|    Jan 20 Fri, 2017 7:21 am
FLASH NEWS

ഇരട്ടത്തോണിയിലെ സ്വപ്‌നാടനം

Published : 24th October 2015 | Posted By: SMR

വിജു വി നായര്‍

മോദിഭരണത്തില്‍ വര്‍ഗീയ കലാപരിപാടികളുടെ പൂരപ്പറമ്പായി മാറിയ ഇന്ത്യയില്‍ എഴുത്തുകാര്‍ തൊട്ട് മാധ്യമങ്ങള്‍ വരെ ക്ഷോഭതാപങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. അതേസമയം, വിയോജിക്കുന്നവരെ ക്ലൂ-ക്ലക്‌സ്-ക്ലാന്‍ ശൈലിയില്‍ വിരട്ടുക, തല്ലുക, കൊല്ലുക എന്ന നിലയ്ക്ക് പുരോഗമിക്കുകയാണ് ഭരണപരിവാരം. അങ്ങനെ മൂന്നു ചേരികളായി പൊതുസമൂഹം മാറിയിരിക്കുന്നു: ഭൂരിപക്ഷ മതഭ്രാന്ത് ഒരുവശത്ത്. ടി ഭ്രാന്തിന് തല ഇനിയും പാകപ്പെട്ടിട്ടില്ലാത്ത ഭൂരിപക്ഷ സമുദായക്കാര്‍ വേറൊരു വശത്ത്. ഈ വിഭജനക്കളിയുടെ ഇരകളായ മറ്റുള്ളവര്‍ ഇനിയൊരിടത്ത്. ഈ പശ്ചാത്തലത്തില്‍ രണ്ടു കൂട്ടരുടെ മൗനമാണ് ശ്രദ്ധേയം: ഒന്ന്, സാക്ഷാല്‍ മോദിയുടെ. രണ്ട്, ഇന്ത്യന്‍ വ്യവസായലോകത്തിന്റെ.
രണ്ടാം കൂട്ടരെ ആദ്യമെടുക്കാം. വ്യവസായികള്‍ ഒട്ടൊക്കെ സ്വഭാവപരമായിത്തന്നെ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിമുഖത പ്രകടിപ്പിക്കുന്നവരാണ്- കൂറ് ആരോടായാലും. എല്ലാ തരം രാഷ്ട്രീയക്കാരെയും സുഖിപ്പിച്ചുനിര്‍ത്തി കാര്യം സാധിക്കുന്നതിലാണ് ഇഷ്ടന്മാരുടെ വിരുത്. അതുകൊണ്ടുതന്നെ ഇപ്പറയുന്ന കൂറും മാറിയും തിരിഞ്ഞും വരും. അടിസ്ഥാന കൂറ് സ്വന്തം മുതലിനോടും അതിന്റെ വികസനത്തോടുമാണെന്നത് മറ്റൊരു കാര്യം.
ചില സന്ദര്‍ഭങ്ങളില്‍ അപൂര്‍വം ചില വ്യവസായികള്‍ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പരസ്യപ്രതികരണം നടത്താറുണ്ട്. ജവഹര്‍ലാലിന്റെ ഭരണകാലത്ത് ജെ ആര്‍ ഡി ടാറ്റ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചു. എന്നാല്‍, വിമര്‍ശകന്‍ ജെ ആര്‍ ഡി ആയതുകൊണ്ടും ശരമേറ്റയാള്‍ ജവഹര്‍ലാല്‍ ആയിരുന്നതുകൊണ്ടും ടാറ്റക്ക് തട്ടുകേടൊന്നുമുണ്ടായില്ല.
അസിം പ്രേംജിയും ആഗയും ദീപക് പരേഖും 2002ലെ ഗുജറാത്ത് വംശഹത്യയെ വിമര്‍ശിച്ചു രംഗത്തുവന്നപ്പോള്‍ പക്ഷേ നിലവാരം വ്യത്യസ്തമായിരുന്നു. ഇന്ത്യന്‍ വ്യവസായികളുടെ കൊടിപ്പടയായ സിഐഐ പരസ്യമായി മോദിയോട് മാപ്പിരന്നു. സാക്ഷാല്‍ ടാറ്റാ തലവന്‍ രത്തന്‍ പിന്നെ മോദീസ്തുതി കൂടി നടത്തി അതിവിരുതനുമായി. ബംഗാളികള്‍ തുരത്തിയ നാനോ കാറിനു പിച്ചക്കാശുവിലയ്ക്ക് ഗുജറാത്തില്‍ മണ്ണൊത്തു; പണിക്കാരെയൊത്തു.
ചരിത്രം ഇവ്വിധമായിരിക്കെയാണ് രണ്ടാഴ്ച മുമ്പ് ഒരു പ്രമുഖ വ്യവസായിയെ കാണാനിടയായത്. മോദിഭാരതത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ ടിയാനു യാതൊരു അദ്ഭുതവുമില്ല. കാരണം തിരക്കിയപ്പോള്‍ ഒരു കണ്ടീഷന്‍: പേരു പറയില്ലെങ്കില്‍ കാര്യം പറയാമെന്ന്. ഒരു പേരിലെന്തിരിക്കുന്നു. കാര്യമിതാണ്: മോദി ഇച്ഛിക്കുന്നത് ഒരു പത്തു കൊല്ലത്തെ ഭരണമാണ്. അതിനു വേണ്ട കണക്കൊക്കെ അങ്ങേര് ചെയ്തുകഴിഞ്ഞു. സാമ്പത്തികതയുടെ അടിസ്ഥാനത്തിലുള്ള വര്‍ഗവിഭജനം കൊണ്ട് ഇന്നത്തെ ഇന്ത്യയില്‍ വോട്ടുലാഭമുണ്ടാവില്ല. കാരണം, അതിന്‍പ്രകാരമുള്ള ഒരു വര്‍ഗവും ഒറ്റക്കെട്ടായി വോട്ടു ചെയ്യില്ല. പകരം ഉറപ്പുള്ള ഒരു ഭൂരിപക്ഷ വോട്ടുബാങ്കാണ് വേണ്ടത്. അതിനു പറ്റിയ ഉരുപ്പടിയല്ലേ രാജ്യത്തു പന്തലിച്ചുകിടക്കുന്നത്- മതം? ഭൂരിപക്ഷമതത്തെ പിന്നില്‍ നിര്‍ത്താനായാല്‍ പിന്നെ മറ്റുള്ളവരെല്ലാംകൂടി എതിര്‍ത്താലും തിരഞ്ഞെടുപ്പു ജയിക്കാം.
ഏതു മതവിഭാഗത്തിലും ചിന്താബോധമുള്ളവരുണ്ട്, മതഭ്രാന്തു പിടിച്ച് തുള്ളുന്നവരുമുണ്ട്. ഇതില്‍ ആദ്യത്തെ കൂട്ടരെ വശീകരിക്കാനാണ് സാമ്പത്തിക വികസനം, വളര്‍ച്ചാനിരക്ക് ഇത്യാദി. അക്കാര്യത്തില്‍ എല്ലാവര്‍ക്കും വേണ്ടി എന്ന മട്ടില്‍ നിലകൊള്ളുക. എന്നു കരുതി രണ്ടാം കൂട്ടരെ വിട്ടുകളയുന്നതു ബുദ്ധിയല്ല. അവരുടെ വിരേചനസൗഖ്യത്തിനു വേണ്ടി ഇടയ്ക്കിടെ വര്‍ഗീയ കലാപരിപാടികള്‍. ഇതാണ് തുടര്‍ഭരണത്തിനു വേണ്ടിയുള്ള ഭൂരിപക്ഷ വോട്ടുനിര്‍മിതിയുടെ ബാലന്‍സിങ് ആക്ട്!
ബോധപൂര്‍വം ചുട്ടെടുക്കുന്ന അസഹിഷ്ണുതയും അലമ്പും അങ്ങനെ രാഷ്ട്രീയക്കളിയുടെ ചേരുവകളാകുന്നു. യുപി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലൗജിഹാദ്, ഡല്‍ഹി തിരഞ്ഞെടുപ്പിനു വേണ്ടി പള്ളി കത്തിക്കല്‍, ജാര്‍ഖണ്ഡിനും ഹരിയാനയ്ക്കും വേണ്ടി ഘര്‍വാപസി, ഒടുവില്‍ ഇപ്പോള്‍ ബിഹാറിനും നാളത്തെ യുപിക്കും വേണ്ടി പശു! ഈ താല്‍ക്കാലിക അജണ്ടകളെല്ലാം കൊരുത്തുകെട്ടിയാല്‍ ദേശീയമായ ഒരു വര്‍ഗീയ ചേരിതിരിവ് രണ്ടുമൂന്നു കൊല്ലത്തിനുള്ളില്‍ ഭംഗിയാക്കാം. അപ്പോഴേക്കും അടുത്ത ലോക്‌സഭാ പൂരം വരും. വോട്ടുകമ്പോളത്തില്‍ കാര്യങ്ങള്‍ എളുപ്പമാക്കാം.
വ്യവസായലോബിയുടെ മൗനത്തിനു പിന്നില്‍ മോദിയുടെ ഈ വോട്ടുസമവാക്യത്തെക്കുറിച്ച തികഞ്ഞ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ മൗനം മുറിക്കുന്നു എന്ന മട്ടിലുള്ള ടിയാന്റെ ‘ഞഞ്ഞാപിഞ്ഞ’യില്‍ അവര്‍ക്കു പരാതിയുമില്ല.
എന്നാല്‍, ഇപ്പറയുന്ന സമവാക്യ നിര്‍മാണത്തില്‍ ഇതുവരെ സഫലമായത് രണ്ടാം ചേരുവ മാത്രമാണ്. സാമ്പത്തിക വികാസത്തിന്റേതായ ഒന്നാം ഘടകം ഇപ്പോഴും നിന്നിടത്തുനിന്ന് അനങ്ങിക്കൊടുത്തിട്ടില്ല. മൂന്നാം ബജറ്റിലേക്ക് ഭരണം കടക്കുന്നു. ആദ്യ രണ്ടിന്റെയും വിഭാവനകള്‍ പരണത്തുതന്നെയിരിക്കുന്നു. മുദ്രാവാക്യ കമ്പക്കെട്ടുകളായി ഇറങ്ങിപ്പോവുന്നു. ഒരു പരിപാടിയും ക്ലച്ചുപിടിക്കുന്നില്ല. പ്രശസ്തമായ ഉദാഹരണം സ്വച്ഛ് ഭാരത്. വ്യവസായ കമ്പനികള്‍ ഓരോന്നും മിനിമം 20 കോടി രൂപ വച്ച് സംഭാവന ചെയ്യണം; വ്യക്തികളാണെങ്കില്‍ മിനിമം ഒരു കോടി. അതായിരുന്നു മോദിയുടെ ഡിമാന്‍ഡ്. ആ മനക്കണക്കു പ്രകാരം 6500 കോടി രൂപയെങ്കിലും പിരിക്കാമെന്നും ഒന്നാം വാര്‍ഷികത്തിനു പെരുമ്പറ മുഴക്കാമെന്നുമായിരുന്നു പൂതി. നാളിതുവരെ പിരിഞ്ഞുകിട്ടിയത് 272 കോടി. അതില്‍ ഏറ്റവും വലിയ കിഴി വള്ളിക്കാവിലമ്മ വക- 100 കോടി. അമ്മയുടെ വ്യവസായം നമുക്കറിയാം. അമ്മാതിരി വ്യവസായമില്ലാത്തതുകൊണ്ടാവാം മോദിഭക്ത കോര്‍പറേറ്റുകള്‍ പോലും ഈ കമ്പക്കെട്ടിനു പൂത്തിരി പിടിച്ചില്ല.
ആഭ്യന്തര മൊത്ത ഉല്‍പാദനം കണക്കാക്കുന്ന സാമ്പ്രദായിക രീതി തന്നെ മാറ്റിക്കൊണ്ട് ജെയ്റ്റ്‌ലി വക്കീലും കൂട്ടരും രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കൂട്ടിക്കാണിച്ചു. പക്ഷേ, എന്തു ചെയ്യാം, അന്യരാജ്യങ്ങള്‍ക്ക് വക്കീലിന്റെ പുതിയ ലോഗരിതം വശമില്ല. അവര്‍ പഴയ മാതിരി തന്നെ ജിഡിപി കണക്കാക്കുന്നു. ആ കണക്കു പ്രകാരം ഇന്ത്യയുടെ നിരക്ക് താണുതന്നെ കിടക്കുന്നു. പണപ്പെരുപ്പത്തോത് നെഗറ്റീവിലായിട്ടും പെട്രോളിയം വില കുത്തനെ കൂപ്പുകുത്തിയിട്ടും നാട്ടിലെ അങ്ങാടിവിലകള്‍ മേലോട്ടുതന്നെ. ബിജെപിയുടെ ഉച്ചഭാഷിണി ഓപറേറ്റര്‍മാര്‍ മാത്രം ‘മൊത്തവിലസൂചികയിലെ ഇടിവ്’ എന്നു വായകീറി നടക്കുന്നു. ടിയാന്മാരുടെ ധര്‍മദാരങ്ങള്‍ പോലും ചിരിക്കും. കാരണം, നാടിന്റെ നിജസ്ഥിതി ടിവി പെട്ടിയില്‍ കയറി മോദിനാമം ജപിക്കുന്ന പരിവാരവാലുകള്‍ക്കറിയില്ല, പീടികയില്‍ പലവ്യഞ്ജനം വാങ്ങാന്‍ പോകുന്നവര്‍ക്കേ തിരിയൂ.
തൊഴിലില്ലായ്മയുടെ ഒരു വന്‍കുതിപ്പ് വരുന്ന 10 കൊല്ലത്തില്‍ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. ആ സ്‌ഫോടനാത്മക സ്ഥിതിവിശേഷം തുടര്‍ഭരണം കൊതിക്കുന്ന മോദിയെ പേടിപ്പിക്കുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ മുദ്രാവാക്യം ഇറക്കിയതുതന്നെ ഈ ടൈംബോംബിന്റെ പേരിലാണ്. എന്നിട്ടോ? നടപ്പുവ്യവസ്ഥയില്‍ നമ്മുടെ ‘എമര്‍ജിങ് കേരളയുടെ വല്യേട്ടനായി വരും ഈ കതീന. പ്രശ്‌നം മോദിയുടെ മനക്കണക്കിന്റെ ജ്യാമിതിയില്‍ തന്നെയാണ്. അധികാരം കുറേക്കാലത്തേക്ക് കൈപ്പിടിയില്‍ സംവരണം ചെയ്യാന്‍ അവലംബിക്കുന്ന രണ്ടു സമാന്തര തന്ത്രങ്ങള്‍. അതില്‍ ഒന്ന് മറ്റേതിനു പാരയാകുന്നു. വര്‍ഗീയ വിഭജനവും സാമ്പത്തിക വികസനവും ഒത്തുപോകില്ല. നാട്ടില്‍ ഗോമാതാവിന്റെ പേരില്‍ കൊല നടത്തിയിട്ട് സിലിക്കണ്‍വാലിയില്‍ ചെന്ന് പെറ്റമ്മയുടെ ഭൂതകാലദുരിതം പറഞ്ഞ് സെന്റിയടിക്കാം. തിരിച്ചുവന്ന് സുക്കര്‍ബര്‍ഗും ഗൂഗ്ള്‍ സായിപ്പും തന്റെ മച്ചമ്പിമാരാണെന്നു വമ്പുപറയാം. പക്ഷേ, സായിപ്പ് ഇവിടെ വിത്തു വിതയ്ക്കണമെങ്കില്‍ വിത്തുപാടത്ത് ജല്ലിക്കെട്ടും കൊലവിളിയും പറ്റില്ല.
‘മേക്ക് ഇന്‍ ഇന്ത്യയും ഇന്ത്യയുടെ ഇന്നത്തെ മേക്കപ്പും ഏതാണ്ട് കീരിയും പാമ്പും പോലെയാണ്. പാമ്പാട്ടി തന്നെ പാമ്പിനെ അഴിച്ചുവിടുന്ന സ്ഥിതിക്ക് വിവേകം പാലിക്കണമെന്ന് കീരിയോട് പറയാന്‍ പറ്റുമോ? രണ്ടു വള്ളത്തിലും കാലു വച്ചുള്ള മോദിയാത്ര എത്ര ദൂരം എന്നത് കണ്ടറിയാനുള്ള കാഴ്ചവിരുന്നു തന്നെ. എന്നാല്‍, അതിനു രാജ്യം കൊടുക്കേണ്ടിവരുന്ന വിലയോര്‍ക്കുമ്പോള്‍ വാഗ്ദത്ത ‘അച്ഛെ ദിന്‍’ പോയിട്ട് ആ പഴയ ‘ബുരാ ദിന്‍’ തിരിച്ചുവന്നാല്‍ മതിയെന്ന് സാമാന്യബോധമുള്ളവര്‍ പ്രാര്‍ഥിച്ചുപോകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക