|    Jun 23 Sat, 2018 6:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇയുവില്‍ നിന്നുള്ള പുറത്തുപോവല്‍ ; പാര്‍ലമെന്റ് അനുമതി വേണം:ബ്രിട്ടിഷ് സുപ്രിംകോടതി

Published : 25th January 2017 | Posted By: fsq

 

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്കിന് (ബ്രെക്‌സിറ്റ്) പാര്‍ലമെന്റ് അനുമതി വേണമെന്ന് യുകെ സുപ്രിംകോടതി. ഇയുവില്‍ നിന്ന് പുറത്തുപോവുന്നതിനായുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പായി പ്രധാനമന്ത്രി തെരേസ മേയ് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി വാങ്ങണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. രാജകീയ വിശേഷാധികാരം എന്ന പേരിലറിയപ്പെടുന്ന അധികാരത്തിന്റെ സഹായത്തോടെ ഇയുവില്‍ നിന്നുള്ള പിരിഞ്ഞുപോക്കിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് കഴിയുമെന്ന വാദം കോടതി തള്ളി. ഈ അധികാരത്തിന്റെ സഹായത്തോടെ ഇയുവില്‍നിന്ന് ലിസ്ബണ്‍ ഉടമ്പടിയുടെ 50ാം അനുച്ഛേദമനുസരിച്ചു പിരിഞ്ഞുപോവാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിഭാഷകര്‍ വാദിച്ചത്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് അംഗരാജ്യങ്ങള്‍ പിരിഞ്ഞുപോവുന്നതിനുള്ള നിബന്ധനകളാണ് ലിസ്ബണ്‍ ഉടമ്പടിയുടെ 50ാം അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നത്. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് കഴിഞ്ഞ ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയെന്നും എന്നാല്‍, പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ ഇതിന്‍മേലുള്ള തുടര്‍ നടപടികള്‍ സാധിക്കൂവെന്നും കോടതി വ്യക്തമാക്കി. രണ്ടു വര്‍ഷത്തോളം നീളുന്ന ചര്‍ച്ചകള്‍ക്കു ശേഷം മാത്രമാണ് അംഗരാജ്യങ്ങള്‍ക്ക് ഇയുവില്‍നിന്നു പുറത്തുപോവാന്‍ സാധിക്കുക. ബ്രിട്ടന്റെ ഭരണഘടനയനുസരിച്ച് പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ ഈ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയൂവെന്ന് സുപ്രിംകോടതി ബെഞ്ച് അധ്യക്ഷന്‍ ഡേവിഡ് ന്യൂബെര്‍ഗര്‍ പറഞ്ഞു. 11 അംഗ ബെഞ്ചില്‍ എട്ടു പേരും ബ്രെക്‌സിറ്റിന് പാര്‍ലമെന്റ് അംഗീകാരം വേണമെന്നു വ്യക്തമാക്കിയപ്പോള്‍ മൂന്നുപേര്‍ സര്‍ക്കാരിന്റെ വാദങ്ങളെ അംഗീകരിച്ചു. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ഇയുവുമായി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുമെന്നായിരുന്നു പ്രധാനമന്ത്രി മേയ് നേരത്തേ അറിയിച്ചത്. പുതിയ വിധിയോടെ മേയ് ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്റ്  പിന്തുണ നേടിയെടുക്കണം.  ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്റ് അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. അതേസമയം, സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലും മാര്‍ച്ച് അവസാനത്തോടെ തന്നെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss