|    Jun 25 Mon, 2018 11:55 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇരുകാലികളുടെ വിനോദങ്ങള്‍ക്കിടെ

Published : 30th October 2015 | Posted By: SMR

ഇന്ത്യക്കാരെ സമ്മതിക്കണം. പശു എന്ന മൃഗത്തിനു ജനാധിപത്യ രാഷ്ട്രീയത്തില്‍ എന്തോരം സാധ്യതകളാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തുന്നതില്‍ നമ്മളെ വെല്ലാന്‍ ഭൂഗോളത്തില്‍ വേറെ ആളില്ല. മതവികാരം, തീറ്റവികാരം, വോട്ടുവികാരം, വര്‍ഗീയവികാരം എന്നുവേണ്ട, സംഗതിയിതാ ഫെഡറലിസത്തില്‍ വരെ എത്തിനില്‍ക്കുന്നു. അതിരിക്കട്ടെ. ഇമ്മാതിരി വികാരസൂക്കേടത്രയും മാറ്റിവച്ച് ബീഫ് കേസുകെട്ടിന്റെ വസ്തുനിഷ്ഠ യാഥാര്‍ഥ്യം പരിശോധിച്ചാലോ?
കഴിഞ്ഞ ഒരു മാസത്തില്‍ മൂന്നു പൗരന്‍മാരെ കശാപ്പു ചെയ്ത ഗോമാതാ പ്രമേയം വാസ്തവത്തില്‍ ആപ്പാവുന്നത് ഗോഭക്തര്‍ക്കും ബീഫ് പ്രേമികള്‍ക്കുമപ്പുറം സാക്ഷാല്‍ പശുവിനു തന്നെയാണെന്ന് എത്ര പേര്‍ തിരിച്ചറിയുന്നു? രാജ്യത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ആപ്പും?
കേരളമെടുക്കുക. സര്‍ക്കാര്‍ വാണി പ്രകാരം ‘നമ്മള്‍ കണി കണ്ടുണരുന്ന നന്മ’യെടുക്കുക- മില്‍മ. കര്‍ണാടക, തമിഴ്‌നാട് എന്നീ അയലത്തുകാരുടെ ക്ഷീരോല്‍പാദനത്തിന്റെ ഓശാരം പറ്റിയിട്ടും തികയാതെ പാല്‍പ്പൊടി കൂടി കലക്കിച്ചേര്‍ത്തിട്ടാണ് ടി നന്മ നമുക്ക് ഒരുവിധം കണിയൊരുക്കിത്തരുന്നത്. നമുക്ക് പാലു വില്‍ക്കുന്ന അയലത്തുകാരുടെ ഗതിയോ? അവിടെയും ശുദ്ധമായ പശുവിന്‍പാല്‍ ഡിമാന്റിന്റെ നാലിലൊന്നു കഷ്ടി. പാല്‍പ്പൊടി തൊട്ട് യൂറിയ വരെ കലക്കിയാണ് ഇഷ്ടന്മാര്‍ പാലുകച്ചോടം വെടിപ്പാക്കുന്നത്. ചുരുക്കത്തില്‍, ഒരിടത്തും ആവശ്യത്തിനു ചരക്കില്ല. കാരണം ലളിതം: കേന്ദ്ര ഉല്‍പാദനസ്രോതസ്സായ കന്നുകാലിയുടെ ഷോര്‍ട്ടേജ്. പശുവിനെ കശാപ്പു ചെയ്ത് ബീഫാക്കി ശാപ്പിടുന്നതുകൊണ്ടാണ് ഈ പ്രശ്‌നമെന്ന് അഖിലലോക ഗോമാതാപൂജക്കാര്‍ ചാടിക്കയറി പറയും. നേരെന്താണ്?
ഒന്നാമത്, കന്നുകാലി ഉല്‍പന്നങ്ങള്‍ ഉണ്ടാവുന്നത് കന്നുകാലി അധിഷ്ഠിതമായ ഒരു ഉല്‍പാദന വ്യവസ്ഥിതിയില്‍ നിന്നാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് വ്യക്തമായ സാമ്പത്തിക റോളുള്ള ഒന്നില്‍ നിന്ന്. മഴയെ ആശ്രയിച്ചു കഴിയുന്ന കാര്‍ഷിക സമ്പദ്‌വ്യവസ്ഥ പുലരുന്ന ഇന്ത്യയില്‍ നൂറ്റാണ്ടുകളായി കഥ അങ്ങനെയായിരുന്നു. പാല്‍, പാലുല്‍പന്നങ്ങള്‍, ഇറച്ചി, വളം, തോല്‍ ഇത്യാദിയാണ് ഈ കാര്‍ഷിക വ്യവസ്ഥിതിയില്‍ വളര്‍ത്തുമൃഗങ്ങളുടെ സംഭാവന.
ഇതില്‍ നിന്ന് ഇറച്ചി ഉല്‍പാദനം ഒരു വേറിട്ട കച്ചോടമായിരുന്നില്ല. വികസിത സമ്പദ്ഘടനകളിലേതു മാതിരി ഇറച്ചിക്കായി മാത്രം കന്നുകാലികളെ കൃത്രിമമായി വികസിപ്പിച്ചെടുക്കുന്ന ശൈലി കാര്‍ഷിക വ്യവസ്ഥിതിയുടേതല്ല. നമ്മുടെ രാജ്യത്ത് ഇറച്ചിയാവശ്യത്തിനായി ഏര്‍പ്പാടാക്കിയിട്ടുള്ള ഉല്‍പാദന വ്യവസ്ഥിതിയില്‍ എക്കാലവും ആണിനങ്ങള്‍ക്കാണ് വമ്പിച്ച മുന്‍ഗണന. ആട്, കാള, പന്നി, പോത്ത് തുടങ്ങി കോഴി വരെയുള്ള ഇനങ്ങളില്‍.
കാരണം, ഈ ഉല്‍പാദനത്തില്‍ നിര്‍ണായക ഘടകം ഭാവിതലമുറകളാണ്. ബീഫ് ഉപയോഗത്തെ രാഷ്ട്രീയവല്‍ക്കരിക്കാത്ത എവിടെയും കിടപ്പുവശം അങ്ങനെത്തന്നെ. കന്നുകാലികളിലെ പെണ്‍വര്‍ഗത്തെ കൊന്നുതിന്നാല്‍ ഉല്‍പാദനം തകരുമെന്ന് ഏതിടത്തെയും കാലികര്‍ഷകര്‍ക്കറിയാം.
ഈ പരിതോവസ്ഥയിലാണ് ഇന്ത്യയിലെ കന്നുകാലി സെന്‍സസ് ശ്രദ്ധേയമാവുന്നത്. 2003-2012 കാലയളവില്‍ പെണ്‍ വളര്‍ത്തുമൃഗങ്ങളുടെ വളര്‍ച്ചാനിരക്ക് 1.51 ശതമാനത്തില്‍ നിന്ന് 0.94 ശതമാനമായി ഇടിഞ്ഞു. ഇത് പൂര്‍ണമായും തദ്ദേശീയ ജനുസ്സിന്റെ കഥ. സങ്കരയിനങ്ങളുടെ വളര്‍ച്ചാനിരക്കാകട്ടെ, 8.08 ശതമാനത്തില്‍ നിന്ന് 5.05 ശതമാനമായി ഇടിഞ്ഞു. ആകപ്പാടെ വര്‍ധനയുണ്ടായത് എരുമകളുടെ കാര്യത്തില്‍ മാത്രമാണ്- 2.12 ശതമാനത്തില്‍ നിന്ന് 3.13 ശതമാനത്തിലേക്ക്.
പ്രധാന പ്രശ്‌നം മേച്ചിലിടങ്ങളുടേതാണ്. ഇന്ത്യയില്‍ പൊതുമേച്ചിലിടങ്ങള്‍ കഴിഞ്ഞ 30 കൊല്ലമായി ഗംഭീരമായി ചുരുങ്ങി അഥവാ ചുരുക്കിയെടുത്തു. ലോകപ്രശസ്ത ഇന്ത്യന്‍ ജനുസ്സായ ഓംഗോള്‍ ഇനത്തിന്റെ ഹെഡ് ഓഫിസായ ആന്ധ്രപ്രദേശിലേക്കു നോക്കുക. സര്‍ക്കാര്‍ കണക്കുപ്രകാരം തന്നെ (2010) 78 ശതമാനമാണ് മേച്ചില്‍പ്പുറങ്ങള്‍ ഇല്ലാതായത്. അതില്‍ത്തന്നെ ഹിന്ദുത്വസേവയും സാമ്പത്തിക ഉദാരവല്‍ക്കരണവും കൈകോര്‍ത്ത 1990കള്‍ തൊട്ടാണ് ക്ഷയം ശരവേഗമാര്‍ജിച്ചത്.
രണ്ടാമതായി, ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ ഉല്‍പാദന റോളില്‍ നിന്നു കന്നുകാലികള്‍ എടുത്തുമാറ്റപ്പെട്ടു. അതിപ്പോ, ട്രാക്ടര്‍ വരുമ്പോള്‍ കാളപൂട്ട് പറ്റുമോ എന്നു ചോദിക്കാം. ശരിയാണ്, യന്ത്രവല്‍കരണം ചില സ്വാഭാവിക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രശ്‌നം പക്ഷേ അവിടെയല്ല. ഏകവിളകൃഷികളായിരുന്നു കാലിത്തീറ്റയുടെ പ്രധാന സ്രോതസ്സ്. അത്തരം കൃഷികള്‍ കൃത്രിമ വളങ്ങളുടെ ആധിപത്യത്തിലായതോടെ കന്നുകാലികള്‍ക്കുള്ള സ്വാഭാവിക തീറ്റ ഗണ്യമായി ഇടിഞ്ഞു. പകരം കമ്പോളം കല്‍പിക്കുന്ന കൃത്രിമ തീറ്റ കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. ഇതാകട്ടെ, കാശു ചെലവുള്ള ഏര്‍പ്പാടും.
മറ്റൊന്ന്, സസ്യയെണ്ണയ്ക്കു വേണ്ടിയുള്ള ചക്ക് ആട്ടുന്ന പണി. ആവശ്യമായ സസ്യയെണ്ണയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യത്ത് ചക്കും ചക്കാട്ടാന്‍ ഉരുവിനെയും പോറ്റുന്ന നഷ്ടക്കച്ചോടത്തില്‍ നിന്നു കര്‍ഷകര്‍ പിന്‍തിരിഞ്ഞു. കന്നുകാലികളില്‍ നിന്നുള്ള വളത്തെ രാസവളങ്ങള്‍ നിസ്സാരമായി തൂത്തുമാറ്റിയതോടെ ആ വഴിക്കും ഈ മൃഗങ്ങള്‍ ഉപയോഗശൂന്യമായി. ചുരുക്കത്തില്‍, കാര്‍ഷിക വ്യവസ്ഥിതിയില്‍ കന്നുകാലികള്‍ക്ക് സാമ്പത്തിക മൂല്യം നഷ്ടമായി. അതോടെ കര്‍ഷകര്‍ അവയെ ഉപേക്ഷിക്കുകയുമായി.
ഇതേസമയം, ഇന്ത്യയിലെ പോത്ത്-എരുമ സംഖ്യ ഉയരുന്നു. 1997-2010 കാലയളവില്‍ 21 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കന്നുകാലിയിനത്തിന്. കാരണം എരുമപ്പാലും ബീഫും. പ്രതിവര്‍ഷം 2.4 ദശലക്ഷം ടണ്‍ ഇറച്ചി കയറ്റുമതി നടത്തുന്ന ഇന്ത്യ കയറ്റിവിടുന്ന 60 ശതമാനം ഇറച്ചിയും ഈ വിഭാഗത്തിന്റേതാണ്. പശു തൊട്ട് കോഴി വരെ ഒരിനത്തിനുമില്ലാത്ത ഈ ഡിമാന്റിനു കാരണം ലളിതമാണ്. ഇവറ്റകളെ പോറ്റാനുള്ള ചെലവ് തുലോം തുച്ഛം.
ഞങ്ങളുടെ നാട്ടില്‍ നിന്നുള്ള ചെറിയൊരു ഉദാഹരണം പറയാം: ചാരുംമൂട് ചന്തയില്‍ നിന്ന് 5000-6000 രൂപ നിരക്കില്‍ ഒരു പോത്തിന്‍കുട്ടിയെ വാങ്ങുക. ലേശം പുല്ലോ പച്ചപ്പോ ഉള്ള ഏതെങ്കിലും പറമ്പിലോ കൃഷിയില്ലാത്ത വയലിലോ കെട്ടിയിടുക. കയര്‍ കുറച്ചധികം നീട്ടിയിട്ടിരിക്കണമെന്നു മാത്രം. ടിയാന്‍ സുഖമായി മേഞ്ഞ്, അവിടെത്തന്നെ അന്തിയുറങ്ങിക്കൊള്ളും. കാലിത്തീറ്റയ്ക്ക് കാശു മുടക്കേണ്ട. ആറു മാസം കഴിയുമ്പോള്‍ കമ്പോളവില മിനിമം 30,000 രൂപ. എന്നുവച്ചാല്‍ കാലങ്ങളുടെ അധികമുടക്കില്ലാതെ ആറു മാസം കൊണ്ട് 25,000 രൂപ കീശയില്‍.
അഥവാ, ഇറച്ചിത്തീറ്റയും കയറ്റുമതിയുമാണ് പോത്ത്-എരുമ സംഖ്യ വര്‍ധിക്കുന്നതിന്റെ ഒരേയൊരു കാരണം. കാര്‍ഷിക വ്യവസ്ഥിതിയും അതിനുള്ളിലെ കന്നുകാലികളുടെ പ്രസക്തിയും പാടേ മാറിപ്പോവുന്ന ഇന്ത്യയില്‍ വളര്‍ത്തുമൃഗസമ്പത്തിന്റെ നടപ്പുകഥ ഇതായിരിക്കെ ആര് ആര്‍ക്കെതിരെയാണ് വാളെടുക്കേണ്ടത്?
ബീഫ് നിരോധനത്തിനായി വാളെടുക്കുന്നവരും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂട കിങ്കരന്മാരും കാണാതെപോകുന്നത് കന്നുകാലിയെ വളര്‍ത്തുന്ന കര്‍ഷകരും ബീഫ് കഴിക്കുന്ന ഉപഭോക്താക്കളും തമ്മിലുള്ള വ്യത്യാസമാണ്. ഒരു ക്ഷീരകര്‍ഷകന്റെ പ്രാഥമിക ആവശ്യമാണ് പാല്‍ ചുരത്തുന്ന ഇനത്തിന്റെ ചെലവുകാശ്. അതില്‍ തീറ്റ തൊട്ട് രോഗശുശ്രൂഷ വരെ വിപുലമായ ഒരു വരിസംഖ്യയുണ്ട്. മേച്ചിലിടം തൊട്ട് വളം എന്ന നിലയ്ക്ക് ചാണകത്തിനുള്ള കമ്പോള ഡിമാന്റ് വരെയുണ്ട്. ഇതെല്ലാം അസ്ഥാനത്താക്കുന്ന ഒരു വികസനനയം പുരോഗമിക്കുന്നിടത്ത് കന്നുകാലി കര്‍ഷകന്‍ എന്തു ചെയ്യണം?
മറുവശത്ത് ബീഫ് തീറ്റയെടുക്കുക. പരമ്പരാഗതമായിത്തന്നെ ആദിവാസികള്‍ തൊട്ട് ദലിതര്‍ വരെ, ക്രിസ്ത്യാനികള്‍ തൊട്ട് മുസ്‌ലിംകള്‍ വരെ പ്രോട്ടീന്‍ ഘടകത്തിന് ആശ്രയിക്കുന്ന മാംസാഹാരമാണിത്. ഗോമാതാപൂജ പറയുന്ന ഭാരതീയ സവര്‍ണരില്‍ തന്നെ എത്ര പേരുണ്ട് വാസ്തവത്തില്‍ ഗോകര്‍ഷകരായി? പശുവിനെ വളര്‍ത്താന്‍, ചാണകം വാരാന്‍, ഒടുവില്‍ ജഡം മറവു ചെയ്യാന്‍- എന്തിനും അവര്‍ക്ക് ‘താഴ്ന്ന’ ജാതിക്കാരനെ വേണം. പാല്‍ വരെ മറ്റുള്ളവര്‍ വഴി കറന്നുകിട്ടണം.
കൃഷിഭൂമിയും മേച്ചിലിടങ്ങളും കോര്‍പറേറ്റുകള്‍ക്കായി മറിച്ചുകൊടുക്കാന്‍ ഭൂമി ഏറ്റെടുക്കല്‍ നിയമമുണ്ടാക്കുന്ന കഥാപാത്രങ്ങളാണ് ഇല്ലാത്ത പശുവിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. ഇല്ലാത്തത് എന്നു പറഞ്ഞത് വെറുതെയല്ല. ദേശീയ കന്നുകാലിസംഖ്യ തന്നെ പാടേ ക്ഷയിച്ചുപോയ രാജ്യമാണിത്. കാര്‍ഷിക വ്യവസ്ഥിതി ആ പരുവത്തിലാക്കപ്പെട്ടു. ശേഷിക്കുന്നത് ബീഫ് എന്ന പേരിലുള്ള പോത്തുകച്ചോടമാണ്. അതുകൂടി അലമ്പാക്കുന്നതോടെ മൃഗം വളര്‍ത്തുപരിപാടിക്ക് കര്‍ട്ടനിടാം. പശു ഇപ്പോള്‍ത്തന്നെ ഫോട്ടോയില്‍ ഒതുങ്ങിത്തുടങ്ങിയിട്ടുണ്ട്. ആരാധിക്കാന്‍ എളുപ്പം അതാണല്ലോ. ഭാരതീയരുടെ പ്രശസ്തമായ ശീലവും!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss