|    Jul 17 Tue, 2018 10:43 pm
FLASH NEWS

ഇബ്രാഹീം ഹാജി തിരക്കിലാണ്, 83ാം വയസ്സിലും

Published : 21st September 2017 | Posted By: fsq

 

മാനന്തവാടി: പ്രായം തളര്‍ത്താത്ത മനസ്സുമായി ഇബ്രാഹീം ഹാജി അധ്വാനത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിക്കുന്നു. പുതുതലമുറ സാമൂഹികസേവന രംഗത്തും പൊതുജനോപകാര പ്രവര്‍ത്തനങ്ങളിലും പിന്നാക്കം പോവുമ്പോഴും മേഖലയില്‍ വേറിട്ട കാഴ്ചയാവുകയാണ് എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് കണിയാങ്കണ്ടി ഇബ്രാഹീം ഹാജി. 83ാം വയസ്സിലും 20കാരന്റെ ചുറുചുറുക്കോടെയാണ് ഇദ്ദേഹം റോഡരികിലെ കാട് വെട്ടിമാറ്റുന്നതും ഓവുചാല്‍ വൃത്തിയാക്കുന്നതുമെല്ലാം. മുമ്പ് പിതാവിന്റെ കൂടെ കൃഷിപ്പണികള്‍ ചെയ്തതിന്റെ ഊര്‍ജത്തിലാണ് ഇന്നും അധ്വാനം. കുറച്ചുകാലം തോട്ടങ്ങളില്‍ കൊള്ള് നിര്‍മാണത്തിന് പോയിരുന്നു. ഇപ്പോള്‍ കുറച്ച് കാലമായി പ്രതിഫലേച്ഛയില്ലാത്ത സേവനങ്ങളില്‍ മാത്രമാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. മഹല്ലില്‍ എവിടെയെങ്കിലും മരണമുണ്ടായാല്‍ ഏതു പാതിരാത്രിയിലും ഇബ്രാഹീം ഹാജി സ്ഥലത്തെത്തും, തന്റെ നിഴലായ കൈക്കോട്ടുമായി ഖബര്‍ കുഴിക്കാന്‍ സജീവ സാന്നിധ്യമായി. കഴിഞ്ഞ മൂന്നു ദിവസമായി പെയ്ത മഴയില്‍ ഓവുചാലുകള്‍ നിറഞ്ഞുകവിയുകയും റോഡിലൂടെ വെള്ളം ഒഴുകുകയും ചെയ്തതു കണ്ടതോടെ ഇബ്രാഹീം തൂമ്പയുമായി വീണ്ടും റോഡിലിറങ്ങി. ഓവുചാലുകള്‍ കോരി വൃത്തിയാക്കുകയും റോഡിലൂടെ ഒഴുകുന്ന വെള്ളം ഓവുചാലുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കും വാഹനങ്ങള്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടിയില്‍ നിന്ന് എടവകയിലേക്കുള്ള യാത്രയില്‍ പാണ്ടിക്കടവ് റോഡരികില്‍ കാട് വെട്ടിത്തെളിച്ചും ഓവുചാലുകള്‍ വൃത്തിയാക്കിയും റോഡിലെ കുഴികള്‍ അടച്ചും നിത്യ കാഴ്ചയായി മാറിയിരിക്കുകയാണ് ഇബ്രാഹീം. ഭാര്യ അലീമയ്ക്കും മക്കള്‍ക്കും താന്‍ ഇങ്ങനെ ജോലി ചെയ്യുന്നത് ഇഷ്ടമല്ലെന്നു ചെറുപുഞ്ചിരിയോടെ തുറന്നുപറയാനും ഇബ്രായിക്കക്ക് മടിയില്ല. ഈ പ്രായത്തിലുമുള്ള കഠിനാധ്വാനവും സേവന മനോഭാവവും ഏറെ പ്രശംസനീയമാണെന്നു നാട്ടുകാര്‍ പറഞ്ഞു. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം സാമൂഹിക സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമൂഹം മല്‍സരിക്കുന്ന ഈ കാലഘട്ടത്തിന്‍ ആരുടെയും സഹായമില്ലാതെ ഒരു പ്രതിഫലവും കാംക്ഷിക്കാതെ ഇബ്രാഹീം ഹാജി മാതൃകയാവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss