|    Oct 19 Fri, 2018 8:08 am
FLASH NEWS

ഇരട്ടക്കൊലപാതകത്തില്‍ വിറങ്ങലിച്ച് തോലനൂര്‍ ഗ്രാമം

Published : 14th September 2017 | Posted By: fsq

 

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍:വൃദ്ധ ദമ്പതികളുടെ ഇരട്ട കൊലപാതകത്തില്‍ വിറങ്ങലിച്ച് തോലനൂര്‍ ഗ്രാമം. തോലനൂര്‍ പൂളയ്ക്കല്‍ പറമ്പുകാര്‍ ഇന്നലെ രാവിലെ ഉണര്‍ന്നത് പാല്‍ക്കാരി രാജലക്ഷ്മിയുടെ നിലവിളി കേട്ടാണ്. പുളയ്ക്കല്‍ പറമ്പ് കുന്നിന്‍മേല്‍ വീട്ടില്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായ അപ്പുവേട്ടന്‍ എന്ന സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണ് വീട്ടിനകത്ത് ദാരുണമായാണ് കൊല്ലപ്പെട്ടത്. സാധാരണ പോലെ കുന്നിന്‍മേല്‍ വീട്ടിലേക്ക് പാല്‍ കൊണ്ടുവന്നതായിരുന്നു രാജലക്ഷ്മി. സാധാരണ പാല്‍ ഒഴിച്ച്‌വയ്ക്കാന്‍ വീട്ടിന് മുന്നില്‍ പാത്രം വെയ്ക്കുമായിരുന്നു. ഇതുകാണാത്തതിനെ തുടര്‍ന്ന് രാജലക്ഷ്മി നടത്തിയ പരിശോധനയിലാണ് ആദ്യം മരുമകള്‍ ഷീജയെ കൈയ്യും കാലും ബന്ധിച്ച് വായില്‍ തുണി തിരുകി കെട്ടിയിട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വൃദ്ധ ദമ്പതികളെ വിളിച്ചെങ്കിലും വിളി കേള്‍ക്കാത്തതിനെ തുടര്‍ന്ന്  ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.ബന്ധുക്കള്‍ വന്ന് വീട്ടിനകത്തേക്ക് കയറിപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സ്വാമിനാഥന്‍ സ്വീകരണമുറിയില്‍ കുത്തേറ്റ് ചെറുകുടല്‍ വെളിയില്‍ വന്ന സ്ഥിതിയില്‍ മരിച്ചു കിടക്കുകയായിരുന്നു. സമീപത്തു തന്നെയുള്ള മുറിയില്‍ ഭാര്യ പ്രേമ കുമാരി കുത്തേറ്റും തലയണ കൊണ്ട് ശ്വാസം മുട്ടിച്ചും മരിച്ച നിലയിലും കണ്ടെത്തി. ബന്ധുക്കള്‍ പോലിസില്‍ വിവരമറിയിച്ചതോടെ തോലനൂര്‍ ഗ്രാമത്തില്‍ സംഭവം കാട്ടുതീ പോലെ പടര്‍ന്നു. കേട്ടവരെല്ലാം കുന്നിന്‍മേല്‍ വീട്ടിലേക്ക് ഒഴുകിയെത്തി. മിലിട്ടറിയില്‍ ഉദ്യോഗസ്ഥനായ സ്വാമിനാഥന്‍ റിട്ടയര്‍ ചെയ്തതിനു ശേഷം നാട്ടില്‍ കൃഷിയും പൊതു പ്രവര്‍ത്തനവുമായി സജീവമാണ്. ദീര്‍ഘകാലമായി അമ്മ തിരുവടി പാടശേഖര സമിതിയുടെ സെക്രട്ടറിയുമാണ്. നാട്ടിലെ പരോപകാരിയായ സ്വാമിനാഥന്റെയും ഭാര്യ പ്രേമകുമാരിയുടെയും കൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് തോലനൂര്‍ നിവാസികള്‍. കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കാര്‍ഷികഗ്രാമീണ മേഖലയാണ് തോലനൂര്‍.സാധാരണക്കാരായ ജനങ്ങള്‍ രാവിലെ ജോലിക്ക് പോവാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു ദാരുണ വാര്‍ത്ത നാടിനെ നടുക്കിയത്. കൊലപാതകത്തിന് പിന്നില്‍ മകന്റെ ഭാര്യയയുടെ കാമുകനാണെന്ന് മനസ്സിലാക്കിയ പോലിസ് ഇയാളെ മണിക്കൂറുകള്‍ക്കകം കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലിസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss