായി സിപിഎം പോരാടിയോ? പൊതുയോഗങ്ങള്‍ നടത്താന്‍ കോര്‍പറേഷനുകളിലും പഞ്ചായത്തുകളിലും പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചുവോ? പൊതുയോഗത്തിന് അനുവാദം കിട്ടാനുള്ള നടപടിക്രമങ്ങളും അടയ്‌ക്കേണ്ട ഫീസും ലഘൂകരിച്ചോ? ഒന്നുമുണ്ടായില്ല. സിപിഎം അധികാരത്തില്‍ എത്തുന്നതുകൊണ്ട് എം വി ജയരാജന്റെ ആക്ഷേപങ്ങള്‍ക്കു വല്ല പരിഹാരവും ഉണ്ടാവുമോ? യാതൊരു സാധ്യതയുമില്ല. കാരണം, ജനാധിപത്യം പുലരേണ്ടത് പ്രതിപക്ഷത്തിന്റെ മാത്രം ചുമതലയാണെന്ന ബോധ്യമാണ് എല്ലാവരെയും നയിക്കുന്നത്. അധികാരത്തിലെത്തിയാല്‍ പിന്നെ ജനാധിപത്യം അവശ്യഘടകമല്ല. രാഷ്ട്രീയത്തിലെ എതിരാളികളെ അടിച്ചമര്‍ത്തലാണ് അധികാരത്തിന്റെ ലക്ഷ്യം. ഗവണ്‍മെന്റുകള്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നതിനു പകരം ഭരണകൂടങ്ങള്‍ ഗവണ്‍മെന്റുകളെ നിയന്ത്രിക്കുന്ന പരിതഃസ്ഥിതി ആഗോളവല്‍ക്കരണകാലത്തെ മൂലധന പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്. അതുകൊണ്ടാണ് നരേന്ദ്ര മോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ’50 ദിവസം കൊണ്ട് കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ നിങ്ങളെന്നെ തൂക്കിക്കൊന്നോളൂ’ എന്നു ജനങ്ങളോട് പ്രഖ്യാപിച്ചത്. 500 ദിവസം കഴിഞ്ഞാലും കാര്യങ്ങളൊന്നും നേരെയാവില്ലെന്ന് മോദിക്ക് അറിയാം. പക്ഷേ, 50 ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയെ തൂക്കിക്കൊല്ലുന്നതു പോയിട്ട് ‘മോദി രാജി വയ്ക്കണം’ എന്ന് ആവശ്യപ്പെടാന്‍ പോലും ഇന്ത്യയിലെ ‘വിപ്ലവ പ്രതിപക്ഷം’ പോലും സന്നദ്ധമായിട്ടില്ല. കോര്‍പറേറ്റ് അജണ്ടയോട് അത്രയേറെ വിധേയത്വം പാര്‍ലമെന്ററി പാര്‍ട്ടികള്‍ക്കുണ്ട്. ജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കുന്നത് അവരെ വഞ്ചിക്കാന്‍ മാത്രമാണ്. ആഗോളവല്‍ക്കരണ അജണ്ടയ്‌ക്കെതിരേ പ്രചാരണപരമായ പ്രവര്‍ത്തനങ്ങളല്ലാതെ പ്രായോഗികമായ ചെറുത്തുനില്‍പുകള്‍ക്കൊന്നും ഇക്കാരണത്താല്‍ പാര്‍ലമെന്ററി പാര്‍ട്ടികള്‍ സന്നദ്ധമല്ല. രാഷ്ട്രീയപ്പാര്‍ട്ടികളെ ജനങ്ങള്‍ അവിശ്വസിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും എന്ന വിഭജനം പോലും ഇന്ത്യയില്‍ ഏറക്കുറേ അവസാനിച്ചുകഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ചെറുപതിപ്പുകള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചെറുപതിപ്പു മാത്രമാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങളിലും ഇതേ സ്ഥിതി തന്നെയാണ്. ഭരണകൂട നയങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ എവിടെയും ദൃശ്യമല്ല. മൂലധന താല്‍പര്യങ്ങളെ സഹായിക്കുന്നതിനു മൂന്നാംലോക രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ‘വികസനം’ എന്ന വായ്ത്താരിയാണ് പതിവായി ഉപയോഗിക്കാറ്. ഈ വികസനമോഹം കൊണ്ടുനടക്കുന്നവരാണ് എല്ലാ ഭരണാധികാരികളും. ഏതു വികസന പദ്ധതിക്കും അനുമതി നല്‍കുന്നവര്‍ക്കും നടത്തിപ്പുകാര്‍ക്കും കൃത്യമായ കമ്മീഷന്‍ വ്യവസ്ഥകളുണ്ട് എന്നതാണ് ഇതിന് അടിസ്ഥാനം. വികസനമെന്ന പേരില്‍ വരുന്ന ഏത് ഇടപാടിലും 30 ശതമാനം വരെ കമ്മീഷനുണ്ട്. അതു ദേശീയപാത വികസനമായാലും ഗെയില്‍ പൈപ്പ്‌ലൈന്‍ വികസനമായാലും അതിവേഗ റെയില്‍ വികസനമായാലും വിമാനത്താവളമായാലും ഒക്കെ ഒരുപോലെയാണ്. രാഷ്ട്രീയനേതൃത്വത്തിനു ലഹരി പകരുന്ന വികസനത്തിന്റെ രഹസ്യം ഇതാണ്. ഈ കമ്മീഷന്‍ പറ്റാനുള്ള പരക്കംപാച്ചിലാണ് ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും നിഴല്‍യുദ്ധമായി രാഷ്ട്രീയരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. അണിയറയിലാണ് വീതംവയ്പുകള്‍ നിശ്ചയിക്കപ്പെടുന്നത്. ി(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss