|    Dec 19 Wed, 2018 2:32 am
FLASH NEWS

ഇരിട്ടി മേഖലയില്‍ ഉരുള്‍പൊട്ടല്‍; അഞ്ചു വീടുകള്‍ തകര്‍ന്നു

Published : 15th August 2018 | Posted By: kasim kzm

ഇരിട്ടി: കനത്ത മഴയ്‌ക്കൊപ്പം ഇരിട്ടി മേഖലയില്‍ ഇന്നലെ അഞ്ചിടത്ത് ഉരുള്‍പൊട്ടി. ആറളം, അയ്യംകുന്ന്, കൊട്ടിയൂര്‍ പഞ്ചായത്തുകളിലാണ് ജനങ്ങളെ ഭീതിയിലാക്കി വീണ്ടും ഉരുള്‍പൊട്ടിയത്. മേഖലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ആറളം ഫാം, മണിക്കടവ്, വട്ട്യാംതോട്, മണിപ്പാറ, പരിക്കളം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. അയ്യംകുന്ന് പഞ്ചായത്തിലെ എടപ്പുഴ, കളിത്തട്ടുംപാറ എന്നിവിടങ്ങളിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ആളപായമില്ലെങ്കിലും വന്‍ കൃഷിനാശം നേരിട്ടു. പാറക്കാമലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന 14 കുടുംബങ്ങളിലെ 50ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരെ വാണിയപ്പാറ ഉണ്ണിമിശിഹ പള്ളിയിലേക്കാണ് മാറ്റിയത്.
എടപ്പുഴയിലെ 80 പേരെ കരിക്കോട്ടക്കരി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കൊട്ടിയൂര്‍ പഞ്ചായത്തിലെ ചാപ്പമലയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. കൊട്ടിയൂര്‍ എന്‍എസ്എസ്‌യുപി സ്‌കൂളിനു സമീപത്തുകൂടിയാണ് കല്ലുംമണ്ണും ഒഴുകിയെത്തിയത്. ഇതോടെ കുട്ടികളെ സമീപത്തെ എസ്എന്‍യുപി സ്‌കൂളിലേക്ക് മാറ്റി അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. പാല്‍ ചുരത്ത് മണ്ണിടിഞ്ഞ് പോലിസ് വാഹനം കുടുങ്ങി. ആറളം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ബാവലിപ്പുഴ നിറഞ്ഞുകവിഞ്ഞു. പാലപ്പുഴ പാലം നിറഞ്ഞുകവിഞ്ഞതിനാലും ഓടന്തോട് പുഴയില്‍ നിന്ന് റോഡിലേക്ക് വെള്ളം കയറിയതിനാലും ആറളം ഫാം ഒറ്റപ്പെട്ടു. ഫാമിലെ ഒന്ന്, രണ്ട്, ബ്ലോക്കുകളില്‍ കുടുങ്ങിപ്പോയ 30ഓളം തൊഴിലാളികളെ സാഹസികമായാണ് പുറത്തെത്തിച്ചത്. ആറളം, മണത്തണ മലയോര ഹൈവേ അടച്ചു. പാലപ്പുഴയ്ക്കു സമീപം ഹൈവേ റോഡില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്. അപകട ഭീഷണിയറിയാതെ ഇതിലൂടെ വരികയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് ഉരുള്‍പൊട്ടലിനു സമാനമായ മണ്ണിടിച്ചലില്‍ ഇരുനില കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ഒന്നാംനില ഭൂമിയിലേക്ക അമര്‍ന്നുപോയപ്പോള്‍ രണ്ടാംനില നിലംപൊത്തി. പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമി വീണ്ടുകീറി നില്‍ക്കുന്നതിനാല്‍ 8 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വട്ട്യാംതോട്, പൊയൂര്‍ക്കരി, മാട്ടറ, വയത്തൂര്‍, പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാത്തതിനാല്‍ പരിപ്പുതോടില്‍ വെള്ളംകയറി. വിയറ്റ്‌നാം കോളനിയിലെ വിദ്യാര്‍ഥികളെ നാട്ടുകാരാണ് വീടുകളിലെത്തിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss