|    Jul 21 Sat, 2018 5:14 am
FLASH NEWS

ഇരട്ട വോട്ട് : തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് മെഷീന്‍ തുറന്ന് പരിശോധിച്ചു

Published : 21st September 2017 | Posted By: fsq

 

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് നടന്നെന്ന പരാതിയില്‍ ഹൈദരാബാദില്‍ നിന്നെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദഗ്ദ സമിതി വോട്ടിങ് മെഷീന്‍ തുറന്ന് പരിശോധിച്ചു. വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2011 നവംബര്‍ 5ന് നടന്ന തിരഞ്ഞെടുപ്പില്‍ മുണ്ടത്തിക്കോട് സ്വദേശി കുന്നാട്ട് പറമ്പില്‍ ശ്രീനിവാസന്‍ നഗരസഭയുടെ മുണ്ടത്തിക്കോട് ഡിവിഷനിലും പത്താംകല്ല് ഡിവിഷനിലും വോട്ട് രേഖപ്പെടുത്തിയെന്നും ഇതുമൂലം പത്താംകല്ല് ഡിവിഷനില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മല്‍സരിച്ച താന്‍ ഒരു വോട്ടിന് തോറ്റുവെന്നും ചൂണ്ടിക്കാട്ടി ലൈല അബ്ദുള്‍ അസീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുന്‍സിഫ് കോടതിയുടെ നടപടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്താംകല്ല് ഡിവിഷനില്‍ വാശിയേറിയ മല്‍സരമാണ് നടന്നത് ഇപ്പോഴത്തെ കൗണ്‍സിലര്‍ സി.പി.എം. പ്രതിനിധി നൗഷബ ജബ്ബാര്‍ കോണ്‍ഗ്രസിലെ ലൈല അബ്ദുള്‍ അസീസിനെ ഒരു വോട്ടിനാണ് തോല്‍പ്പിച്ചത്. അന്ന് ശ്രീനിവാസനും ഈ ഡിവിഷനില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. മുണ്ടത്തിക്കോട് 41ാം ഡിവിഷനിലും ശ്രീനിവാസന്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ലൈല അബ്ദുള്‍ അസീസിന്റെ പരാതിയില്‍ ശ്രീനിവാസന്‍ പത്താംകല്ല് ഡിവിഷനില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നാണ് പരിശോധിച്ചത്. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ മോഹന്‍ റെഡി, അസിസ്റ്റന്റ് രാമമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫലം സീല്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ. പോള്‍ ചെയ്തത് 1,073 വോട്ടാണ്. ഇതില്‍ നൗഷബയ്ക്ക് 487 ഉം ലൈല അബ്ദുള്‍ അസീസിന് 486 ഉം ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന സരസ്വതിക്ക് 100ഉം വോട്ടുകളാണ് ലഭിച്ചത്. വിവാദ വോട്ട് നൗഷബയ്ക്കാണെന്ന് ബോധ്യപ്പെട്ടാല്‍ ഈ വോട്ട് അസാധുവാകുകയും നൗഷബയ്ക്ക് ഒരു വോട്ട് കുറയുകയും ചെയ്യും ഇത് നൗഷബയുടെ കൗണ്‍സിലര്‍ സ്ഥാനത്തേയും ബാധിക്കും. ഇടത് അനുഭാവിയാണ് ശ്രീനിവാസനെന്നാണ് ലൈല അബ്ദുള്‍ അസീസിന്റെ പരാതി. ലൈലയ്ക്ക് വേണ്ടി അഡ്വ. എല്‍ദോ പൂക്കുന്നേല്‍ കോടതിയില്‍ ഹാജരായി. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമാണ് സംഭവം. വോട്ട് തുല്യമായാല്‍ നറുക്കെടുപ്പിലൂടെയായിരിക്കും പുതിയ കൗണ്‍സിലറെ തിരഞ്ഞെടുക്കുക. വടക്കാഞ്ചേരി കോടതിയുടെ പരിഗണനയിലുള്ള കേസ് ഒക്ടോബര്‍ 5 ന് വീണ്ടും പരിഗണിക്കും. ലൈല വിജയിച്ചാലും അത് നഗരസഭ ഭരണത്തെ ബാധിക്കില്ല. 41 ഡിവിഷനുള്ള നഗരസഭയില്‍ എല്‍.ഡി.എഫ് 25, യു.ഡി.എഫ് 15, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷി നില.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss