|    Aug 23 Wed, 2017 8:04 am
FLASH NEWS

ഇരിട്ടി താലൂക്കില്‍ ബിപിഎല്ലിലേക്ക് മാറ്റാനുള്ള അപേക്ഷ 1500 കടന്നു

Published : 9th August 2017 | Posted By: fsq

 

ഇരിട്ടി: റേഷന്‍ കാര്‍ഡില്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇരിട്ടി താലൂക്കില്‍ 1500ഓളം പേരാണ് എപിഎല്‍ വിഭാഗത്തില്‍ നിന്നു ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടാനായി താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എപിഎല്ലില്‍ നിന്നു ബിപിഎല്ലിലേക്ക് മാറ്റാനോ, അനര്‍ഹര്‍ മുന്‍ഗണന ലിസ്റ്റില്‍ നിന്നു സ്വയം ഒഴിവാകാനും അപേക്ഷ നല്‍കുന്നതിന് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. പുതിയ റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താനോ മറ്റോ ഇപ്പോള്‍ സംവിധാനം ഒന്നുമില്ല. സംസ്ഥാനത്തൊട്ടാകെ റേഷന്‍ കാര്‍ഡിന്റെ വിതരണം പൂര്‍ത്തിയാവുന്നതുവരെ റേഷന്‍ കാര്‍ഡ് മാനേജ് സിസ്റ്റം നിശ്ചലമാക്കി നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കരള്‍, വൃക്ക, ഹൃദയസംബന്ധമായ അസുഖം ബാധിച്ചവര്‍, മാസവരുമാനം 25,000 രൂപയില്‍ താഴെയുള്ളവര്‍, ഒരേക്കറില്‍ താഴെ ഭൂമിയുള്ളവര്‍, 1000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വീടുള്ളവര്‍, വരുമാന നികുതി അടയ്ക്കാത്തവര്‍, വിധവകള്‍ എന്നിവരെയാണ് ബിപിഎല്‍ ലിസ്റ്റിലേക്ക് പരിഗണിക്കുക. ഇതെല്ലാം തെളിയിക്കുന്ന മൂന്നുമാസത്തിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. എന്നാല്‍ വെള്ളക്കടലാസില്‍ ഒരപേക്ഷ മാത്രം സമര്‍പ്പിച്ച് മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് പലരും. അപേക്ഷയോടൊപ്പം മറ്റ് രേഖകകളൊന്നും ഭൂരിഭാഗം പേരും ഹാജരാക്കിയിട്ടില്ലെന്നാണ് സപ്ലൈ അധികൃതര്‍ പറയുന്നത്.ബിപിഎല്‍ ലിസ്റ്റില്‍ നിന്നു പൊതുവിഭാഗത്തിലേക്ക് മാറാന്‍ സ്വയം അപേക്ഷ സമര്‍ച്ചവര്‍ താലൂക്കില്‍ 403 പേരാണ്. ഇതില്‍ 115 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. 23 പെന്‍ഷന്‍കാരും 265 പേര്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. സബ്‌സീഡി ആനുകൂല്യം കൈപ്പറ്റുന്ന അനര്‍ഹരില്‍ 203 പേര്‍ പൊതുവിഭാഗത്തിലേക്ക് മാറാനും സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സബ്‌സിഡി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ 132 പേര്‍ സര്‍ക്കാര്‍ ജീവനക്കാരും 25 പേര്‍ പെന്‍ഷന്‍കാരുമാണ്. മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്താനായി താലൂക്ക് സപ്ലൈ ഓഫിസര്‍ വൈ നൗഷാദിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വീടുകളില്‍ മിന്നല്‍ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. പരിശോധനയില്‍ ഇതുവരെ 30ഓളം അനര്‍ഹരെ കണ്ടെത്തി ജനറല്‍ വിഭാഗത്തിലേക്ക്്് മാറ്റാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. സര്‍ക്കാറിന്റെ പൊതുനിര്‍ദേശം ഉണ്ടായിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ നിന്നു സ്വയം മാറാന്‍ തയ്യാറാവാത്ത അനര്‍ഹര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക