|    Sep 25 Tue, 2018 11:59 pm
FLASH NEWS

ഇഫ്താര്‍ സംഗമങ്ങള്‍ പ്രകൃതി സൗഹൃദമാവുന്നു

Published : 29th May 2017 | Posted By: fsq

 

കല്‍പ്പറ്റ: വ്രതാനുഷ്ഠാനവും ഇഫ്താര്‍ സംഗമങ്ങളും പ്രകൃതിക്കിണങ്ങുന്ന രീതിയിലാക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്‍ രംഗത്ത്. റമദാന്‍ നോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളും പ്ലാസ്റ്റിക് അല്ലെങ്കില്‍ പേപ്പറുകളില്‍ നിര്‍മിതമായ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദമാമായി സംഘടിപ്പിക്കുന്നതിനാണ് സര്‍ക്കാരും ശുചിത്വ മിഷനും ചേര്‍ന്നു ശ്രമം തുടങ്ങിയത്. റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ 30 ദിനങ്ങള്‍ പിന്നിടുമ്പോള്‍ പള്ളികളും പരിസരവും ഇഫ്താര്‍ സംഗമവേദികളും നോമ്പുതുറയ്ക്ക് ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതിനുപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ കൊണ്ട് നിറയുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതു കത്തിക്കുന്നതും കൂട്ടിയിടുന്നതും വലിച്ചെറിയുന്നതും മാരകരോഗങ്ങള്‍ക്കു കാരണമാവും. ജലസ്രോതസ്സുകളെയും ഇതു മലിനമാക്കും. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ പാലിച്ച് റമദാന്‍ നോമ്പുതുറകളുള്‍പ്പെടെയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് പ്രമുഖ സംഘടനകളിലൂടെയും പോഷക സംഘടനകളിലൂടെയും മഹല്ലുകളിലും ജമാഅത്ത് കമ്മിറ്റികളിലും എത്തിക്കാന്‍ ശ്രമിക്കും. കഴുകി ഉപയാഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍, സെറാമിക്‌സ് ഗ്ലാസുകളും പാത്രങ്ങളും സജ്ജീകരിക്കണം. പഴവര്‍ഗങ്ങള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ചെറിയ പാത്രങ്ങള്‍ ആവശ്യാനുസരണം ഒരുക്കണം. ആഹാരശേഷം പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ തന്നെ കഴുകിവയ്ക്കാന്‍ നിര്‍ദേശിക്കുന്നത് ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഏറെ സഹായകമാവും. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് സംവിധാനമൊരുക്കണം. മഹല്ല് ജമാഅത്ത് വക ഓഡിറ്റോറിയങ്ങളില്‍ നടത്തുന്ന എല്ലാ വിവാഹങ്ങളും പൊതുപരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം നടത്തണം. ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശങ്ങള്‍ ഭിത്തികളില്‍ ആലേഖനം ചെയ്യണം. വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അലങ്കാരങ്ങള്‍ ചെയ്യുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. ഓഡിറ്റോറിയങ്ങളുടെ വാടക എഗ്രിമെന്റുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉള്‍പ്പെടുത്തണം. ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം തുടങ്ങിയവ സംസ്ഥാനതലത്തില്‍ നടന്ന യോഗത്തിലെ തീരുമാനമാണ്. നോമ്പുതുറ, ഇഫ്താര്‍, തറാവീഹ് നമസ്‌കാരം, പെരുന്നാളാഘോഷം നബിദിനാഘോഷം, ഉറൂസുകള്‍ എന്നിവയോടനുബന്ധിച്ചുള്ള ഭക്ഷണപ്പൊതി വിതരണം വാഴയില പോലുള്ള പ്രകൃതി സൗഹൃദ വസ്തുക്കളിലാക്കുക. ഭക്ഷണം വാങ്ങാന്‍ എത്തുന്നവര്‍ സ്വന്തം പാത്രങ്ങള്‍ കൊണ്ട് വരുന്നതിന് ആഹ്വാനം ചെയ്യുക എന്നിവയും ഗ്രീന്‍ പ്രോട്ടോകോളില്‍പ്പെടും. റാലികള്‍, സമ്മേളനങ്ങള്‍, മതപ്രഭാഷണ പരമ്പരകള്‍ തുടങ്ങിയവ സംഘടിപ്പിക്കുമ്പോള്‍ കുപ്പിവെള്ളം കര്‍ശനമായി നിരോധിക്കണം. പള്ളികളിലും ഓഡിറ്റോറിയങ്ങളിലും അറബിക് കോളജുകളിലും മദ്‌റസകളിലും സ്‌കൂളുകളിലും കോളജുകളിലും ജൈവമാലിന്യങ്ങള്‍ കംപോസ്റ്റ്/ ബയോഗ്യാസ് ആക്കി മാറ്റുന്നതിനുള്ള ഉപാധികള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സേവനം പ്രയോജനപ്പെടുത്തി സ്ഥാപിക്കുക, പ്ലാസ്റ്റിക് ഉള്‍പ്പെടയുള്ള അജൈവ വസ്തുക്കള്‍ കഴുകി വൃത്തിയാക്കി ഉണക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ പാഴ്‌വസ്തു വ്യാപാരികള്‍ക്കോ നല്‍കുക എന്നീ നിര്‍ദേശങ്ങളും പ്രോട്ടോകോള്‍ മുന്നോട്ടുവയ്ക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss