|    Jan 18 Wed, 2017 5:42 pm
FLASH NEWS

ഇരിക്കൂറില്‍ കെ സി ജോസഫിനെതിരേ കോണ്‍ഗ്രസ് വിമതന്‍; അഡ്വ. ബിനോയ് തോമസ് ഇന്നു പത്രിക നല്‍കും

Published : 28th April 2016 | Posted By: SMR

കണ്ണൂര്‍: തുടര്‍ച്ചയായ എട്ടാംതവണയും ഇരിക്കൂറില്‍ നിന്നു യുഡിഎഫ് ടിക്കറ്റില്‍ മല്‍സരിക്കുന്ന മന്ത്രി കെ സി ജോസഫിനെതിരേ കര്‍ഷക കോണ്‍ഗ്രസ് നേതാവ് വിമതവേഷത്തില്‍ മല്‍സരിക്കുന്നു. കര്‍ഷക കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റും ജനശ്രീ ജില്ലാ കോ-ഓഡിനേറ്ററുമായ കരുവഞ്ചാലിലെ അഡ്വ. ബിനോയ് തോമസാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. എഐസിസിയെയും കെപിസിസിയെയും വെല്ലുവിളിച്ച് വീണ്ടും സ്ഥാനാര്‍ഥിത്വം നേടിയെടുത്ത കെ സി ജോസഫിനെതിരേ പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ളവരുടെ പിന്തുണയോടെയാണ് മല്‍സരിക്കുന്നതെന്ന് അഡ്വ. ബിനോയ് തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തേ കെ സി ജോസഫിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവച്ച മണ്ഡലത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെയും ഫേസ്ബുക്ക് കൂട്ടായ്മയുടെയും പിന്തുണയോടെ പൊതുസ്വതന്ത്രനായാണ് മല്‍സരിക്കുന്നത്. കെ സി ജോസഫിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച അഡ്വ. ബിനോയ് തോമസ് ഇന്നു പത്രിക നല്‍കുമെന്നും അറിയിച്ചു.
34 വര്‍ഷമായി ഇരിക്കൂറില്‍ നിന്ന് എംഎല്‍എയായിട്ടും മണ്ഡലത്തിലെ വികസനത്തിനു വേണ്ടി ഒന്നും ചെയ്യാത്തതിനാലും പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതിലും പ്രതിഷേധിച്ചാണ് പൊതുസ്വതന്ത്രനായി മല്‍സരിക്കുന്നത്. ഇതേത്തുടര്‍ന്ന്, നേരത്തേ സ്ഥാനം രാജിവച്ച ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ മല്‍സരത്തില്‍ നിന്നു പിന്‍മാറി. കോട്ടയം സ്വദേശിയായ കെ സി ജോസഫിനെ ഇക്കുറി ഇരിക്കൂറില്‍ മല്‍സരിപ്പിക്കരുതെന്ന് ഹൈക്കമാന്‍ഡിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. മണ്ഡലത്തിലെ കാര്യങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലായതിനാലാണ് രാഹില്‍ ഗാന്ധി കെ സിയുടെ പേര് സ്ഥാനാര്‍ഥിപട്ടികയില്‍ നിന്ന് മാറ്റിയത്. എന്നാല്‍ ഭീഷണിയിലൂടെ സ്ഥാനാര്‍ഥിത്വം നേടുകയായിരുന്നു. കെ സിയുടെ യൗവനകാലത്ത് നടപ്പാക്കാനാവാത്ത വികസനം വയോവൃദ്ധനായാല്‍ നടപ്പാക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു. നേരത്തേ രാജിവച്ച അബ്ദുല്‍ഖാദര്‍, ഇരിക്കൂറില്‍ പൂച്ചയ്ക്കാര് മണികെട്ടും എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ എം എം തോമസ്, സേവാദള്‍ നേതാക്കളായ ജെയിംസ് കുറ്റിയാനി, സിജു ജോസഫ് എന്നിവരാണു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിരവധി പേര്‍ പാര്‍ട്ടി സ്ഥാനം രാജിവച്ച് നമ്മോടൊപ്പം ചേരാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം രാജിവയ്‌ക്കേണ്ടെന്ന് പറഞ്ഞ് വിലക്കുകയായിരുന്നുവെന്ന് ബിനോയ് തോമസ് പറഞ്ഞു. കാര്‍ഷിക മേഖല തകരുമ്പോള്‍ ടൂറിസം മേഖലയിലൂടെ വികസനം നടപ്പാക്കാന്‍ നിര്‍ദേശിച്ചെങ്കിലും വെറും സന്ദര്‍ശകനായ കെ സി ജോസഫിന് ഇതിലൊന്നും ഇടപെടാനാവുന്നില്ല.
റോഡുകളും മറ്റും വികസന മുരടിപ്പിന്റെ അടയാളങ്ങളാണ്. സമീപ മണ്ഡലങ്ങളില്‍ അഞ്ച് എംഎല്‍എമാര്‍ വന്നപ്പോള്‍ ഇരിക്കൂറില്‍ ഒരേമുഖമാണെന്നും ഇവര്‍ ആരോപിച്ചു. പൂച്ചയ്ക്കാര് മണികെട്ടും എന്ന ഫേസുബുക്ക് കൂട്ടായ്മയില്‍ 14000 പേര്‍ അംഗങ്ങളാണ്. സിറ്റിങ് എംഎല്‍എയുടെ വികസനവിരുദ്ധതയ്‌ക്കെതിരേ ഇവരുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കും.
മണ്ഡലത്തിലെ ഒരാളെ തന്നെ സ്ഥാനാര്‍ഥിയാക്കുന്നതു വഴി കോണ്‍ഗ്രസ് നേതൃത്വത്തിനു മറുപടി കൂടിയാണ് ഇവര്‍ നല്‍കുന്നത്.
എന്നാല്‍ ഇടതുപക്ഷവുമായി യാതൊരു വിധ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. നേരത്തേ വിമത പ്രവര്‍ത്തനത്തിനു കോണ്‍ഗ്രസ് പുറത്താക്കിയ അഡ്വ. കെ ജെ ജോസഫും ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പ് യുഡിഎഫില്‍ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐയിലെ കെ ടി ജോസാണ് മല്‍സരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക