|    Oct 16 Tue, 2018 3:30 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇബ്രാഹിമോവിച്ചിന്റെ ഹെഡറില്‍ ലിവര്‍പൂളിന് സമനിലപ്പൂട്ട്

Published : 17th January 2017 | Posted By: fsq

 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ലിവര്‍പൂള്‍- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോര് സമനിലയില്‍ കലാശിച്ചു. ആദ്യപകുതി അരമണിക്കൂര്‍ തികയ്ക്കും മുമ്പ് മിഡ്ഫീല്‍ഡര്‍ ജെയിംസ് മില്‍നര്‍ പെനാല്‍റ്റി വല കടത്തിയതോടെ ലിവര്‍പൂള്‍ നേടിയ ആധിപത്യം കളിയുടെ അവസാനനിമിഷം തകര്‍ത്ത് ഇബ്രാഹിമോവിച്ച് സമനില പിടിച്ചെടുക്കുകയായിരുന്നു. 84ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ച് കണ്ടെത്തിയ ഹെഡര്‍ ഗോളിലൂടെ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ നാണക്കേടില്ലാതെ മടങ്ങി. തുല്യശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന ഇരുടീമുകളും ഏറ്റുമുട്ടിയ തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരമാണ് സമനിലയില്‍ കലാശിക്കുന്നത്. പ്രീമിയര്‍ ലീഗ് റാങ്കിങില്‍ മൂന്നാംസ്ഥാനത്തുള്ള ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണ് ഇത്. 21 മല്‍സരങ്ങളില്‍ നിന്ന് 13 ജയവും ആറു സമനിലയും 2 തോല്‍വിയും നേടി 45 പോയിന്റാണ് ലിവര്‍പൂള്‍ കരസ്ഥമാക്കിയത്. യുനൈറ്റഡ് ആവട്ടെ, 21 മല്‍സരങ്ങളില്‍ 11 ജയം, 7 സമനില, 3 തോല്‍വി വഴങ്ങി 40 പോയിന്റോടെ ആറാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തിനിറങ്ങിയ യുനൈറ്റഡിന് ഇന്നലെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യപകുതി ലിവര്‍പൂള്‍മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗണ്ടില്‍ പന്തുരുണ്ട് തുടങ്ങിയ 27ാം മിനിറ്റ്. ഇടതുവിങ്ങില്‍ ഹെഡറിലൂടെ പന്ത് വരുതിയിലാക്കാന്‍ ശ്രമിച്ച പോള്‍ പോഗ്ബയ്ക്ക് പിഴച്ചു. ദെജന്‍ ലോവണുമായി കൂട്ടിയിടിച്ച് ഹാന്‍ഡ് ബോള്‍ പിറന്നതോടെ റഫറി ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. ചെമ്പടയുടെ മിഡ്ഫീല്‍ഡര്‍ മില്‍നര്‍ തന്റെ കഴിവ് പെനാല്‍റ്റിയിലൂടെ വീണ്ടും തെളിയിച്ചു. ബോക്‌സിനകത്തു നിന്ന് മില്‍നര്‍ തൊടുത്ത പന്ത് യുനൈറ്റഡ് ഗോളി ഡേവിഡ് ഡീഗയെ മറികടന്ന് നിഷ്പ്രയാസം വലകടന്നു. ആദ്യപകുതിയുടെ 27ാം മിനിറ്റില്‍ ലിവര്‍പൂളിന് ഒരു ഗോളിന്റെ ആധിപത്യം. ഗോളിന്റെ കരുത്തില്‍ ആക്രമിച്ച് മുന്നേറിയ ലിവര്‍പൂളിന് നേരെ യുനൈറ്റഡ് മുന്നേറ്റത്തിനു ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. പ്രീമിയര്‍ ലീഗില്‍ പിറന്ന പെനാല്‍റ്റികളില്‍ മുപ്പതു ശതമാനവും യുനൈറ്റഡിനെതിരേ ചെമ്പട നേടിയപ്പോള്‍ അതില്‍ ഏഴെണ്ണം സംഭാവന ചെയ്തത് ജെയിംസ് മില്‍നര്‍ തന്നെയായിരുന്നു. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ യുനൈറ്റഡിനെതിരേ ഏഴു തവണ പെനാല്‍റ്റി സ്‌കോര്‍ ചെയ്ത മില്‍നര്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ഇബ്രാഹിമോവിച്ച് കാത്തുലിവര്‍പൂള്‍ ആധിപത്യത്തില്‍ രണ്ടാംപകുതിയും മുന്നേറിയതോടെ കോച്ച് ജോസ് മൊറീഞ്ഞോ പകരക്കാരനായി വെയ്ന്‍ റൂണിയെ കളത്തിലിറക്കി. 46ാം മിനിറ്റില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ മിഷേല്‍ കാരിക്കിനെ കയറ്റി റൂണിയെ കളത്തിലിറക്കിയെങ്കിലും യുനൈറ്റഡിന് കാര്യമായ മുന്നേറ്റം ഉണ്ടായില്ല. ഇരുടീമുകളും അക്രമവും പ്രത്യാക്രമവുമായി മുന്നേറി. പെനാല്‍റ്റി ബോക്‌സിന്റെ വലതുവിങ്ങില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് വലന്‍സിയ ഇബ്രാഹിമോവിച്ചിന് കൈമാറി. കൃത്യമായി അവസരം മുതലെടുത്ത് ഇബ്രാഹിമോവിച്ച് ഉയര്‍ന്നു ചാടി. 84ാം മിനിറ്റില്‍ പന്ത് കൈക്കലാക്കാന്‍ ഗോളി മിഗ്നോല്‍റ്റിന് സാധിച്ചില്ല. തോല്‍ക്കുമെന്ന് കരുതിയ കളിയില്‍ സമനില പിടിച്ചെടുത്ത് ഇബ്രാഹിമോവിച്ച് വീണ്ടും പ്ലേമേക്കറായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss