|    Jan 19 Thu, 2017 3:50 am
FLASH NEWS

ഇഫഌ പഠനം നിഷേധിച്ച ജലീസ് ഇനി ജെഎന്‍യുവില്‍; പഠനം നിഷേധിച്ചത് ബീഫ് കഴിച്ചതിന്

Published : 7th August 2016 | Posted By: SMR

സമീര്‍  കല്ലായി

മലപ്പുറം: ബീഫ് കഴിച്ചതിന്റെ പേരില്‍ പഠനം നിഷേധിക്കപ്പെട്ട ജലീസിനിതു മധുരപ്രതികാരം. ഹൈദരാബാദ് ഇഫഌ അധികൃതര്‍ എംഫിലിന് പ്രവേശനം നിഷേധിച്ച മലപ്പുറം വെസ്റ്റ് കോഡൂരിലെ മുഹമ്മദ് ജലീസാണ് ജെഎന്‍യുവില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ ഡിസംബര്‍ 10നാണ് ജലീസും കൂട്ടുകാരും ഉസ്മാനിയ സര്‍വകലാശാലയില്‍ നടന്ന ബീഫ് ഫെസ്റ്റിവലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബീഫ് ബിരിയാണി കഴിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് ഈ യുവാവിന് വിനയാവുകയായിരുന്നു.
എംഎ അറബികിന് ഇഫഌവില്‍ നിന്ന് 84 ശതമാനം മാര്‍ക്കോടെ എപ്ലസ് നേടിയ ജലീസ് എംഫില്ലിന് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. പരീക്ഷയുടെ തലേന്ന് ഹാള്‍ ടിക്കറ്റ് ലഭിക്കാത്തത് അന്വേഷിച്ചപ്പോഴാണ് ബീഫ് കഴിച്ചതിനു തന്റെ പേരില്‍ കേസുണ്ടെന്നറിയുന്നത്. എന്നാല്‍ തൊട്ടുടനെ നടന്ന ബിഎ റഷ്യന്‍ പരീക്ഷയില്‍ പ്രവേശന പരീക്ഷ എഴുതി വിജയിച്ചെങ്കിലും അഡ്മിഷന്‍ നല്‍കിയില്ല. ബീഫ് കഴിക്കുന്നതു നിയമവിരുദ്ധമല്ലെന്നു ചൂണ്ടിക്കാട്ടി ജലീസ് വിസിക്ക് കത്തുനല്‍കിയെങ്കിലും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല.
വിവിധ വിദ്യാര്‍ഥി യൂനിയനുകള്‍ ജലീസിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും അവധിക്കാലമായതിനാല്‍ കാര്യമായ പ്രക്ഷോഭങ്ങളൊന്നുമുണ്ടായില്ല. ഇഫഌവില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലാത്തതും ജലീസിനു വിനയായി. ഇതേത്തുടര്‍ന്നാണ് ജലീസ് ഡല്‍ഹി ജെഎന്‍യുവിന്റെ പ്രവേശന പരീക്ഷയെഴുതി വിജയിക്കുന്നത്. ഫലസ്തീന്‍ എഴുത്തുകാരി ഷഹര്‍ ഖലീഫയുടെ പ്രതിരോധത്തിന്റെ പെണ്ണെഴുത്ത് തീസിസ് ആയി സമര്‍പ്പിച്ചാണ് ജലീസ് നേട്ടം കൊയ്തത്.
രണ്ടുവര്‍ഷംകൊണ്ട് എംഫില്‍ പൂര്‍ത്തിയാക്കി പിഎച്ച്ഡിക്കും അഡ്മിഷന്‍ കിട്ടുമെന്നതാണ് ജെഎന്‍യുവില്‍ പഠിക്കുന്നതിന്റെ നേട്ടം. ജലീസിന്റെ നേട്ടം കഴിഞ്ഞദിവസം തെലുങ്ക് മാധ്യമങ്ങള്‍ക്ക് വന്‍ വാര്‍ത്തയായിരുന്നു. ഈ മാസം ഒന്നിന് ജെഎന്‍യുവില്‍ എംഫില്ലിന് ചേര്‍ന്ന ജലീസിന് 16നാണ് ക്ലാസ് തുടങ്ങുക. ജെഎന്‍യു ഫെയിം കനയ്യകുമാറിനും ഉമര്‍ഖാലിദിനുമൊപ്പം ഫാഷിസത്തിനെതിരായുള്ള പ്രതിരോധത്തിന്റെ തീക്കനലുകള്‍ തീര്‍ക്കാന്‍ ജലീസുമുണ്ടാവും. റിട്ട. അധ്യാപകന്‍ കോഡൂര്‍ ഇല്ലത്തൊടി കുഞ്ഞഹമ്മദ് മുന്‍ഷിയുടെയും ഖദീജയുടെയും പുത്രനാണ്. 12 സഹോദരങ്ങളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക