|    Jun 29 Thu, 2017 2:40 pm
FLASH NEWS

ഇരിങ്ങാലക്കുട കൊച്ചുപോള്‍ വധക്കേസ്: പ്രതി കുറ്റക്കാരന്‍

Published : 1st November 2016 | Posted By: SMR

തൃശൂര്‍: പ്രമാദമായ ഇരിങ്ങാലക്കുട തുമ്പൂര്‍ കൊച്ചുപോള്‍ (77) വധക്കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആനി ജോണ്‍ കണ്ടെത്തി. ശിക്ഷാവിധി നവംബര്‍ രണ്ടിലേക്ക് മാറ്റി. തുമ്പൂര്‍ സ്വദേശിയായ പാറോക്കാരന്‍ വറീത് മകന്‍ കൊച്ചുപോളിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കല്ലൂര്‍ മാവിന്‍ചുവട് വടക്കുഞ്ചേരി ടോണി എന്ന തോമസിനെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന കൊച്ചുപോളിനെ സഹോദരീപുത്രനായ പ്രതി വെട്ടിക്കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2011 നവംബര്‍ 16 പുലര്‍ച്ചെ നാലിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഒറ്റയ്ക്കു താമസിച്ചിരുന്ന കൊച്ചുപോളിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു കൊലപാതകം. കൂട്ടുപ്രതിയായിരുന്ന എറണാകുളം കഞ്ഞൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജോസഫി (19) നെ കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു. കൂട്ടുപ്രതിയെ മാപ്പുസാക്ഷിയാക്കി കൊലപാതക കേസില്‍ വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. സിജെഎം കോടതിയുടെ ഉത്തരവുപ്രകാരമാണ് മാപ്പുസാക്ഷിയാക്കിയത്. ഇയാള്‍ പ്രോസിക്യൂഷന് അനുകൂലമായ കോടതിയില്‍ മൊഴിനല്‍കുകയും ചെയ്തു. വിചാരണ തുടങ്ങിയ ദിവസം മുതല്‍ പ്രതി ജയിലിലാണ്. ഇടക്കാലത്ത് പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ മാപ്പുസാക്ഷിയും കൂട്ടുപ്രതിയുമായ ജോസഫിനെ ഭീഷണിപ്പെടുത്തിയതിനാല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രിംകോടതിയും പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇരിങ്ങാലക്കുട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ ടിഎസ് സിനോജാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തിനു പുറമെ കവര്‍ച്ച, അതിക്രമിച്ചു കടക്കല്‍ എന്നീ വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായിട്ടാണ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 29 സക്ഷികളെ വിസ്രതിച്ചു. 87 രേഖകള്‍ ഹാജരാക്കുകയും കൊച്ചുപോളിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച വെട്ടുകത്തിയടക്കം 15 തൊണ്ടികളും ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയലിലേക്കയച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഡ്വ. ബബില്‍ രമേഷ് എന്നിവര്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക