|    Apr 21 Sat, 2018 9:25 am
FLASH NEWS

ഇന്‍ഷുറന്‍സ് കമ്പനികളുടെ മറവില്‍ കോടികളുടെ തട്ടിപ്പ്

Published : 15th July 2017 | Posted By: fsq

 

ശാസ്താംകോട്ട: പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ മറവില്‍ വാഹന ഉടമകളെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിവന്നയാളെ പോലിസ് പിടികൂടി. ഭരണിക്കാവ് ടൗണില്‍ ക്ഷേത്രത്തിനു സമീപം ശ്രീ അമ്പാടി ഗ്രൂപ്പ് ഓഫ് ഇന്‍ഷുറന്‍സ് എന്ന സ്ഥാപനം നടത്തിവന്ന പടിഞ്ഞാറെ കല്ലട സ്വദേശി അമ്പാടി കുട്ടാകുറുപ്പ് എന്നയാളാണ് പിടിയിലായത്. ഇയാളെ സിഐ എ പ്രസാദിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ശൂരനാട് ജങ്ഷനിലാണ് സ്ഥാപനത്തിന്റെ ഹെഡ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കുന്നത്തൂര്‍ സ്വദേശിയായ സന്തോഷ്‌കുമാറിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴോടെ കടപുഴ പൗണ്ട്മുക്കില്‍ വച്ചാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്നലെ രാവിലെ 11ഓടെ ശാസ്താംകോട്ട സിഐ എ പ്രസാദ്, എസ് ഐ ആര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി രേഖകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുക്കുകയും സ്ഥാപനം സീല്‍ ചെയ്യുകയും ചെയ്തു. ചോള, ബജാജ്, റിലയന്‍സ്, യുനൈറ്റഡ് തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികളുടെ പേരിലായിരുന്നു തട്ടിപ്പ് അരങ്ങേറിയിരുന്നത്. വാഹന, കെട്ടിട, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളാണ് ഇവിടെ നിന്നും ലഭിച്ചിരുന്നത്. ഇന്‍ഷുറന്‍സ് തുക പിരിച്ചെടുക്കാന്‍ യുവതികള്‍ ഉള്‍പ്പടെ 25 ഓളം ഫീല്‍ഡ്സ്റ്റാഫുകളും ഉണ്ടായിരുന്നു. നാല് വര്‍ഷമായി  ഭരണിക്കാവില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തില്‍ നേരിട്ടെത്തി പണമടയ്ക്കുന്നവരും നിരവധിയായിരുന്നു. ഇന്‍ഷുറന്‍സ് അടയ്ക്കാനെത്തുന്നവരില്‍ നിന്നും പണം സ്വീകരിച്ചശേഷം പണം അടയ്ക്കാതെ കമ്പനിയുടെ പേരില്‍ പ്രെപ്പോസല്‍ നല്‍കുകയായിരുന്നു പതിവ്.  വ്യാജരേഖയാണ് ലഭിച്ചതെന്നറിയാതെ ഉടമകള്‍ ഇത് സൂക്ഷിക്കുകയായിരുന്നു. ക്ലയിമുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രധാന ഓഫിസുകളിലെത്തുമ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം ഉടമകള്‍ അറിയുന്നത്. ഇവര്‍ ഭരണിക്കാവിലെ ഓഫിസില്‍ പരാതിയുമായെത്തുമ്പോള്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുകയായിരുന്നു പതിവ്. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ക്ലയിമിനായി സമീപിക്കുമ്പോഴും മറ്റൊരാളുടെ പേരിലേക്ക് മാറ്റുമ്പോഴുമാണ് വ്യാജ ഇന്‍ഷുറന്‍സ് പ്രശ്‌നമായി വന്നിരുന്നത്. സ്വകാര്യബസുകളുടെ മാനേജര്‍മാര്‍ 33000 രൂപവീതം ഇന്‍ഷുറന്‍സ് അടയ്ക്കുമ്പോള്‍ ഉടമകളറിയാതെ 5000 രൂപ വീതം കമ്മീഷന്‍ നല്‍കുക പതിവായിരുന്നു. ഇതിനാല്‍ നിരവധി ബസ് ഉടമകളാണ് വഞ്ചിക്കപ്പെട്ടത്.  കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടയില്‍ കുന്നത്തൂര്‍ തുരുത്തിക്കര സ്വദേശി സന്തോഷ്‌കുമാറിന്റെ ഓട്ടോറിക്ഷയുടെ ഇന്‍ഷുറന്‍സ് രേഖ പരിശോധിക്കവെ അവ വ്യാജമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരാണ് കണ്ടെത്തിയത്. തുടര്‍ന്ന് സന്തോഷ്‌കുമാര്‍ ശാസ്താംകോട്ട പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതറിഞ്ഞ സ്ഥാപനമുടമ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇയാളെ ബന്ധപ്പെട്ടെങ്കിലും വഴങ്ങിയില്ല. അതിനിടെ ഇന്‍ഷുറന്‍സ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉടമയുടെ മകന്‍ അഖില്‍ അമ്പാടിയുടെ പേരിലാണെന്നും ഇയാള്‍ ഗള്‍ഫിലാണെന്നും പറയപ്പെടുന്നു. ഫീല്‍ഡ്  സ്റ്റാഫുകളായി ജോലി ചെയ്ത യുവതികള്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കിയിരുന്നില്ലെന്നും പരാതിയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss