|    Jul 21 Sat, 2018 1:55 am
FLASH NEWS

ഇരിക്കൂറില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം

Published : 22nd September 2017 | Posted By: fsq

 

ഇരിക്കൂര്‍: ന്യൂ ബീമ ഇലക്ട്രിക്കല്‍ ഷോപ്പിനു സമീപം പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഇരിക്കൂര്‍ ബ്രാഞ്ചിന്റെ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. എടിഎമ്മിന്റെ കംപ്യൂട്ടര്‍ മോണിറ്ററും പണം പുറത്തേക്ക് വരുന്ന കൗണ്ടര്‍ ഭാഗവും പൂര്‍ണമായും തകര്‍ത്തെങ്കിലും പണം മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ബാങ്ക് കെട്ടിടത്തിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ ഗോഡൗണിനടുത്ത മുറിയില്‍ താമസിക്കുന്ന ജീവനക്കാരനാണ് എടിഎം കൗണ്ടര്‍ തകര്‍ക്കുന്ന ശബ്ദം കേട്ടത്. ഉടനെ പുറത്തിറങ്ങി ബഹളംവച്ചതോടെ ലോക്കര്‍ തകര്‍ത്ത പ്രതികള്‍ പണമെടുക്കാതെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ബുള്ളറ്റ് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ എടിഎം കൗണ്ടറിന്റെ സമീപത്തെ നൂരിയ മസ്ജിദിനു സമീപം ബൈക്ക് നിര്‍ത്തിയാണ് കവര്‍ച്ചയ്‌ക്കെത്തിയത്. പ്രതികളിലൊരാള്‍ എടിഎം കൗണ്ടറിനു വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ഇബിയുടെ ജീപ്പില്‍ കയറിയിരുന്നു. എടിഎമ്മിന്റെ മോണിറ്ററും മറ്റും തകര്‍ക്കുന്ന ശബ്ദം കേള്‍ക്കാതിരിക്കാനായി ജീപ്പിന്റെ വാതില്‍ തുറന്നും അടച്ചും കൊണ്ടിരുന്നത്രെ. പുലര്‍ച്ചെ 3.30ഓടെ ബാങ്ക് കെട്ടിടത്തിനു മുകളിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ബീമ ഇലക്ട്രിക്കല്‍സ് കടയിലെ ജീവനക്കാരന്‍ തുടര്‍ച്ചയായ ശബ്ദംകേട്ട് പുറത്തിറങ്ങി അന്വേഷിച്ചു. ജീപ്പിന്റെ ഡോര്‍ തകരാറിലാണെന്നും അടയുന്നില്ലെന്നും തണുത്ത വെള്ളമുണ്ടെങ്കില്‍ തരണമെന്നും സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.കെഎസ്ഇബി ജീവനക്കാരായിരിക്കുമെന്നു കരുതി കൂടുതലൊന്നും അന്വേഷിക്കാതെ ഇലക്ട്രിക്കല്‍സ് കടയിലെ ജീവനക്കാരന്‍ മുറിയില്‍ പോയി കിടന്നുറങ്ങി. പുലര്‍ച്ചെ നാലോടെ ഇരിക്കൂര്‍ എസ്‌ഐ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പട്രോളിങിനെത്തിയ ശേഷമാണ് എടിഎം കവര്‍ച്ചാശ്രമം അറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ 2 മുതല്‍ 3.20വരെ മുഖം മൂടിധാരികളായ രണ്ടുപേര്‍ എടിഎം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എടിഎമ്മിലെയും സമീപത്തെ മറ്റൊരു കടയിലെ സിസിടിവിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടുമാണ് പ്രതികളുടെ വേഷം. രാവിലെ കണ്ണൂരില്‍നിന്ന് ഡോഗ് സ്്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. എടിഎം കൗണ്ടറില്‍നിന്ന് മണം പിടിച്ച പോലിസ് നായ മസ്ജിദിന് സമീപത്തെ അഞ്ചുവീടുകളുടെ സമീപത്തൂകൂടി ഓടി. കനറാ ബാങ്കിന്റെ റീജ്യനല്‍ ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥരെത്തി. എടിഎം കൗണ്ടറില്‍നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സിഐ എ വി ജോണ്‍, ഇരിക്കൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ രജീഷ് തെരുവത്തുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘമെത്തി അന്വേഷണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss