|    Oct 15 Mon, 2018 8:15 pm
FLASH NEWS

ഇരിക്കൂര്‍ മേഖലയിലും പരക്കെ നഷ്ടം

Published : 19th September 2017 | Posted By: fsq

 

ഇരിക്കൂര്‍: കനത്ത മഴയില്‍ ഇരിക്കൂര്‍ പുഴയില്‍ ജലവിതാനം വന്‍ തോതില്‍ ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണിയിലായി. കൃഷിയിടങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വിളഞ്ഞ് കൊയ്‌തെടുക്കാറായ നെല്ലുകളെല്ലാം വെള്ളത്തില്‍ വീണ് ചീയുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും വെള്ളക്കെട്ടുകളില്‍ കുടുങ്ങിയിട്ടുണ്ട്. ഏതാനും കടകളിലേക്കും വെള്ളം കയറി. ഒരു മാസം മുമ്പ് ടാറിങ് ചെയ്ത് നന്നാക്കിയ പൂഞ്ഞിടുക്ക് നിടുവള്ളൂര്‍ പുഴക്കര റോഡ് നെടുകെ പിളര്‍ന്ന് തകര്‍ന്നു. റോഡ് പുഴയിലേക്ക് അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. ഇതോടെ ഇതുവഴിയുളള വാഹന ഗതാഗതവും കാല്‍നടയാത്രയും ദുരിതത്തിലായി. പൂഞ്ഞിടുക്ക് റോഡിന്റെ താഴ്ഭാഗം വെള്ളത്തില്‍ മുങ്ങി. വണ്ടിത്താവളത്തെ എഎംഐ സ്‌കൂളിന് സമീപത്തെ ജല അതോറിറ്റിയുടെ പഴയ പമ്പിങ് കിണര്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഓവുചാലുകളും തോടുകളും വെള്ളം നിറഞ്ഞുകവിഞ്ഞു. സിദ്ദീഖ് നഗര്‍ മുഹിയുദ്ധീന്‍ പള്ളി ജങ്ഷന്‍, പാറ്റക്കല്‍, കല്യാട് കോളജ് മേഖല, ആലംമുക്ക്, ബ്ലാത്തൂര്‍, ചേടിച്ചേരി എല്‍പി സ്‌കൂള്‍ പരിസരം, ദേശമിത്രം യുപി സ്‌കൂള്‍, മൊടക്കൈപറമ്പ് എന്നിവിടങ്ങളില്‍ ഉയരത്തില്‍ വെള്ളക്കെട്ടുകളായതിനാല്‍ ഗതാഗതം ദുഷ്‌കരമായി. മഴയില്‍ കൃഷി നശിച്ച ചേടിച്ചേരി കിടാശി വയല്‍, വെള്ളുവവയല്‍, ചേടിച്ചേരി വയല്‍ എന്നീ പ്രദേശങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍, വാര്‍ഡ് മെംബര്‍ എം വി പ്രേമലത, കൃഷി ഓഫിസര്‍ ഡോ. പി ടി ഷീബ, കൃഷി അസിസ്റ്റന്റ് എം അനില്‍ കുമാര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss