|    Apr 23 Mon, 2018 7:48 am
FLASH NEWS

ഇരിട്ടിയിലെ അനധികൃത പാര്‍ക്കിങും നടപ്പാത കൈയേറ്റവും തടയാന്‍ തീരുമാനം

Published : 24th January 2016 | Posted By: SMR

ഇരിട്ടി: ടൗണില്‍ അനധികൃത പാര്‍ക്കിങിനും നടപ്പാത കൈയേറ്റത്തിനുമെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. ഇരിട്ടി പാലത്തിലും ടൗണിലും ഉണ്ടാകുന്ന ദീര്‍ഘ നേരത്തെ ഗതാഗകുരുക്കിന് പ്രധാന കാരണം അനധികൃത പാര്‍ക്കിങാണെന്ന് യോഗം വിലയിരുത്തി. പുലര്‍ച്ചെ ടൗണില്‍ കൊണ്ടുവന്നിടുന്ന ചില സ്വകാര്യകാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിറ്റേദിവസം പുലര്‍ച്ചെയായാലും മാറ്റാറില്ല. ഇത്തരം വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. ടൗണില്‍ ഓട്ടോ-ടാക്‌സികള്‍ക്ക് പുറമെ എയ്‌സ് ഓട്ടോകള്‍ക്കും പാര്‍ക്കിങ് കണ്ടെത്തും. ഇരിട്ടി പഴയ സ്റ്റാന്റ് പരിസരത്ത് കീഴ്പ്പള്ളി, ഉളിക്കല്‍, കൂട്ടുപുഴ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം കുറച്ച് കൂടി മുന്നോട്ട് കയറ്റി നിര്‍ത്തും.
റോഡരികിലെ വഴിയോര വാണിഭങ്ങള്‍ക്ക് പുറമെ, ഇരിട്ടി പാലം മുതല്‍ പഴയ പോസ്‌റ്റോഫിസ് പരിസരം വരെ റോഡിനിരുവശത്തുമുള്ള വ്യാപാരികള്‍ നടപ്പാത കൈയേറി ബാഗുകള്‍, കുടകള്‍ പോലുള്ളവ തൂക്കിയിടുന്നതിനാല്‍ യാത്രക്കാര്‍ക്ക് നടക്കാനാവുന്നില്ല. ഇതു കാരണം പലരും റോഡിലിറങ്ങി നടക്കേണ്ടതായും ഇത് അപകട കാരണമാകുന്നതായും യോഗം വിലയിരുത്തി. നഗരസഭയുടെ ഭാഗത്തുനിന്നു പിന്തുണയുണ്ടായാല്‍ പോലിസിന്റെ ഭാഗത്തുനിന്നും കര്‍ശന നടപടി ഉണ്ടാവുമെന്ന് സ്വാകാര്യവാഹന പാര്‍ക്കിങിനു പേ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഡിവൈഎസ്പി പി സുകുമാരന്‍ ആവശ്യപ്പെട്ടു.
വര്‍ധിച്ച് വരുന്ന വാഹന പെരുപ്പവും സ്ഥല പരിമിതിയും കണക്കിലെടുത്ത് നഗരസഭയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പോലിസ് നടപടിക്ക് എല്ലാവിധ പിന്തുണയും നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍ വാഗ്ദാനം ചെയ്തു. ഇരിട്ടി സിഐ വി വി മനോജ്, എസ്‌ഐമാരായ കെ സുധീര്‍, അനന്തകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സംഘടന-വ്യാപാരി പ്രതിനിധികളും ജനപ്രതിനികളുമായ വി മോഹനന്‍, പി പി ഉസ്മാന്‍, കെ കുഞ്ഞിമൂസ, കെ മുരളി, കെ സരസ്വതി, സി മുഹമ്മദലി, പി എ നസീര്‍, കെ അബ്ദുര്‍ റഷീദ്, എന്‍ വി രവീന്ദ്രന്‍, കെ അബ്ദുന്നാസിര്‍, പായം ബാബുരാജ്, സത്യന്‍ കൊമ്മേരി, പി അശോകന്‍, ആര്‍ കെ മോഹന്‍ദാസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss