|    Mar 23 Fri, 2018 11:06 am
Home   >  Todays Paper  >  page 12  >  

ഇരുട്ടടിയില്‍ ഭയന്ന് നിര്‍മാണമേഖല ; സിമന്റ് വില കുറയ്ക്കാതെ കമ്പനികളുടെ ഒളിച്ചുകളി

Published : 25th September 2017 | Posted By: fsq

 

നിഖില്‍ ബാലകൃഷ്ണന്‍

ജിഎസ്ടി നിലവില്‍വരുമ്പോള്‍ സിമന്റ് വില കുറയുമെന്ന കണക്കുകൂട്ടലിലായിരുന്നു രാജ്യത്തെ നിര്‍മാണമേഖല. കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തി രാജ്യത്തിന് മുന്നേറ്റം നടത്താമെന്നു പ്രതീക്ഷയോടെ ജിഎസ്ടിക്ക് വേണ്ടി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രാജ്യത്താകെ ഏകീകൃത നികുതിസമ്പ്രദായം ഏര്‍പ്പെടുത്തിയതോടെ സിമന്റ് വിലയില്‍ മൂന്ന് ശതമാനം കുറവുണ്ടാെയങ്കിലും വില കുറയ്ക്കാതിരിക്കുവാന്‍ പല തന്ത്രങ്ങളും പയറ്റുന്ന സിമിന്റ് കമ്പനികള്‍ വിലക്കുറവിന്റെ ആനുകൂല്യം ഇതുവരെയും ഉപഭോക്താകള്‍ക്ക് നല്‍കിയിട്ടില്ല. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ വില കുറയ്‌ക്കേണ്ടി വരുമെന്ന് നേരത്തെ മനസ്സിലാക്കിയ സിമന്റ് കമ്പനികള്‍ അപ്രഖ്യാപിത വിലവര്‍ധനവ് വരുത്തിയാണ് ജിഎസ്ടിയെ അട്ടിമറിച്ചത്. പിന്നീട് ജിഎസ്ടി നടപ്പാക്കിയപ്പോള്‍ മൂന്ന് ശതമാനം നികുതി കുറഞ്ഞതോടെ വിലക്കുറവ് വരുത്തിയെങ്കിലും പഴയ വിലയില്‍ നിന്നും ഉയര്‍ത്തിയാണ് ഇപ്പോഴും സിമന്റുകള്‍ വില്‍ക്കുന്നത്.  സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ് ഇന്ന് വിപണയില്‍ ലഭിക്കുന്നത് 390-400 രൂപയ്ക്കാണ്. ജിഎസ്ടിയിലൂടെ നികുതി 28 ശതമാനമായി നിജപ്പെടുത്തിയതോടെ വിലയില്‍ സ്വഭാവികമായും കുറവ് സംഭവിക്കേണ്ടതാണ്. 31 ശതമാനം നികുതിയാണ് ജിഎസ്ടിക്ക് മുമ്പ് സിമന്റിനുണ്ടായിരുന്നത്. മറ്റ് കമ്പനികളുടെ വിലയിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ ഒരു ചാക്കിന് 8 രൂപ മുതല്‍ 10 രൂപവരെ കുറവ് സംഭവിക്കേണ്ടതാണ്. ജിഎസ്ടിക്ക് മുമ്പ് നികുതിയിലെ വര്‍ധനവാണ് വില കൂട്ടി വില്‍ക്കുവാന്‍ കാരണമെന്ന് സിമന്റ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. വില ഉയര്‍ന്നുവരുന്നതോടെ സിമന്റിന്റെ നികുതി ഇനത്തില്‍ വന്‍ തുകയാണ് ഖജനാവിലേക്ക് പ്രതിവര്‍ഷമെത്തുന്നത്. അതുകൊണ്ടുതന്നെ വിലയില്‍ ഇടപെടുവാന്‍ സര്‍ക്കാര്‍ മടിക്കുന്നു. സിമന്റ് വില പിടിച്ചുനിര്‍ത്തുവാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടതുപോലുള്ള മാതൃകയാണ് സംസ്ഥാനത്തിനും ആവശ്യം. സിമന്റിനും സിമന്റ് ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതുവഴി നിര്‍മാണ ചെലവ് 20 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ നിര്‍മാണ മേഖല സ്തംഭനത്തിലാണ്. ജൂലൈ ഒന്നിന് ജിഎസ്ടിയിലേക്കു മാറ്റിയ പ്രവൃത്തികള്‍ക്കു നികുതിയില്‍ ഉണ്ടാവുന്ന എട്ട് ശതമാനം അധിക ചെലവിന് നഷ്ടപരിഹാരം നല്‍കണമെന്നാണു കരാറുകാരുടെ മറ്റൊരു ആവശ്യം. നിര്‍മാണമേഖലയ്ക്കു പുറമേ വാഹനവിപണി, വസ്ത്ര നിര്‍മാണ വ്യാപാര മേഖല തുടങ്ങി ഒരു മനുഷ്യന്റെ ജീവിതത്തെ ആകെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ജിഎസ്ടിയുടെ നില്‍പ്പ്. പെട്രോളിയം പോലുള്ള ഏറെ ആവശ്യമായ ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയത് വഴി കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു കുടപിടിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തതയും കൈവന്നിരിക്കുന്നു. ജിഎസ്ടിയുടെ മാറ്റങ്ങള്‍ രാജ്യത്തു പ്രതിഫലിക്കണമെങ്കില്‍ കുറഞ്ഞത് നാലു വര്‍ഷം വേണമെന്നാണു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അതുവരെയുണ്ടാവുന്ന അധിക ചെലവുകള്‍ക്ക് ആര് ഉത്തരം പറയുമെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കട്ടെ.                    അവസാനിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss