|    Apr 19 Thu, 2018 3:32 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഇഫ്‌ലു: അനിശ്ചിതത്വത്തിനിടയിലും നിരവധി മലയാളികള്‍ പ്രവേശനപ്പരീക്ഷയെഴുതി; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദ്യാര്‍ഥികള്‍

Published : 28th May 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി (ഇഫഌ) കാംപസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുമ്പോഴും നിരവധി മലയാളികള്‍ ഇത്തവണത്തെ പ്രവേശനപ്പരീക്ഷയെഴുതി. ഈ മാസം അഞ്ചുമുതല്‍ ബംഗളൂരു, ഹൈദരാബാദ്, ഷില്ലോങ്, വിശാഖപട്ടണം കേന്ദ്രങ്ങളില്‍ നടന്ന പ്രവേശനപ്പരീക്ഷയില്‍ പകുതിയോളം മലയാളികളാണു പരീക്ഷയെഴുതിയത്. മലപ്പുറം, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നാണു കൂടുതല്‍ അപേക്ഷകരുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലുണ്ടായിരുന്ന പരീക്ഷാ കേന്ദ്രങ്ങള്‍ പിന്‍വലിച്ചതോടെ ഏറെ ദുരിതം സഹിച്ചാണ് വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തത്. തികച്ചും അപ്രതീക്ഷിതമായിട്ടാണു കേരള സെന്ററുകള്‍ എടുത്തുകളഞ്ഞത്. പരീക്ഷയ്ക്കു മൂന്നുദിവസം മുമ്പ് ഹാള്‍ ടിക്കറ്റ് ലഭിക്കുമ്പോള്‍ മാത്രമാണു പലരും ഈ വിവരമറിഞ്ഞത്.
ഇംഗ്ലീഷ് ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മന്‍, റഷ്യന്‍, പേര്‍ഷ്യന്‍, അറബിക് തുടങ്ങിയ 13 ഭാഷകളില്‍ ഉന്നത പഠന, ഗവേഷണം, ഇന്റഗ്രേറ്റഡ് ജേര്‍ണലിസം(എംഎ), ബിഎഡ്, പിഎച്ച്ഡി തുടങ്ങിയ കോഴ്‌സുകളുള്ള ഇഫഌവിന് സംസ്ഥാനത്ത് കാംപസ് വരുന്നുണ്ടെന്നറിഞ്ഞതോടെയാണ് അപേക്ഷകര്‍ വര്‍ധിച്ചത്.
മുടങ്ങിപ്പോയ മലപ്പുറം കാംപസിനു വേണ്ടി പുതിയ സര്‍ക്കാര്‍ തുടര്‍പ്രവര്‍ത്തനം നടത്തുമോയെന്ന പ്രതീക്ഷയും കാരണമായിട്ടുണ്ടാവാമെന്നാണു പ്രമുഖ ഭാഷാ വിദഗ്ധര്‍ പറയുന്നത്. 2013ലാണ് ഹൈദരാബാദ് ആസ്ഥാനമായ ഇഫഌ മലപ്പുറത്ത് കാംപസ് തുടങ്ങാന്‍ ശ്രമം ആരംഭിച്ചത്. പാണക്കാട്ടില്‍ വ്യവസായവകുപ്പിന് കീഴിലെ കെഎസ്‌ഐഡിസിയുടെ 243 ഏക്കര്‍ ഭൂമിയില്‍ നിന്ന് ഇഫഌവിന് 75 ഏക്കര്‍ നല്‍കി. എന്നാല്‍ ഇതിനാവശ്യമായ ഫണ്ടനുവദിക്കാത്തതിനാല്‍ നടപ്പായില്ല.
കേന്ദ്രസര്‍ക്കാര്‍ കാര്യമായി സഹകരിക്കാത്തതും തടസ്സമായി. പ്രതിഷേധത്തിനൊടുവില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ കോഴ്‌സ് ആരംഭിച്ചു. എന്നാല്‍ ഭൂമി കൈമാറുന്നതിലെ യുഡിഎഫ് സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ സര്‍വകലാശാലയുടെ അതൃപ്തി നിലനില്‍ക്കുന്നതിനിടെ ആദ്യ കോഴ്‌സിനു ശേഷം കാംപസ് അടച്ചുപൂട്ടി. വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോള്‍ പാരിസ്ഥിതിക പ്രശ്‌നം സ്വാഭാവികമായും ഉണ്ടാവും. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സമരംചെയ്താല്‍ സ്ഥാപനങ്ങള്‍ മാറ്റേണ്ടിവരുമോയെന്ന വ്യവസായവകുപ്പിന്റെ ആശങ്കയും കാംപസിന്റെ അടച്ചുപൂട്ടലിനു പിന്നിലുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ 75 ഏക്കറില്‍ നിന്ന് കാന്‍സര്‍ സെന്ററിനായി 25 ഏക്കര്‍ തിരിച്ചെടുത്തു. ബാക്കിയുള്ള 50 ഏക്കറും തിരിച്ചെടുക്കുമോയെന്ന ആശങ്കയുമുണ്ട്.
എന്നാല്‍, ജില്ലയിലെ മന്ത്രിയും ചരിത്ര ഗവേഷകനുമായ കെടി ജലീല്‍ കാംപസിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താനുള്ള വിദൂര സാധ്യതയും വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss