|    Jun 18 Mon, 2018 9:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇപിയുടെ തിരിച്ചുവരവ് വിജിലന്‍സ് റിപോര്‍ട്ടിനെ ആശ്രയിച്ച്

Published : 15th October 2016 | Posted By: SMR

ഹനീഫ എടക്കാട്

തിരുവനന്തപുരം: പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം, മന്ത്രിസഭയില്‍ രണ്ടാമന്‍- അതായിരുന്നു ഇന്നലെ വരെ ഇ പി ജയരാജന്‍. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പിബിയിലെത്താന്‍ സാധ്യതയുള്ള നേതാക്കളിലൊരാളും. പക്ഷേ, ബന്ധുനിയമന വിവാദത്തില്‍ പെട്ടതോടെ മന്ത്രിസഭയില്‍ നിന്നു പടിയിറങ്ങേണ്ടിവന്നിരിക്കുകയാണ്. സംഘടനാ നടപടി പിന്നാലെയുണ്ടാവുമെന്നും വ്യക്തമാണ്. കേന്ദ്ര കമ്മിറ്റിയില്‍ തുടരാനാവുമോയെന്ന കാര്യത്തിലും ഉറപ്പില്ല. ഇതിനേക്കാളുമപ്പുറം ഇപിയുടെ രാഷ്ട്രീയജീവിതം തന്നെ വിജിലന്‍സ് അന്വേഷണസംഘത്തിന്റെ റിപോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുപോവുക. വിജിലന്‍സ് പ്രത്യേക സംഘത്തിന്റെ യൂനിറ്റ്-2 എസ്പി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ ജയരാജനെതിരേ പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒന്നരമാസത്തിനകം റിപോര്‍ട്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. അന്വേഷണത്തില്‍ നിയമനത്തില്‍ ക്രമക്കേടും അഴിമതിയും കണ്ടെത്തിയാല്‍ പിന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അന്വേഷണത്തില്‍ വിജിലന്‍സിന്റെ ഭാഗത്തുനിന്നു ക്ലീന്‍ചിറ്റാണ് ലഭിക്കുന്നതെങ്കില്‍ ഇപിക്ക് മന്ത്രിസഭയിലേക്ക് പുനഃപ്രവേശനം ഉണ്ടാവുമെന്ന് ഉറപ്പാണ്. മറിച്ച്, റിപോര്‍ട്ട് പ്രതികൂലമായാല്‍ ഇപിയുടെ രാഷ്ട്രീയജീവിതത്തിനു തന്നെ അത് കരിനിഴല്‍ വീഴ്ത്തും. അഴിമതിക്കേസില്‍ നടപടി നേരിടേണ്ടിവരുന്നയാള്‍ക്ക് പാര്‍ട്ടിയില്‍ വലിയ സ്ഥാനമൊന്നും ലഭിക്കില്ല. കൂടാതെ, അണികള്‍ അകലുമെന്നും വ്യക്തമാണ്. ഇത് രാഷ്ട്രീയഭാവി ഇരുളടഞ്ഞതാക്കും. പലവിധ കാരണങ്ങളാല്‍ നേതൃസ്ഥാനത്തുനിന്നു പുറത്തുപോകേണ്ടിവരുകയും അണികള്‍ കൈയൊഴിയുകയും ചെയ്ത നേതാക്കളുടെ ചരിത്രം കണ്ണൂരില്‍ തന്നെ ഏറെയുണ്ട്. നിയമനവിവാദം ഉയര്‍ന്നതു മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഇ പി ജയരാജനു നേരിടേണ്ടിവരുന്നത്. നിരവധി രക്തസാക്ഷികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് താങ്കള്‍ക്ക് ലഭിച്ച മന്ത്രിസ്ഥാനമെന്നും അത് അഴിമതി നടത്താനുള്ളതല്ലെന്നും ഓര്‍മിപ്പിച്ചുള്ള പോസ്റ്റുകളാണ് വിവാദസമയം നിറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലടക്കം അലയടിച്ച പ്രതിഷേധത്തിന്റെ പരിണിതഫലം കൂടിയാണ് വിജിലന്‍സ് അന്വേഷണവും രാജിയും. കഴിഞ്ഞ 6നാണ് ബന്ധുനിയമന വിവരങ്ങള്‍ പുറത്തായത്. ഭാര്യാസഹോദരിയും എംപിയുമായ പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിനെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍സ് എന്റര്‍—പ്രൈസസിന്റെ (കെഎസ്‌ഐഇ) എംഡിയായും, മന്ത്രിയുടെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി നിഷാദിനെ കണ്ണൂര്‍ പഴയങ്ങാടി ക്ലേ ആന്റ് സിറാമിക്‌സിന്റെ ജനറല്‍ മാനേജറായുമാണ് ജയരാജന്‍ നിയമിച്ചത്. ഇതാണ് ഇപ്പോള്‍ പുലിവാലായതും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിസ്ഥാനം മുതല്‍ കേന്ദ്ര കമ്മിറ്റി വരെ പിണറായി, കോടിയേരി എന്നിവരുടെ പിന്‍ഗാമിയെന്ന നിലയിലായിരുന്നു ഇപിയുടെ പാര്‍ട്ടിയിലെ വളര്‍ച്ച. പിണറായിക്കും കോടിയേരിക്കും ശേഷമായിരുന്നു ഇപി മന്ത്രിസ്ഥാനത്തെത്തിയതും. നാളിതുവരെ ഐക്യത്തോടെ മുന്നേറിയ ചരിത്രവുമായിരുന്നു ഇവരുടേത്. ഇതിനൊക്കെ പരിക്കേല്‍പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സംഭവവികാസങ്ങളാണ് ബന്ധുനിയമനത്തോടെ ഉടലെടുത്തത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലും പിണറായി വിജയനില്‍ നിന്ന് ഒരു പിന്തുണയും ജയരാജനു ലഭിച്ചില്ല. ഇനി ആകെ പ്രതീക്ഷയുള്ളത് വിജിലന്‍സിന്റെ റിപോര്‍ട്ടിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss