|    Aug 19 Sat, 2017 7:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇരയെ പരിഗണിക്കാത്ത ‘ഉത്തമ’താല്‍പര്യങ്ങള്‍

Published : 15th March 2017 | Posted By: mi.ptk

കെ  എന്‍  നവാസ്  അലി

പാലായ്ക്കടുത്ത് ചേര്‍പ്പുങ്കലി ല്‍ കോണ്‍വെന്റിനോടു ചേര്‍ന്ന് ഉണ്ണിയേശുവിന്റെ നാമത്തിലുള്ള ബാലഭവനുണ്ട്. അമ്മത്തൊട്ടിലില്‍ നിന്നു ലഭിക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ബാലഭവനില്‍ ആയമാരും അമ്മമാരും കന്യാസ്ത്രീകളാണ്. എന്നിട്ടുപോലും ഇവിടുത്തെ കുഞ്ഞുങ്ങളെ ചില കന്യാസ്ത്രീകള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. വിവിധ കാരണങ്ങളുടെ പേരില്‍ കുഞ്ഞുങ്ങളെ  മര്‍ദനത്തിനിരയാക്കുന്ന കാര്യം പുറംലോകമറിഞ്ഞു. സ്വാഭാവികമായും പരാതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നിലെത്തി. സിഡബ്ല്യൂസി അധികൃതരുടെ അന്വേഷണത്തില്‍ പരാതി ശരിയെന്നു കണ്ടെത്തുകയും ചെയ്തു. പല കന്യാസ്ത്രീകളും കുട്ടികളോട് ക്രൂരമായാണു പെരുമാറുന്നത് എന്നും കമ്മിറ്റിക്ക് മനസ്സിലായി. പക്ഷേ, കുറ്റക്കാര്‍ക്കെതിരേ ഒരു നടപടിയുമുണ്ടായില്ല. കേസെടുക്കേണ്ടത് സഭ നടത്തുന്ന അനാഥാലയത്തിനെതിരേ ആയതിനാല്‍ സിഡബ്ല്യൂസിയുടെ നിയമങ്ങളും കടമകളുമൊക്കെ അധികൃതര്‍ തല്‍ക്കാലം മറന്ന് നല്ല കുഞ്ഞാടുകളായി. അനാഥ മക്കളെ തല്ലിയാലും വഴക്കുപറഞ്ഞാലും ചോദിക്കാനാരുമില്ലാത്തതിനാല്‍ ചൈല്‍ഡ് വെ ല്‍ഫെയര്‍ കമ്മിറ്റി കേസ് വിദഗ്ധമായി അവസാനിപ്പിച്ചു. മര്‍ദനത്തിനിരയായ കുട്ടികളെ ബാലഭവനിലേക്ക്, അവരെ സ്ഥിരമായി മര്‍ദിക്കുന്നവരുടെ കൈകളിലേക്കുതന്നെ തിരികെ അയച്ചു. രണ്ടാനച്ഛന്‍ പീഡനത്തിനിരയാക്കിയ 12കാരിയുടെ അവസ്ഥ ഇതിലും ദയനീയമാണ്. സ്ഥിരമായി രണ്ടാനച്ഛന്‍ പീഡിപ്പിക്കുന്ന കാര്യം കുട്ടി സ്‌കൂളി ല്‍ പറഞ്ഞതോടെയാണ് ചൈ ല്‍ഡ് ലൈന്‍ ഇടപെട്ടത്. അവര്‍ പെണ്‍കുട്ടിയെ ചൈല്‍ഡ് വെ ല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പില്‍ ഹാജരാക്കി. കേസുണ്ടായാല്‍ ഭര്‍ത്താവ് ജയിലില്‍ പോവേണ്ടിവരുമെന്നു കണ്ട് കുട്ടിയുടെ അമ്മതന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നിലെത്തി മകളെ വിട്ടുനല്‍കണമെന്ന് അപേക്ഷിച്ചു. രണ്ടാനച്ഛന്റെ വകയായി കുറച്ചു പണം കൂടി ലഭിച്ചതോടെ പെണ്‍കുട്ടിയുടെ ‘ഉത്തമ താല്‍പര്യം പരിഗണിച്ച്’ സിഡബ്ല്യൂസി ചെയര്‍മാനും അംഗങ്ങളും സിറ്റിങിലൂടെ അവളെ അമ്മയ്ക്കുതന്നെ തിരിച്ചുനല്‍കി. അപകടകരമായ ചുറ്റുപാടിലുള്ള വീട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കകം പെണ്‍കുട്ടിയെ വീണ്ടും രണ്ടാനച്ഛന്‍ പീഡിപ്പിച്ചു തുടങ്ങി. ഇതോടെ വീണ്ടും ചൈല്‍ഡ് ലൈന്‍ ഇടപെട്ടു. ഒരിക്കല്‍ കൂടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പില്‍ ഹാജരാക്കി. ചൈല്‍ഡ് ലൈനിലെ മുനഷ്യസ്‌നേഹികള്‍ ഉറച്ച നിലപാട് എടുത്തതോടെ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ അഭയകേന്ദ്രത്തില്‍ താമസസൗകര്യമൊരുക്കി. അമ്മയും സഹോദരങ്ങളും വീടുമുണ്ടെങ്കിലും രണ്ടാനച്ഛനെ ഭയന്ന് ഇപ്പോഴും അഭയകേന്ദ്രത്തില്‍ അന്തേവാസിയായി കഴിയുകയാണ് അവള്‍. അവളെ പീഡിപ്പിച്ച രണ്ടാനച്ഛനാവട്ടെ ഇതുവരെ ഒരു നിയമത്തിന്റെ പിടിയിലും അകപ്പെട്ടിട്ടുമില്ല.അതീവ രഹസ്യമായാണു ചില സിഡബ്ല്യൂസികളിലെ ചെയര്‍മാനും അംഗങ്ങളും കുറ്റാരോപിതരില്‍ നിന്നു പണം ആവശ്യപ്പെടാറുള്ളത്. കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോയാല്‍ അനുഭവിക്കേണ്ടിവരുന്ന ഭവിഷ്യത്തുകളെ സംബന്ധിച്ച് ഭയപ്പെടുത്തും. ഇതിനു പുറമെ സമൂഹത്തിലുണ്ടാവുന്ന മാനഹാനികൂടി ഓര്‍ക്കുമ്പോള്‍ ആവശ്യപ്പെടുന്ന പണം നല്‍കി കേസില്‍ നിന്നു രക്ഷപ്പെടാനാണ് എല്ലാവരും ശ്രമിക്കുക. പ്രതിയുടെ സാമ്പത്തികസ്ഥിതിയും സാമൂഹിക പശ്ചാത്തലവുമൊക്കെ പരിഗണിച്ച് ലക്ഷങ്ങള്‍ വരെയാണ് പലപ്പോഴും ആവശ്യപ്പെടുക. അതീവ രഹസ്യമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തുന്ന ഈ ഇടപാട് പുറത്തറിയുന്നത് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു ലഭിക്കുന്ന ഫോണ്‍ വിളികളിലൂടെയാണ്. പീഡനത്തിനിരയാവുന്നവരെ കസ്റ്റഡിയിലെടുക്കുന്നത് ചൈല്‍ഡ് ലൈന്‍ അധികൃതരായതിനാല്‍ ഇടപാടില്‍ അവര്‍ക്കും പങ്കുണ്ടെന്നാണു പല പ്രതികളുടെയും ധാരണ. കേസ് ഒഴിവാക്കാന്‍ സിഡബ്ല്യൂസി ചെയര്‍പേഴ്‌സന്‍ ആവശ്യപ്പെട്ട തുക വളരെ കൂടുതലാണെന്നും കുറയ്ക്കാന്‍ അദ്ദേഹത്തോടു പറയണമെന്നും അപേക്ഷിച്ചുള്ള ഫോണ്‍വിളികള്‍ മലബാറിലെ ഒരു ജില്ലയിലെ ചൈല്‍ഡ്‌ലൈന്‍ ഓഫിസിലേക്ക് സ്ഥിരമായി എത്താറുണ്ട്. പല കേസുകളിലും കുട്ടിയുടെ ‘ഉത്തമ താല്‍പര്യം’ പരിഗണിച്ച് സിഡബ്ല്യൂസി എടുക്കുന്ന തീരുമാനങ്ങള്‍ക്കു പിന്നില്‍ എത്ര പണമാണു കൈമറിഞ്ഞതെന്ന് ഏറെക്കുറേ ഈ ഓഫിസിലുള്ളവര്‍ക്ക് അറിയാം.ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി സിഡബ്ല്യൂസിക്കു മുന്നിലെത്തുന്ന കേസുകള്‍ സംബന്ധിച്ച് പരിശോധിക്കുകയാണെങ്കി ല്‍ തന്നെ കേസ് ഒതുക്കുന്നതിലെ ഇടപെടലുകള്‍ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. സംസ്ഥാനത്ത് ഓരോ ജില്ലയിലും ചൈല്‍ഡ് ലൈനുകള്‍ വഴി മാത്രം എത്ര കേസുകള്‍ സിഡബ്ല്യൂസിക്ക് മുന്നിലെത്തിയിട്ടുണ്ട് എന്നും അവയുടെ തുടര്‍നടപടികള്‍ എന്തായിരുന്നു എന്നും അന്വേഷണവിധേയമാക്കിയാല്‍ പല സിഡബ്ല്യൂസികളുടെയും തട്ടിപ്പ് പുറത്തറിയും. എന്നാല്‍ അ ര്‍ധ ജുഡീഷ്യല്‍ സ്ഥാപനമാണെന്ന പരിഗണന നല്‍കി സിഡബ്ല്യൂസികളെ നിയന്ത്രിക്കാ ന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്.പീഡിപ്പിക്കപ്പെടുന്ന കുട്ടികളെന്നോ, പിഞ്ചു കുഞ്ഞുങ്ങളെന്നോ വ്യത്യാസമില്ലാതെയാണ് പല കേസുകളിലും സിഡബ്ല്യൂസിയിലെ കഴുകന്‍മാര്‍ പണം പറ്റുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുന്നതിലും സിഡബ്ല്യൂസിയിലെ ചില സാറന്‍മാര്‍ക്ക് അവരുടേതായ രീതികളുണ്ട്. ഒരര്‍ഥത്തില്‍ പിഞ്ചു കുട്ടികളുടെ കരിഞ്ചന്ത വ്യാപാരംതന്നെയാണ് ഇവിടെ നടക്കുന്നത്്.         (അവസാനിക്കുന്നില്ല)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക