|    Aug 20 Mon, 2018 1:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇഫ്താറിന്റെ മറവില്‍ വര്‍ഗീയ മുതലെടുപ്പിനുള്ള ശ്രമം പാളി

Published : 25th June 2017 | Posted By: mi.ptk

റഷീദ്  ഖാസിമി

റിയാദ്: ലോക യോഗാ ദിനാചരണത്തിന്റെ മറവില്‍ റിയാദിലെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരേ മലയാളികളുടെ വ്യാപക പ്രതിഷേധം. ഹിന്ദുത്വ പ്രചാരണം കൂടി ലക്ഷ്യംവച്ച് സൗദിയിലെത്തിയ സുരേന്ദ്രന്‍ വ്യാഴാഴ്ച സുവൈദിയയിലെ പൊതു ഇഫ്താറില്‍ പങ്കെടുക്കാന്‍ ശ്രമിച്ചത് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കി. സുവൈദിയ പള്ളിയോടനുബന്ധിച്ച് മലയാളികള്‍ക്കായി പ്രത്യേക ഭക്ഷണം തയ്യാറാക്കുന്ന ഇഫ്താറില്‍ പങ്കെടുത്ത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു നീക്കം. മുസ്‌ലിമായതിന്റെ പേരി ല്‍ തിരൂര്‍ കൊടിഞ്ഞിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ഫൈസല്‍ പതിവായി ഇഫ്താറിന്് എത്തിയിരുന്നത് സുവൈദി പള്ളിയിലായിരുന്നു. ഇവിടെ നടക്കുന്ന ഇഫ്താര്‍ സദസ്സില്‍ എല്ലാ വര്‍ഷവും നിസ്വാര്‍ഥ സേവനവുമായി ഫൈസലുണ്ടായിരുന്നു. എന്നാല്‍, ഫൈസലിനെ കൊലചെയ്യാന്‍ നേതൃത്വം നല്‍കിയെന്ന് ആരോപണം ഉയരുന്ന ഹിന്ദുത്വസംഘടനയുടെ നേതാവിന് ഇതേ പള്ളിയില്‍ തന്നെ ഇഫ്താര്‍ ഒരുക്കി മുതലെടുപ്പിന് അവസരം ഒരുക്കാനായിരുന്നു നീക്കം. ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കാനുള്ള പണപ്പിരിവു കൂടി ലക്ഷ്യമിട്ടാണ് സുരേന്ദ്രന്‍ എത്തിയിരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ഇവിടത്തെ ഇഫ്താറില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി നൂറുകണക്കിനു മലയാളികള്‍ തടിച്ചുകൂടി. ഫൈസലിന്റെ സുഹൃത്തുക്കളടക്കം നിരവധിപേര്‍ ഒത്തുചേര്‍ന്നതോടെ സംഭവം വഷളാവുമെന്ന് കണക്കുകൂട്ടി ഇഫ്താര്‍ ഒരു വീട്ടിലേക്കു മാറ്റി. കേരളത്തില്‍ പരസ്യമായി വര്‍ഗീയ പ്രസ്താവനകളും പ്രഭാഷണങ്ങളും നടത്തി പൊതുസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിനു കാരണക്കാരനായ സുരേന്ദ്രനെ റിയാദിലേക്ക് കൊണ്ടുവന്നത് സംഘപരിവാരത്തിന്റെ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു. മതേതര മുഖമണിഞ്ഞു പൊതുസമൂഹത്തില്‍ നില്‍ക്കുന്ന സംഘപരിവാര പ്രവര്‍ത്തകരുടെ ഏകോപനം, വര്‍ഗീയപ്രചാരണങ്ങള്‍ക്കു പുതിയ മുഖം നല്‍കല്‍, സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി ബിസിനസുകാരെ സന്ദര്‍ശിക്കല്‍, സംഘപരിവാരവുമായി ആഭിമുഖ്യം പുലര്‍ത്തുന്ന മുസ്‌ലിംകളെ ബിജെപിയിലേക്ക് അടുപ്പിക്കല്‍ തുടങ്ങി കൃത്യമായ അജണ്ടകളോടെയായിരുന്നു സന്ദര്‍ശനം. അതേസമയം, സൗദിയിലും ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള സംഘപരിവാരശ്രമത്തെ കരുതിയിരിക്കണമെന്നും ഇവര്‍ക്ക് സഹായം നല്‍കുന്ന വ്യക്തികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും നവസാമൂഹികപ്രസ്ഥാനങ്ങളും മതേതരവിശ്വാസികളും ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss