|    Aug 18 Sat, 2018 8:25 am
FLASH NEWS

ഇരിട്ടിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍: സര്‍വകക്ഷി പരിശോധന 13ന്

Published : 9th August 2018 | Posted By: kasim kzm

ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണ ഭാഗമായി ഇരിട്ടി ടൗണ്‍ റോഡ് വികസിപ്പിക്കാനായി കൈയേറിയ റവന്യൂ ഭൂമി ഒഴിപ്പിക്കുന്നതിനു മുന്നോടിയായി കെട്ടിട ഉടമകളെ കൂടി അറിയിച്ച് സംയുക്ത പരിശോധന നടത്തി കൈയേറ്റം ബോധ്യപ്പെടുത്താന്‍ സര്‍വ കക്ഷിയോഗത്തില്‍ ധാരണ. കെട്ടിട ഉടമകളെ വ്യപാരികള്‍ തന്നെ അറിയിക്കും. 13ന് രാവിലെ 10 മുതല്‍ റവന്യൂ ഉദ്യേഗസ്ഥരും കെഎസ്ടിപി പ്രതിനിധികളും സര്‍വകക്ഷി പ്രതിനിധികളും വ്യാപാരികളും ചേര്‍ന്ന് നേരത്തെ താലൂക്ക് സര്‍വേ വിഭാഗം കൈയേറ്റം കണ്ടെത്തി അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍ പരിശോധിക്കും. കൈയേറ്റം ഒഴിപ്പിക്കും മുമ്പ് കെട്ടിട ഉടമകളെ കൂടി വിവരം അറിയിക്കണമെന്ന വ്യാപാരി പ്രതിനിധികളുടെ നിര്‍ദേശം അംഗീകരിച്ചാണ് യോഗത്തില്‍ സംയുക്ത പരിശോധന നടത്താമെന്ന തീരുമാനത്തിലെത്തിയത്.
പല കെട്ടിടങ്ങളും ഒന്നില്‍ കൂടുതല്‍ ആളുകളുടെ കൈവശമാണെന്നും ഉടമകളെ പത്രങ്ങള്‍ വഴിയും വ്യാപാരികള്‍ നേരിട്ടു ബന്ധപ്പെട്ടും വിവരം അറിയിക്കാമെന്നും ധാരണയായി. ബക്രീദ്-ഓണത്തിരക്കുകള്‍ കഴിഞ്ഞ് സപതംബര്‍ ഒന്നുമുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വ്യാപാരികള്‍ കൈയേറ്റം പൊളിച്ചുനീക്കണമെന്നും കൈയേറ്റം സംബന്ധിച്ച് ഉടമകള്‍ക്ക് സംശയമുണ്ടെങ്കില്‍ ദൂരീകരിക്കാന്‍ ബന്ധപ്പെടാമെന്നും തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു.
കൈയേറ്റം ഒഴിപ്പിക്കുന്നത് നീണ്ടുപോവരുതെന്നും റോഡ് വികസനത്തെ ബാധിക്കരുതെന്നും യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. നേരത്തേ തഹസില്‍ദാരുടെ നേതൃത്വത്തില്‍ താലൂക്ക് സര്‍വേ വിഭാഗം നടത്തിയ സര്‍വേയില്‍ ഇരിട്ടി പാലം മുതല്‍ പയഞ്ചേരി വരെയുള്ള ഭാഗങ്ങളില്‍ റോഡിനോട് ചേര്‍ന്നുള്ള റവന്യൂ ഭൂമി കൈയേറിയതാണെന്നു കണ്ടെത്തിയിരുന്നു. ഇരിട്ടി പുതിയ പാലം മുതല്‍ പയഞ്ചേരി വരെയുള്ള ഭാഗങ്ങളില്‍ റവന്യൂ ഭൂമി വ്യാപകമായി കൈയേറിയതായി പരാതിയുയര്‍ന്നിരുന്നു. ടൗണ്‍ വികസനത്തിന് ഉപയോഗിക്കേണ്ട സ്ഥലത്തേക്ക് നിലവിലുള്ള കെട്ടിടങ്ങളുടെ മുന്‍വശം കൂട്ടി നിര്‍മിച്ച് വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. പുതിയ പാലം പൂര്‍ത്തിയാവുന്നതോടെ ടൗണ്‍ റോഡിന്റെ ഘടനയിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചയാത്തംഗം തോമസ് വര്‍ഗീസ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, വ്യാപാരി പ്രതിനിധികളായ അയ്യൂബ് പൊയിലന്‍, റെജി തോമസ്, കെ അബ്ദുര്‍റഹ്മാന്‍, കുഞ്ഞിമൂസ ഹാജി, പി കെ മുസ്തഫ ഹാജി, ഹാഷിം, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ കെ ശ്രീധരന്‍, പായം ബാബുരാജ്, ജോര്‍ജ് കുട്ടി ഇരുമ്പുകുഴി, ഇബ്രാഹീം മുണ്ടേരി, കെ മുഹമ്മദലി, കെഎസ്ടിപി അസി. എന്‍ജിനീയര്‍ കെ സതീശന്‍, താലൂക്ക് ഹെഡ് സര്‍വേയര്‍ മുഹമ്മദ് ഷരീഫ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss