|    Apr 25 Tue, 2017 4:26 am
FLASH NEWS

ഇയാദ് മദനി രാജിവച്ചു; യൂസുഫ് അല്‍ ഉഥൈമീന്‍ ഒഐസി മേധാവിയായേക്കും

Published : 4th November 2016 | Posted By: SMR

ജിദ്ദ: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ സെക്രട്ടറി ജനറല്‍ സ്ഥാനം സൗദി പൗരനായ ഇയാദ് മദനി രാജിവച്ചു. ഈ സ്ഥാനത്തേക്ക് സൗദി സാമൂഹികക്ഷേമവകുപ്പ് മന്ത്രിയായിരുന്ന യൂസുഫ് അല്‍ ഉഥൈമീനിനെ നിയമിക്കുവാന്‍ സൗദി നാമനിര്‍ദേശം നല്‍കി.
ആരോഗ്യപരമായ കാരണങ്ങളാലാണ് 70കാരനായ ഇയാദ് മദനി സ്ഥാനമൊഴിയുന്നതെന്ന് ഒഐസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2012 മുതല്‍ ഇയാദ് മദനി ഒഐസി സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഒഐസിയില്‍ 57 രാജ്യങ്ങളാണുള്ളത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ ഇയാദ് മദനി പരിഹസിച്ചെന്നു കുറ്റപ്പെടുത്തി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതിന്റെ രണ്ടാംദിവസമാണ് രാജി. തമാശയായാണു പ്രസ്താവന നടത്തിയതെന്നും ഈജിപ്ഷ്യന്‍ നേതൃത്വത്തെ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്നും മദനി പിന്നീട് മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നു. സെക്രട്ടറി ജനറലിനെ മാറ്റണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടിരുന്നു.
ഉഥൈമീനിനെ നിയമിക്കണമെന്ന സൗദിയുടെ നിര്‍ദേശം സ്വീകരിച്ചതായി ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘടനയുടെ ലക്ഷ്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും സൗദി സ്തുത്യര്‍ഹമായ പങ്കാണു വഹിച്ചിട്ടുള്ളതെന്ന് ഒഐസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day