|    Oct 17 Wed, 2018 2:53 pm
FLASH NEWS

ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ ഷീജയുടെ പ്രതികാരം

Published : 15th September 2017 | Posted By: fsq

 

ആലത്തൂര്‍: തോലനൂരില്‍ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ കലാശിച്ചത് മരുമകള്‍ ഷീജയുടെ പ്രതികാരമെന്ന് പോലിസ്. ഭര്‍തൃ മാതാപിതാക്കളെ വകവരുത്തിയാല്‍ രണ്ടുമാസത്തിനകം ഓട്ടോറിക്ഷയും രണ്ടു വര്‍ഷത്തിനുള്ളില്‍ കാര്യസ്ഥ സ്ഥാനവുമാണ് ഷീജ പ്രതി സദാനന്ദന് വാഗ്ദാനം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഷീജ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ പോലിസ് കസ്റ്റഡിയിലാണുള്ളത്. ഇവരെ ഇന്നു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുമെന്ന് പോലിസ് സൂചിപ്പിച്ചു. മിലിട്ടറിയിലുള്ള ഭര്‍ത്താവ് രണ്ടു വര്‍ഷത്തിനുള്ളില്‍ ജോലി അവസാനിപ്പിച്ച് വരുമെന്നും തുടര്‍ന്ന് വിദേശത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും ഷീജ പ്രതിയെ ധരിപ്പിച്ചിരുന്നു. ഇതോടെ ഏക്കറുകള്‍ വരുന്ന നെല്‍കൃഷിയുള്‍പ്പടെയുള്ള സ്വത്തുവകകള്‍ നോക്കി നടത്തുന്നതിനുള്ള കാര്യസ്ഥനായി ചുമതലപ്പെടുത്താമെന്ന വാഗ്ദാനവും ലഭിച്ചിരുന്നതായി പ്രതി പോലിസിനോട് പറഞ്ഞു. വിവാഹ ജീവിതത്തില്‍ സ്വാമിനാഥനും പ്രേമകുമാരിയും മാനസിക പീഡനം നടത്തിയതിലുള്ള വിരോധമാണ് ഇത്തരമൊരു നീക്കത്തിന് ഷീജയെ പ്രേരിപ്പിച്ചതത്രെ. കഴിഞ്ഞ അഞ്ചുമാസം മുമ്പാണ് ഷീജ, സദാനന്ദനെ പരിചയപ്പെടുന്നത്. മങ്കര തേനൂരിലെ ഷീജയുടെ തറവാട്ട് വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസില്‍ വാടകയ്ക്ക് താമസിനെത്തുന്നത്.പിന്നീട് അച്ചായന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന സദാനന്ദന്‍ ഷീജയുടെ കുടുംബവുമായി അടുത്ത സൗഹൃദത്തിലായി. മറ്റ് തലങ്ങളിലേക്കും ഇവരുടെ സൗഹൃദം പെട്ടെന്ന് വളര്‍ന്നു. പുളയ്ക്കല്‍ പറമ്പിലെ ഷീജയുടെ വീട്ടിലും പല തവണ എത്തിയിരുന്ന ഇയാളെ ബന്ധുവാണെന്നാണ് പരിസരവാസികള്‍ ധരിച്ചിരുന്നത്. ഭര്‍തൃ മാതാപിതാക്കളോട് രസത്തിലല്ലാതിരുന്ന ഷീജ മാസത്തില്‍ പകുതി ദിവസങ്ങളില്‍ തേനൂരിലെ സ്വന്തം വസതിയിലായിരുന്നു താമസം. ഷീജയുടെ മകനും ഇവിടെ നിന്നാണ് പഠനം നടത്തുന്നത്. മുമ്പ് രണ്ട് തവണ സ്വാമിനാഥനെ വധിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഒരാളെയെങ്കിലും വകവരുത്തിയാല്‍ വീട്ടിലെ ചുമതല തനിക്ക് വന്നുചേരുകയും സദാനന്ദനെ കാര്യസ്ഥനായി നിയമിച്ച് തങ്ങളുടെ സൗഹൃദം തുടരാമെന്നുമുള്ള ഷീജയുടെ ബുദ്ധിയാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത്. എറണാകുളം പറവൂരിലുള്ള സദാനന്ദന്‍ ക്വാറികളില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്ത് ശീലമുണ്ട്. ഇതിനാലാണ് ഇലക്ട്രിക്ക് ഷോക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്. രണ്ടു വര്‍ഷം മുമ്പ് സ്‌ഫോടക വസ്തു കൈവശം വെച്ചതിന് എറണാകുളം ഞാറയ്ക്കല്‍ പോലിസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.    പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രദേശത്തെത്തിയത്. പ്രതിക്കെതിരെ കൈയേറ്റ സാധ്യത കണക്കിലെടുത്ത് കനത്ത പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും നാട്ടുകാര്‍ സദാനന്ദനെ കൂകിവിളിച്ചും അസഭ്യം പറഞ്ഞുമാണ് എതിരേറ്റത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss