|    Sep 25 Tue, 2018 10:25 am
FLASH NEWS

ഇരിട്ടി ലീഗ് ഓഫിസിലെ സ്‌ഫോടനം: പോലിസ് അന്വേഷണം ഊര്‍ജിതം

Published : 31st August 2018 | Posted By: kasim kzm

ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാന്റിലെ മുസ്‌ലിംലീഗ് ഓഫിസായ സിഎച്ച് സൗധത്തില്‍ നടന്ന സ്‌ഫോടനത്തെയും ആയുധങ്ങളും ബോംബും കണ്ടെത്തിയ സംഭവത്തെയും കുറിച്ച് പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കേസന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യോന്വേഷണസംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് തുടങ്ങി. തലശ്ശേരി എഎസ്പി ചൈത്രാ തെരേസ ജോണ്‍ ഓഫിസ് പരിശോധിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറ പോലിസ് പരിശോധിച്ചുവരികയാണ്. ലീഗ് ഓഫിസ് ഭാരവാഹികള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇവരില്‍ ചിലരില്‍ നിന്നു പോലിസ് മൊഴിയെടുത്തു. പോലിസ് സയിന്റിഫിക് വിഭാഗം കഴിഞ്ഞ ദിവസം ഓഫിസിലെത്തി പരിശോധന നടത്തിയിരുന്നു. സ്‌ഫോടനത്തിന്റെ സ്വഭാവത്തെക്കുറിച്ചും സ്‌ഫോടനം നടന്നത് ഏതുതരം ബോംബാണെന്നതിനെ കുറിച്ചുമുള്ള റിപോര്‍ട്ട് അന്വേഷണ സംഘത്തിന് അടുത്ത ദിവസം കൈമാറും. ചൊവ്വാഴ്ച്ചയാണ് ഇരിട്ടി പൂതിയ ബസ് സ്റ്റാന്റിലെ മുസ്്‌ലിംലീഗ് ഓഫിസ് കെട്ടിടത്തില്‍ സ്‌ഫോടനവും തുടര്‍ന്ന് നടന്ന പരിശോധനയില്‍ ബോംബും ആയുധവും പിടികൂടിയത്.
അതേസമയം, ഇരിട്ടിയില്‍ മുസ്്‌ലിം ലീഗ് ഓഫിസില്‍ നടന്ന സ്‌ഫോടനവും ബോംബ് ശേഖരവും ആയുധവും കണ്ടെത്തിയ സംഭവത്തിലും സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം വി ഇരിക്കൂര്‍ ആവശ്യപ്പെട്ടു.
മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരു ചേരികളിലായി തിരിഞ്ഞ് തമ്മില്‍തല്ലാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതിലെ ഒരുവിഭാഗം മറു വിഭാഗത്തെ ലക്ഷ്യമിട്ടണോ ആയുധങ്ങള്‍ സംഭരിച്ചതെന്ന് പോലിസ് അന്വേഷിക്കണം.
സംസ്ഥനത്തൊട്ടാകെ ജനങ്ങള്‍ ദുരിതബാധിതര്‍ക്കായി സാധനസാമഗ്രികള്‍ ശേഖരിക്കുമ്പോള്‍ ലീഗുകാര്‍ ആയുധങ്ങളും ബോംബും ശേഖരിക്കാനാണ് ഒരുമ്പെട്ടിരിക്കുന്നതെന്നും പാര്‍ട്ടിയുടെ ധാര്‍മിക അധപതനത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പേരാവൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സാബിറ അധ്യക്ഷത വഹിച്ചു. സഫീര്‍ ആറളം, ശംസുദ്ദീന്‍ ഇരിട്ടി, അസീസ് ആറളം, അബ്ദുല്‍ ഖാദര്‍ ദര്‍ശന, ശംസീര്‍ കുനിയില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss