|    Jul 26 Wed, 2017 4:17 am
FLASH NEWS

ഇന്‍സുലേറ്റര്‍ നന്നാക്കാന്‍ നടപടിയില്ല; കുഴി എടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു

Published : 13th October 2016 | Posted By: Abbasali tf

കളമശ്ശേരി:  രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പുതിയ രോഗങ്ങള്‍ പകര്‍ന്നു നല്‍കിയുള്ള എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ മാലിന്യസംസ്‌കരണം വിവാദമാകുന്നു. മെഡിക്കല്‍ കോളജിന്റെ ഒപിയ്ക്ക് സമീപവും കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു സമീപവും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴികള്‍ എടുത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മരുന്നുകളുടെ അവശിഷ്ടങ്ങളും ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത്. മാലിന്യം തള്ളുന്ന കുഴികള്‍ക്ക് ചുറ്റും ദുര്‍ഗന്ധം വമിക്കുകയാണ്. തെരുവുനായ്ക്കളും നിരവധിയാണ്. മെഡിക്കല്‍ കോളജിലെ ഇന്‍സിനേറ്റര്‍ തകരാറിലായിട്ട് രണ്ട് മാസത്തിലേറെയായി. എന്നാല്‍ ഈ അറ്റകുറ്റപ്പണികള്‍ നടത്തി മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നടപടിയെടുക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരവധി വലിയ കുഴികള്‍ ആണ് മാലിന്യം നിക്ഷേപിക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് തുടരുകയാണ്. കോടതി വിലക്ക് നിലനിന്നിട്ടും അതൊന്നും വകവയ്്ക്കാതെ കുട്ടികളുടെ ഹോസ്റ്റലിനു സമീപത്തായി ഇട്ടാണ് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. ഇതില്‍നിന്നും ഉയരുന്ന പുകയുടെ ദുര്‍ഗന്ധം ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും ദുരിതമാവുകയാണ്. മാലിന്യങ്ങള്‍ കുഴികളില്‍ നിക്ഷേപിക്കുന്നത് മെഡിക്കല്‍ കോളജ് പരിസരത്ത് തെരുവുനായ്ക്കള്‍ വര്‍ധിക്കാനും കാരണമാവുന്നതായി നാട്ടുകാര്‍ പറയുന്നു. മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നത് രോഗത്തിന് ചികില്‍സിക്കാന്‍ എത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക