|    Jun 22 Fri, 2018 4:48 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇപ്പോള്‍ നടക്കുന്നത് നിഴല്‍യുദ്ധം

Published : 14th November 2016 | Posted By: SMR

യുദ്ധങ്ങള്‍ എന്തിനു വേണ്ടി- 2  

ഡോ. സി കെ അബ്ദുല്ല

പ്രത്യക്ഷത്തില്‍ ആദര്‍ശ ശത്രുതയുള്ള ബഅസ്-സലഫി കൂട്ടായ്മയുടെ അധികാര താല്‍പര്യങ്ങള്‍ അമേരിക്കന്‍, റഷ്യന്‍, ഇറാന്‍ അധിനിവേശ താല്‍പര്യങ്ങള്‍ക്കു ഗുണകരമായതോടെ ഒരു ശക്തമായ ആയുധമായി ഖിലാഫത് ആശയക്കുഴപ്പം വീണ്ടും തലപൊക്കുകയായി. അറബ് മുസ്‌ലിം ലോകത്ത് തുര്‍ക്കി സുല്‍ത്താന്‍മാരുടെ സ്വാധീനം തകര്‍ക്കാന്‍ ബ്രിട്ടിഷ് സാമ്രാജ്യത്വം പയറ്റിയ അതേ തന്ത്രം ചില പരിഷ്‌കരണങ്ങളോടെ ആവര്‍ത്തിക്കപ്പെടുകയായി. മുമ്പ് ഹിജാസ് പ്രദേശത്തെ ശരീഫ് ഹസന്‍ ഭരണകൂടമാണ് ഖിലാഫത്തിന് അര്‍ഹതപ്പെട്ടവരെന്നും അവര്‍ ഖുറൈശി വംശജരാണെന്നും മക്കയാവണം ഖിലാഫത്തിന്റെ കേന്ദ്രമെന്നും പ്രചരിപ്പിച്ചത് ബ്രിട്ടനായിരുന്നു. ചരിത്രം ആവര്‍ത്തിച്ചു. ഐഎസ് ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വ്യക്തിപരമായ രേഖകളിലൊന്നും തെളിയാത്ത ഖുറൈശി തറവാടുബന്ധം ആദ്യം കേള്‍ക്കുന്നത് ബുക്ക ക്യാംപ് ചുമതലയുണ്ടായിരുന്ന അമേരിക്കന്‍ ജനറലില്‍നിന്നായിരുന്നു. പിന്നീട്, 2014 ജൂണ്‍ പത്തിന് മൗസിലിലെ മസ്ജിദുന്നൂര്‍ മിംബറില്‍ നിന്ന് ഖലീഫ ആദ്യവും (ഇതുവരെ) അവസാനവുമായി പ്രജകള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ട് താന്‍ മുസ്‌ലിംകളുടെ ഖലീഫ അബൂബക്കര്‍ അല്‍ ഹുസയ്‌നി അല്‍ ഖുറൈശിയാണെന്ന് സ്വയം പരിചയപ്പെടുത്തിയശേഷമാണ് ഐഎസ് സാഹിത്യങ്ങള്‍ പുതിയ ഖുറൈശിപ്പേര് പ്രചരിപ്പിച്ചു തുടങ്ങിയത്.
ഇസ്‌ലാമിക് സ്‌റ്റേറ്റും ഖിലാഫത്തും ഖലീഫയുമെല്ലാം രംഗപ്രവേശം ചെയ്തതോടെ ഭീകരവിരുദ്ധ യുദ്ധകാഹളങ്ങളും മുഴങ്ങി. പക്ഷേ, ഇറാഖ്, സിറിയ പ്രദേശങ്ങളിലെ ഐഎസ് കൈയടക്കിയ എണ്ണ നിക്ഷേപങ്ങളില്‍ നിന്നു പോവുന്ന എണ്ണ ടാങ്കറുകള്‍ക്ക് ഇന്നുവരെ കാര്യമായ വഴിതടസ്സങ്ങളില്ല. അവിടങ്ങളില്‍നിന്ന് ഓരോ ദിവസവും 80നടുത്ത് ടാങ്കറുകള്‍ എണ്ണ വഹിച്ചു പോവുന്നുവെന്നാണ് പറയപ്പെടുന്നത്. യുദ്ധം വേറെ, എണ്ണക്കച്ചവടം വേറെ. അതുപോലെ, അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും മേല്‍ക്കൈ നേടിയ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഐഎസ് നടത്തുന്ന ആശയപ്രചാരങ്ങള്‍ക്കും റിക്രൂട്ട്‌മെന്റ് കാംപയിനുകള്‍ക്കും തടസ്സങ്ങളില്ല. ട്വിറ്റര്‍ സാമൂഹികമാധ്യമത്തില്‍ മാത്രം ഐഎസ് ഉപയോഗിക്കുന്ന 50,000ത്തിലധികം അക്കൗണ്ടുകള്‍ ഇപ്പോഴും സജീവമാണുപോലും. ഫേസ്ബുക്ക്, യുട്യൂബ് ചാനല്‍ തുടങ്ങിയവയും തഥൈവ. ഹമാസ് പോലുള്ള ചെറുത്തുനില്‍പ്പുസംഘങ്ങള്‍ ഇറക്കിയ ചില സംഗീത ക്ലിപ്പുകള്‍ ഇസ്രായേലികളെ ഭയപ്പെടുത്തിയെന്ന കാരണം പറഞ്ഞു മണിക്കൂറുകള്‍ക്കകം നീക്കംചെയ്തവരാണ് യുട്യൂബുകാര്‍. സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്ക രൂപീകരിച്ചതും 60ലധികം രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ മഹാസഖ്യം ഐഎസിനെ തകര്‍ക്കാനുള്ള ഘോരയുദ്ധത്തിലാണെന്നു നാം വിശ്വസിച്ചേ പറ്റൂ. അതുപോലെ, അഭൂതപൂര്‍വമായ മനുഷ്യസ്‌നേഹമുള്ള സോഷ്യലിസ്റ്റ് തലതൊട്ടപ്പന്‍ റഷ്യ കടക്കെണിയില്‍ മുങ്ങിയിട്ടും ഇത്ര ദൂരം വന്നു സിറിയയില്‍ ബോംബ് വര്‍ഷിക്കുന്നത് ഭീകരരില്‍നിന്ന് ആ പാവം രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനാണെന്നും മറക്കാതെ ഉരുവിട്ടുകൊണ്ടിരിക്കുക.
കൊട്ടിഘോഷിക്കപ്പെടുന്ന മൗസില്‍ യുദ്ധമോ ഇനിയും കാഹളം മുഴങ്ങിയേക്കാവുന്ന യുദ്ധങ്ങളോ ഐഎസിനെ തകര്‍ക്കുമെന്ന് കരുതേണ്ടതില്ല. അമേരിക്കന്‍ സഖ്യത്തിലെ പലരും പ്രത്യേക താല്‍പര്യങ്ങളോടെ പ്രത്യക്ഷമായും പരോക്ഷമായും ഐഎസ് വളര്‍ച്ചയെ സഹായിച്ചവരാണ്. ജനകീയ രാഷ്ട്രീയ ബദലുകള്‍ ഉയര്‍ന്നുവരുന്നത് ‘ഇസ്‌ലാമികമായി’ തടയലായിരുന്നു സഖ്യത്തിലെ ചിലരുടെ താല്‍പര്യം. അവ നടന്നുകിട്ടിയപ്പോള്‍ കാണുന്നത് ഐഎസ്  തിരിഞ്ഞുകുത്താന്‍ വരുന്നതാണ്. ഇനിയിപ്പോള്‍ നിഴലിനെതിരേയെങ്കിലും വാളെടുത്തേ പറ്റൂ. മേഖലയിലെ മറ്റു സംഘര്‍ഷങ്ങളിലും സമാനസ്വഭാവം കാണാം. യമനില്‍ ജനകീയ വിപ്ലവം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് അലി സാലിഹിന് അഭയം കൊടുക്കുകയും വിപ്ലവത്തിനെതിരേ തിരിയാന്‍ ഹൂഥികളെ സഹായിക്കുകയും ചെയ്തവര്‍ തന്നെയാണ് ഇപ്പോള്‍ അവര്‍ക്കെതിരേ വിശുദ്ധ സഖ്യം രൂപീകരിച്ച് യുദ്ധം നയിക്കുന്നതും. വിശുദ്ധ സഖ്യത്തിന്റെ ഭാഗമായ ഒരു പണാധിപത്യം ഇപ്പോഴും അലി സാലിഹിന്റെ മകന്‍ അഹ്മദ് സാലിഹ് കൈയടക്കിയ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിനെ സഹായിക്കുന്നുണ്ട്.
താല്‍പര്യങ്ങള്‍ വ്യക്തമാണ്. അറബ് ലോകത്ത് അധിനിവേശം പുനസ്ഥാപിക്കാന്‍ നവ സാമ്രാജ്യത്വങ്ങള്‍ക്ക് ശത്രുക്കളും യുദ്ധങ്ങളും കൂടിയേ തീരൂ. അതിനിപ്പോള്‍ ഏറ്റവും പറ്റിയ ലേബലാണ് ഐഎസ്. അമേരിക്കന്‍ സൈന്യത്തിന്റെ ഭൗതികസാന്നിധ്യം വീണ്ടും ഇറാഖില്‍ ആവശ്യമുണ്ടെന്നു മൗസില്‍ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് അവര്‍ പറഞ്ഞത് ശ്രദ്ധിക്കുക. അധിനിവേശവിരുദ്ധ ചെറുത്തുനില്‍പുകളെ തകര്‍ത്തുകൊടുത്ത ഐഎസിന്റെ പേരു പറഞ്ഞ് എതിര്‍പ്പുകളില്ലാത്ത അമേരിക്കന്‍ സൈനികകേന്ദ്രം ഇറാഖില്‍ വീണ്ടും വരുമെന്നര്‍ഥം. സിറിയയിലാവട്ടെ, പറ്റിയ ഇടം നോക്കി റഷ്യയുടെ സ്ഥിരം സൈനികതാവളം സ്ഥാപിക്കാന്‍ സഹായിക്കുന്നത് ഗതിമുട്ടിയ അസദും പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്റെ പുതിയ പതിപ്പും മാത്രമല്ല, മറിച്ചിട്ട അട്ടികള്‍ക്കു മുകളില്‍ നാട്ടിയ സിംഹാസനത്തില്‍ ഇരിക്കുന്ന പുതിയ ഫറോവമാരുമുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഇസ്‌ലാമിക രാജ്യം) എന്നു കേള്‍ക്കുമ്പോഴേ ലോകം ഞെട്ടിപ്പോവുന്ന വാര്‍പ്പുമാതൃക നിലനില്‍ക്കണമെന്നത് മറ്റൊരു സംയുക്ത താല്‍പര്യമായതിനാല്‍ ഐഎസിനെതിരേ നിഴല്‍യുദ്ധം നീണ്ടുപോവുകയേ ഉള്ളൂ. ലോകത്തെവിടെയും ഇസ്‌ലാമിക മുന്നേറ്റങ്ങളുടെ നേതൃത്വത്തില്‍ രാഷ്ട്രീയമാറ്റങ്ങള്‍ വരുന്നത് ഭയപ്പെടുന്നവര്‍ക്കെല്ലാം അതുപകരിക്കും. ഐഎസിനെ അറബ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ‘ദാഇശ്’ (ഐഎസ്‌ഐസ് എന്ന ചുരുക്കപ്പേരിന്റെ അറബി രൂപം) എന്ന പദമിപ്പോള്‍ ‘തീവ്രവാദി’, ‘ഭീകരവാദി’ തുടങ്ങിയ സാമ്രാജ്യത്വ നിര്‍മിതിയുടെ പര്യായമായി മാറിയിട്ടുണ്ട്. എന്നാല്‍ അറബ് ലോകത്തെ ഭരണകൂടങ്ങള്‍ അവര്‍ക്ക് അസ്‌ക്യതയുണ്ടാക്കുന്ന ഏതു മുന്നേറ്റങ്ങളെയും ഇപ്പോള്‍ ദാഇശ് എന്നു വിളിക്കുന്നു. ഐഎസ് ശത്രുപട്ടികയില്‍ പെടുത്തിയിട്ടുള്ള ഇഖ്‌വാനികള്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്) ഈജിപ്ത്, സിറിയ ഭരണകൂടങ്ങള്‍ക്ക് ദാഇശികളാണ്.
ഐഎസ് പോലുള്ള സംഘങ്ങളില്‍ നിന്നും ഉദ്ദിഷ്ടഫലം ലഭിക്കുന്നത് കുറയുന്ന മുറയ്ക്ക് അവര്‍ക്കെതിരേയുള്ള പ്രഹരം സാമ്രാജ്യത്വം ശക്തമാക്കും. അതുവരെ ഇടയ്ക്കിടെ ഐഎസിനിട്ട് ഓരോ വെടി പൊട്ടിച്ച് തങ്ങള്‍ ജോലിത്തിരക്കില്‍ തന്നെയാണെന്ന് അന്താരാഷ്ട്രസമൂഹത്തെ ബോധ്യപ്പെടുത്തും. മൗസിലില്‍ തുര്‍ക്കി ഇടപെടുന്നത് തടയാന്‍ അമേരിക്കയും ഇറാനും ചേര്‍ന്ന് ഇറാഖ് സര്‍ക്കാരിനെ രംഗത്തിറക്കിയത് ഉദാഹരണം. സിറിയയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഐഎസിനെ തുരത്താന്‍ തുര്‍ക്കി നേരിട്ട് ഇടപെട്ടത് നിമിത്തം ഐഎസിന്റെ പ്രധാന പ്രചാരണായുധമായിരുന്ന ‘ദാബിഖ്’ അവര്‍ക്ക് നഷ്ടമായിരുന്നു. ദാബിഖ് നഷ്ടപ്പെട്ടതോടെ, ഇതൊക്കെ എന്തു യുദ്ധം, അവസാനകാലത്തെ യുദ്ധത്തിന് ഇനിയെത്ര കിടക്കുന്നു എന്ന മട്ടിലാണ് ഐഎസ് വൃത്തങ്ങളുടെ വിശദീകരണം.
മൗസിലില്‍ തുര്‍ക്കി കാര്യമായി ഇടപെടുകയാണെങ്കില്‍ യുദ്ധം സാമ്രാജ്യത്വം ഉദ്ദേശിച്ചപോലെയാവണമെന്നില്ല.  തുര്‍ക്കിയില്‍ ഇടയ്ക്കിടെ ആക്രമണം നടത്തുന്ന ഐഎസ്, ശിയാ വിഭാഗത്തിനെതിരേ സ്ഥിരം തെറിവിളികള്‍ക്കപ്പുറം ഇറാനെ വിമര്‍ശിക്കാറില്ല. ഇറാഖില്‍  ഐഎസ് വിരുദ്ധ യുദ്ധങ്ങളില്‍ പങ്കെടുത്ത ശിയാ സായുധസംഘം ഫലൂജയിലും മറ്റും സുന്നി വിഭാഗത്തിലെ സാധാരണ ജനതയ്‌ക്കെതിരേ അരുംകൊലകള്‍ നടത്തിയിരുന്നു. മൗസില്‍ യുദ്ധത്തിന് ശിയാ സംഘങ്ങളെ പ്രചോദിപ്പിക്കുന്ന നേതാക്കള്‍ ഹുസയ്‌ന്റെ രക്തത്തിനു പകരംചോദിക്കാന്‍ മൗസില്‍ വാസികളായ സുന്നി വിഭാഗത്തെ അരിഞ്ഞുനിരത്തുന്നതിന് പച്ചയായി ആഹ്വാനം ചെയ്യുന്നുണ്ട്. എന്നിട്ടും കഴിഞ്ഞ ദിവസം ഇറങ്ങിയ ഐഎസ് നേതാവിന്റെ മൗസില്‍ യുദ്ധ ശബ്ദരേഖയില്‍  മുര്‍തദ്ദുകളായ (ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയ) തുര്‍ക്കിക്കെതിരേയും ചതിയരായ ഇഖ്‌വാനികള്‍ക്കെതിരേയുമാണ് ആക്രോശം. പാവം ഇഖ്‌വാനികള്‍.

(അവസാനിച്ചു.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss