|    Jul 27 Thu, 2017 2:25 am
FLASH NEWS

ഇരിങ്ങാലക്കുട കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 9th October 2016 | Posted By: SMR

ഇരിങ്ങാലക്കുട: ഭാരതി എയര്‍ടെല്ലിന് ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിന് റോഡ് കട്ടിങ്ങിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ബഹളമയമായി.ചെയര്‍പേഴ്‌സണും സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷം. ഇരുവരും തമ്മിലുള്ള ഭിന്നത മൂലം കബളിക്കപ്പെടുന്നത് ജനങ്ങളാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സപ്ലിമെന്ററി അജണ്ടയായി എയര്‍ടെല്ലിന് അനുമതി നല്‍കിയിരുന്നതാണെന്നും, ഈ യോഗത്തില്‍ വീണ്ടും അജണ്ടയായി കൊണ്ടു വരേണ്ടതില്ലെന്നുമാണ് പ്രതിപക്ഷാംഗങ്ങള്‍ സ്വീകരിച്ച നിലപാട്.
എന്നാല്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സപ്ലിമെന്ററി അജണ്ടയായി വിഷയം കൊണ്ടു വന്നിട്ടില്ലെന്നായിരുന്നു ഭരണകക്ഷിയംഗങ്ങളുടെ നിലപാട്. ഇതേ ചൊല്ലി ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഏറെ നേരം വാഗ്വാദം തുടര്‍ന്നു.
എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ ഒരു അജണ്ട കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചാല്‍ വീണ്ടും അവതരിപ്പിക്കുന്നത് ആറു മാസത്തിനു ശേഷം മാത്രമെ കഴിയുവെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ വിഷയം അജണ്ടയായി കൗണ്‍സില്‍ യോഗത്തില്‍ കൊണ്ടു വന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഒരു ഘട്ടത്തില്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വിഷയം അവതരിപ്പിച്ചിട്ടില്ലെന്നും സെക്രട്ടറി തന്നിഷ്ട പ്രകാരം അവതരിപ്പിച്ചതാണന്നും കുറ്റപ്പെടുത്തി.
ഇരു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ സപ്ലിമെന്ററി അജണ്ടയില്‍ വിഷയം ഇല്ലെന്ന് ഭരണകക്ഷിയംഗങ്ങളായ അഡ്വ വി സി വര്‍ഗീസ്, എം ആര്‍ ഷാജു, കുരിയന്‍ ജോസഫ് എന്നിവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ചെയര്‍പേഴ്‌സണും സെക്രട്ടറിയും തമ്മിലുള്ള ഭിന്നതയാണ് വീണ്ടും അജണ്ട കൗണ്‍സില്‍ യോഗത്തില്‍ വരാനുണ്ടായ സാഹചര്യമെന്ന് ബിജെപി അംഗം സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി സി വര്‍ഗീസ് ഭാരതി എയര്‍ടെല്ലില്‍ നിന്നും ഈടാക്കാവുന്ന ഫീസ് മാത്രമാണ് ചൂണ്ടിക്കാട്ടിയുട്ടള്ളതെന്നും തറവാടക കൂടി ഈടാക്കണമെന്നും ചൂണ്ടിക്കാട്ടി നടത്തിയ സമവായ നീക്കമാണ് ഇരു വിഭാഗത്തെയും ശാന്തരാക്കിയത്. മീറ്ററിന് ഇരുന്നൂറു രൂപ നിരക്കില്‍ തറവാടക ഈടാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്.
ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ച ശേഷം റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് കമ്പനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയാണന്നും ചെയര്‍പേഴസ്ണ്‍ നിമ്യ ഷിജു പറഞ്ഞു. എന്നാല്‍ പൊതുമരാമത്ത് പണികളുടെ ചുമതല എഞ്ചിനിയറിങ്ങ് വിഭാഗത്തിനാണന്നായിരുന്നു സെക്രട്ടറി ബീന എസ് കുമാറിന്റെ മറുപടി. എന്നാല്‍ സെക്രട്ടറി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറരുതെന്നും മേല്‍നോട്ടം വഹിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക