|    Aug 24 Thu, 2017 10:11 am
Home   >  Pravasi  >  Gulf  >  

ഇയു മാതൃകയില്‍ ഗള്‍ഫ് യൂനിയന്‍: അടുത്ത മാസം നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും

Published : 28th November 2016 | Posted By: SMR

ദോഹ: യൂറോപ്യന്‍ യൂനിയന്‍ മാതൃകയില്‍ ഗള്‍ഫ് യൂനിയന്‍ രൂപവല്‍ക്കരിക്കുന്ന കാര്യം അടുത്ത മാസം ബഹ്‌റയ്‌നില്‍ ചേരുന്ന ജിസിസി ഉച്ചകോടി ചര്‍ച്ച ചെയ്യും. ഗള്‍ഫ് യൂനിയന്‍ എന്ന ആശയത്തോട് ഒമാന്‍ യോജിക്കാത്ത സാഹചര്യത്തില്‍ ഒമാനെ ഉള്‍പ്പെടുത്താതെ യൂനിയന്‍ രൂപവല്‍ക്കരിക്കാനാണ് ആലോചന നടക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ഇപ്പോഴുള്ള ഗള്‍ഫ് കോഓപേറഷന്‍ കൗണ്‍സിലിനേക്കാള്‍ കൂടുതല്‍ ഏകോപിച്ച പ്രവര്‍ത്തനം സാധ്യമാകുമെന്നതിനാലാണ് ഗള്‍ഫ് യൂനിയന്‍ എന്ന ആശയവുമായി മുന്നോട്ടു പോകുന്നത്. ഒമാന്‍ തുടക്കത്തില്‍ തന്നെ ഈ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 2013 ഡിസംബറിലാണ് ഗള്‍ഫ് യൂനിയന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.
ഡിസംബറില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയിലെ  പ്രധാന അജന്‍ഡ ഗള്‍ഫ് യൂനിയന്‍ ആയിരിക്കുമെന്ന് ബഹ്‌റയ്ന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ഗാനിം അല്‍ ബു ഐനൈന്‍ പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹയാത് പത്രത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒമാന്‍ യൂനിയനില്‍ ഉണ്ടാകണമെന്നാണു താല്‍പ്പര്യം. എന്നാല്‍, ഒമാനില്ല എന്നു കരുതി ആശയം മരവിപ്പിക്കില്ല. ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലിനേക്കാള്‍ ശക്തി വര്‍ധിപ്പിക്കുന്നതാണ് ഗള്‍ഫ് യൂനിയനെന്നും അദ്ദേഹം വിശദീകരിച്ചു.
കൗണ്‍സിലിനെക്കാള്‍ കൂടുതല്‍ ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും യൂനിയന്‍ സഹായിക്കും. ഖത്തറിനു പുറമേ ബഹ്‌റയ്ന്‍, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് യൂനിയനിലുണ്ടാകുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക