|    Sep 25 Tue, 2018 6:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇമാം ഹുസയ്ന്‍ രക്തസാക്ഷിത്വം വരിച്ചത് നീതി നടപ്പാക്കാനുള്ള ശ്രമത്തിനിടെ: പ്രധാനമന്ത്രി

Published : 15th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സമാധാനവും നീതിയും നടപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് പ്രവാചകന്റെ കൊച്ചുമകന്‍ ഇമാം ഹുസയ്ന്‍ രക്തസാക്ഷിത്വം വരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങള്‍ ഇമാം ഹുസയ്‌ന്റെ സന്ദേശം മുറുകെപ്പിടിച്ച് അതു ലോകത്തുടനീളം പ്രചരിപ്പിക്കണം. എപ്പോഴും നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ആളാണ് ഇമാം ഹുസയ്‌നെന്നും മോദി പറഞ്ഞു. ആശൂറാഅ് ദിനത്തോടനുബന്ധിച്ച് ഇന്‍ഡോറിലെ സെയ്ഫി മസ്ജിദില്‍ ശിയാ വിഭാഗത്തില്‍പ്പെട്ട ദാവൂദി ബോറാ സമുദായം നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബോറാ സമുദായവുമായി തനിക്കു വളരെ നീണ്ട ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒരര്‍ഥത്തില്‍ ഞാനും സമുദായാംഗമാണ്. ഞാന്‍ ഗുജാറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ബോറ സമൂഹം എന്നെ പിന്തുണച്ചു. എന്റെ വാതില്‍ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും തുറന്നിരിക്കും. രാജ്യവികസനത്തില്‍ വലിയ പങ്കാണ് അവര്‍ക്കുള്ളത്. ബോറാ സമുദായം എപ്പോഴും സമാധാനത്തില്‍ വിശ്വസിക്കുന്നവരാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും ഈ വിഭാഗം വലിയ പങ്കുവഹിച്ചിട്ടുണ്ട്- മോദി പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം മോദി പങ്കെടുക്കുന്ന രണ്ടാമത്തെ മുസ്‌ലിം സമ്മേളനമാണിത്. 2016ല്‍ ഡല്‍ഹിയില്‍ നടന്ന സൂഫി സമ്മേളനമായിരുന്നു ആദ്യത്തേത്. ഇന്ത്യന്‍ മുസ്‌ലിംകളില്‍ പ്രത്യക്ഷത്തില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന വിഭാഗമാ—ണ് ദാവൂദി ബോറകള്‍.
ഇവര്‍ക്കിടയില്‍ സജീവമായി നിലനില്‍ക്കുന്ന ആചാരമായ സ്ത്രീചേലാകര്‍മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ആചാരം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത് സര്‍ക്കാരിനോടും ബിജെപിയോടും സമുദായത്തിന് അസംതൃപ്തി പടര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മോദി ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഈ വര്‍ഷാവസാനം മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് ദാവൂദി ബോറ ആത്മീയ നേതാവ് ഡോ. സയ്യിദുനാ മുഫദ്ദല്‍ സൈഫുദ്ദീനുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ നല്‍കിയിരുന്നു. പ്രസംഗത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളും മോദി പരാമര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss