|    Jan 20 Fri, 2017 1:21 pm
FLASH NEWS

ഇബ്രാഹിം ശഹീദ് സൈനുല്‍ ആബിദ്‌

Published : 16th January 2016 | Posted By: TK
sainulabid

 

അനസ്

2014 ഡിസംബര്‍ മാസം 22 നാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സൈനുല്‍ ആബിദിനെ കാസര്‍ഗോഡ് ചക്കര ബസാറിലെ എംജി റോഡിലുളള ജെജെ ബെഡ് സെന്ററില്‍ വച്ച് ആര്‍എസ്എസ് കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പുറത്ത് കുത്തേറ്റ് പിതാവിന്റെ മടിയിലേക്ക് വീണ ആബിദിനെ അക്രമികള്‍ വീണ്ടും പലതവണ കുത്തി മരണമുറപ്പുവരുത്തി. പ്രദേശത്ത് സമാധാനം നിലനില്‍ക്കേയാണ് സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. എസ്ഡിപിഐയുടെ കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി അംഗമായ ആബിദ് നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. പോപുലര്‍ ഫ്രണ്ടിലൂടെ സാമൂഹ്യ രംഗത്തിറങ്ങിയ അദ്ദേഹം കര്‍മ്മ രംഗത്ത് തിളങ്ങി നിന്ന നക്ഷത്രമായിരുന്നു. അതു തന്നെയാണ് സംഘപരിവാരം അദ്ദേഹത്തെ കൊലപ്പെടുത്താനുണ്ടായ കാരണവും. സത്യ മാര്‍ഗത്തിലെ പോരാളികള്‍ ഒന്നുകില്‍ അടര്‍ക്കളത്തിലോ അല്ലെങ്കില്‍ തടവറയിലോ അതുമല്ലെങ്കില്‍ മണ്ണിനടിയിലോ ഉണ്ടാവും എന്ന ആപ്തവാക്യമാണ് സൈനുല്‍ ആബിദുമാരെ ഓര്‍ക്കുമ്പോള്‍ ഹൃദയത്തില്‍ തുടികൊട്ടുന്നത്.
വടക്കേ മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് പുസ്തകത്തില്‍ മാത്രം എഴുതിവച്ച് ഓര്‍മ്മ പുതുക്കാനുള്ളതല്ല നമുക്ക്  സൈനുല്‍ ആബിദിന്റെ രക്തസാക്ഷ്യം. മറിച്ച് ഒരു ജനതയുടെ വിമോചനപ്പോരാട്ടങ്ങളുടെ ചരിത്രം പറയുന്നിടത്ത് തങ്ക ലിപികളാല്‍ മുദ്രണം ചെയ്യപ്പെടേണ്ടതാണ്. ഏഴര നൂറ്റാണ്ടുകാലം ഒരു നാടിന്റെ അധികാരികളും പിന്നീട് സ്വാതന്ത്ര്യ സമര പോരാളികളുമായി നിലകൊണ്ട ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര റിപ്പബ്ലിക്കിലെ മുസ്‌ലിംകള്‍ രാജ്യത്തിന്റെ സര്‍വ്വ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. വിദ്വേഷത്തിന്റെ വിഷധൂളികള്‍ പരത്തി സംഘപരിവാരം അഴിച്ചുവിട്ട കലാപങ്ങളിലൂടെയും വംശഹത്യകളിലൂടെയും ചേരികളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടതു മാത്രമല്ല മുസ്‌ലിംകളുടെ പ്രശ്‌നമെന്ന് സച്ചാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി തരുന്നിടത്താണ് ഫലപ്രദമായൊരു പരിഹാരത്തിനുള്ള വഴികള്‍ ചര്‍ച്ചയാവിഷയമാവുന്നത്.
മണ്ഡലാനന്തരം യാദവ സമൂഹം ബീഹാറിലും ദലിതു സമൂഹം ഉത്തര്‍പ്രദേശിലും സ്വയം സംഘടിച്ചതിന്റെ സദ്്ഫലങ്ങള്‍ ഭാഗികമായെങ്കിലും അവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത്  ആരെയും കാത്തിരുന്നിട്ടു കാര്യമില്ലെന്ന തിരിച്ചറിവിലേക്ക് ഇന്ത്യന്‍ മുസ്‌ലിംകളെയും കൊണ്ടെത്തിച്ചത് സച്ചാര്‍ റിപ്പോര്‍ട്ട് തന്നെയാണ്. ആറു പതിറ്റാണ്ടിനിടയില്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ചെയ്തു കൊടുത്ത ഒരേ ഒരു കാര്യം അവര്‍ക്ക് തിരിച്ചറിവുണ്ടാവാന്‍ കാരണമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജസ്റ്റിസ് രതീന്ദര്‍ സച്ചാറിനെ നിയോഗിച്ചു എന്നതു മാത്രമായിരിക്കാം.
മുസ്‌ലിം ജനതയുടെ ജീവിത നിലവാരം ദളിതുകളെക്കാളും ആദിവാസികളെക്കാളും പിന്നിലാണെന്ന് വിളിച്ചു പറഞ്ഞപ്പോള്‍ നാളിതുവരെ നാടു ഭരിച്ച രാഷ്ട്രീയ മേലാളന്മാരുടെ ചെകിട്ടത്തു കൊണ്ട പ്രഹരമായിരുന്നു അത്. വിശന്നു തളര്‍ന്ന ശരീരവും ഭയന്നു വിറച്ച മനസ്സുമാണ് ഇന്ത്യന്‍ മുസല്‍മാന്റെ സമ്പാദ്യം. അധികാരമില്ലെങ്കില്‍ അടിമത്തമാണെന്ന തത്വം ഇന്ത്യയിലെ മുസ്‌ലിംകളുടെ കാര്യത്തില്‍ പകല്‍ പോലെ പുലര്‍ന്നു കഴിഞ്ഞു. നീതി നിഷേധത്തിലൂടെയും അവകാശ ധ്വംസനങ്ങളിലൂടെയും അപരവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന്  രാഷ്ട്രീയ മുന്നേറ്റം അത്യാവശ്യമാണെന്ന തിരിച്ചറിവാണ്  2009 ജൂണ്‍ മാസം 21ന് എസ്ഡിപിഐയുടെ പിറവിക്ക് പ്രേരണയായത്. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ വേരൂന്നിയ പാര്‍ട്ടി 6 വര്‍ഷം പിന്നിടുമ്പോഴേക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം നേടിക്കഴിഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ വിമോചനത്തിന്റെ കൊടിക്കൂറയേന്തി രാഷ്ട്രീയത്തില്‍ പിച്ചവെച്ചു തുടങ്ങിയപ്പോള്‍ അവരെ കല്ലെറിയാന്‍ പ്രതിയോഗികളുണ്ടായി. എന്നാല്‍ ആദര്‍ശധീരര്‍ തങ്ങളുടെ ജീവന്‍ നല്‍കി ്ആശയത്തേയും പ്രസ്ഥാനത്തേയും ജീവിപ്പിച്ചു. രക്തസാക്ഷികളുടെ ഈ തുടര്‍ച്ചയിലെ ഒരു കണ്ണിയാണ് സൈനുല്‍ ആബിദ്.
ഭരണകൂട ഭീകരതയുടെ വടുക്കള്‍ പേറുന്നവരും, ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ കടന്നാക്രമങ്ങളോട് ഉയിരുകൊണ്ടു പൊരുതുന്നവരും, വിവേചനത്തിന്റെ പല്‍ച്ചക്രങ്ങളില്‍ അരയാന്‍ വിധിക്കപ്പെട്ടവരും വിമോചനത്തിന്റെ ഗീതങ്ങളുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. സ്വാതന്ത്ര്യബോധത്തിന് ശക്തിയും കരുത്തുംപകരാന്‍ എസ്ഡിപിഐ. മുന്നിട്ടിറങ്ങുകയായി. എസ്ഡിപിഐ പുതിയ സമരമുഖങ്ങള്‍ തുറക്കുകയാണ.് സമ്പൂര്‍ണമായ ശാക്തീകരണമാണു പീഡിത ജനവിഭാഗങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നു എസ്ഡിപിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. അധികാര പ്രാതിനിധ്യത്തിനും തുല്യ നീതിക്കും വേണ്ടി പോരാട്ടങ്ങള്‍ തുടങ്ങുകയാണ്. ആ പോരാട്ട വീഥിയിലെ ഊര്‍ജമാണ് തളങ്കരയിലെ സൈനുല്‍ ആബിദിനെപ്പോലുള്ളവര്‍ നമുക്കു പകര്‍ന്നേകിയത്. ശത്രുവിന്റെ വെട്ടേറ്റ് പ്രാണവേദനയില്‍ പിതാവിന്റെ മടിയില്‍ കിടക്കുമ്പോഴും പുഞ്ചിരിയോടെ തക്ബീര്‍ മുഴക്കാന്‍ സാധിച്ചത് നാളെയുടെ പ്രഭാതത്തിലെ വിമോചനത്തെ മുന്നില്‍ കണ്ടതു കൊണ്ടായിരിക്കാം. അടുക്കള വരെ ഫാഷിസം കടന്നു വന്ന കാലത്ത് മുട്ടിലിഴയാതെ നിവര്‍ന്നു നില്‍ക്കാന്‍ തന്നെയാണ് ആബിദിന്റെ ഓര്‍മ്മകള്‍ നമ്മളോട് പറയുന്നത്.
ഏതൊരു പോരാളിയും ആഗ്രഹിക്കുന്ന മരണത്തിലൂടെയാണ് സൈനുല്‍ ആബിദ് അനശ്വരനായത്. രാഷ്ട്രീയ പ്രവര്‍ത്തനം ആരാധനയായി ഏറ്റെടുത്ത ധീരനായിരുന്നു സൈനുല്‍ ആബിദ്. തന്റെ ചുറ്റിലും കണ്ട തിന്മകളോട് നിവര്‍ന്നു നിന്നു കലഹിക്കാന്‍ ആബിദ് ഒരു വൈമനസ്യവും കാണിച്ചില്ല. സത്യവിശ്വാസിയുടെ ജീവിതം ഉത്തരവാദിത്ത്വ പൂര്‍ണ്ണമാവണം. നന്മ കല്‍പിക്കലും തിന്മയെ തടയലും തന്നെയാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. അതു നിര്‍വഹിക്കുമ്പോള്‍ മുന്നിലെത്തുന്ന പ്രതിബന്ധങ്ങളോട് കലഹിക്കുകയാണ് സത്യവിശ്വാസിയുടെ സ്വഭാവം.

ആ മാര്‍ഗത്തില്‍ അവന്‍ ത്യജിക്കുന്നതെല്ലാമാണ് അവന് ദൈവസന്നിധിയില്‍ പ്രതിഫലത്തിനുളള സാക്ഷ്യമാവുന്നത്. സാക്ഷ്യങ്ങളില്‍ വച്ച് ഏറ്റവും ഉന്നതമായത് മരണം കൊണ്ടുള്ള സാക്ഷ്യമാണ്. ശഹീദ് സൈനുല്‍ ആബിദ് ജീവനും ജീവിതവും കൊണ്ട് സാക്ഷ്യം വഹിച്ചു നാഥന്റെ വിരുന്നുകാരനായി സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്നു.
ആത്മാര്‍ത്ഥതയോടെ ഉത്തരവാദിത്വ നിര്‍വഹണം നടത്തുമ്പോള്‍ ഏറ്റവും ഉന്നതമായ പ്രതിഫലം നമ്മെ തേടിയെത്തുമെന്ന് ആബിദിന്റെ മരണം നമ്മോട് വിളിച്ചുപറഞ്ഞു. ഓരോ രക്തസാക്ഷിയും കനലെരിയുന്ന ഒരു ചരിത്രമാണ്. രക്തസാക്ഷികള്‍ നടന്ന വഴികളാണ് നമുക്കു മുന്നിലെ വെളിച്ചം. ആ വെളിച്ചത്തിലൂടെയാണ് ഭൂമിയില്‍ ഫലവും സ്വര്‍ഗ്ഗത്തില്‍ പ്രതിഫലവും ലഭിക്കുന്ന ലക്ഷ്യത്തിലേക്ക് നാം ചുവടു വെക്കേണ്ടത്. സമര മുഖങ്ങളില്‍ സധീരം അണിച്ചേരണം എന്ന സന്ദേശമാണ് സൈനുല്‍ ആബിദിന്റെ രക്തസാക്ഷിത്വം നമുക്ക് നല്‍കുന്നത്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക