|    Oct 22 Mon, 2018 9:22 am
FLASH NEWS
Home   >  News now   >  

ഇന്‍ശാഅല്ലായുടെ പ്രാധാന്യം

Published : 22nd May 2018 | Posted By: G.A.G

ഇംതിഹാന്‍ ഒ അബ്ദുല്ല

പ്രവാചകന്‍ മക്കയില്‍ ഇസലാമിക പ്രബോധനമാരംഭിച്ചിട്ട്  ഏകദേശം അഞ്ചു വര്‍ഷം പിന്നിട്ട സമയം.  പ്രബോധനത്തിന്റെ ആദ്യനാള്‍ മുതല്‍ ആരംഭിച്ച പരിഹാസങ്ങളും പ്രലോഭനങ്ങളും അവക്കകമ്പടിയായി പിന്നീട് എത്തിയ  പീഡനങ്ങളും ഒന്നുംതന്നെ  ശക്തി പ്രാപിച്ചു വരുന്ന ഇസലാമിക മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമല്ലെന്നു അനുദിനം ഇസലാമിലേക്കു കടന്നു വരുന്നവര്‍ തെളിയിച്ചു.  ഖുറൈശികള്‍ അസ്വസ്ഥരായി.  ഖുറൈശി നേതാക്കള്‍ ഒത്തുചേരുമ്പോഴെല്ലാം ചര്‍ച്ച പുതിയ വിപത്തിനെക്കുറിച്ചായി.  സാമൂഹികവ്യവസ്ഥകള്‍ തകര്‍ക്കുന്ന,കുടുംബങ്ങളില്‍ ഛിദ്രത സൃഷ്ടിക്കുന്ന ഈ വിപത്തിനെ പ്രത്യേകിച്ച് അടിസ്ഥാനങ്ങളൊന്നുമില്ലാതെ വെറുതെ  വ്യാജാരോപണങ്ങളുന്നയിച്ചതു കൊണ്ടു മാത്രം നേരിടാനാവില്ലെന്നവര്‍ തിരിച്ചറിഞ്ഞിരുന്നു.  അതിനാല്‍ തന്നെ കുറേക്കൂടി യുക്തിഭദ്രമായ രീതിയില്‍ എതിര്‍ത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പേകുമെന്നവര്‍ മനസിലാക്കി.  അതിനായി തങ്ങള്‍ക്ക് അപരിചിതമായ പ്രവാചകത്വം, ദിവ്യവെളിപാട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാവുന്ന മുന്‍ കാല പ്രവാചകന്‍മാരുടെ അനുയായികളായ വേദക്കാരു (ക്രിസ്ത്യാനികളും ജൂതന്‍മാരും) ടെ സഹായം തേടാന്‍ തീരുമാനിച്ചു.  തദാവശ്യാര്‍ത്ഥം യസ്‌രിബിലേക്ക്(ഇന്നത്തെ മദീന) ദൂതന്‍മാരെ അയക്കാനും തീരുമാനമായി. ഖുറൈശീനേതാവായിരുന്ന നള്‌റ്ബിനുഹാരിസയുടെ നേതൃത്വത്തിലുളള ദൗത്യസംഘം യസരിബിലെത്തി ജൂത പുരോഹിതന്‍മാരുമായി സന്ധിച്ചു വിഷയം ധരിപ്പിച്ചു.  യാഥാര്‍ത്ഥ്യം മനസിലാക്കാനുതകുന്ന മാര്‍ഗങ്ങളെക്കുറിച്ച് ആരാഞ്ഞു.  മറുപടിയായി ജൂത പുരോഹിതന്‍മാര്‍ പ്രവാചകനോടു ചോദിക്കാന്‍ മൂന്നു ചോദ്യങ്ങള്‍ പറഞ്ഞു കൊടുത്തു. ‘
ഈ ചോദ്യങ്ങള്‍ക്കെല്ലാം മുഹമ്മദ് കൃത്യമായി ഉത്തരം നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിയോഗിച്ച പ്രവാചകനാണ് അദ്ദേഹം. ഇനി സാധ്യമാകുന്നില്ലെങ്കിലോ അസത്യത്തിന്റെ പ്രചാരകനാണ് അയാള്‍ എന്നുറപ്പിക്കുകയും ചെയ്യാം. സംഘം മക്കയില്‍ തിരിച്ചെത്തി ഖുറൈശീനേതാക്കളെ കാര്യം ധരിപ്പിച്ചു.  ഇത്തവണ മുഹമ്മദ് പെട്ടതു തന്നെ, അറബികള്‍ക്കജ്ഞാതമായ  വൃത്താന്തങ്ങള്‍ അവന് എവിടെ നിന്നു കിട്ടാനാണ് ഇതോടെ അവന്റെ ശല്യം അവസാനിക്കും എന്നായിരുന്നു നേതാക്കളുടെ പ്രതികരണം.  അവര്‍ പ്രവാചനോട് വിഷയമവതരിപ്പിച്ചു.  എന്നാല്‍ ചോദ്യങ്ങള്‍ ശ്രവിച്ച പ്രവാചകന്‍ യാതൊരു ഭാവഭേദവുമില്ലാതെ അടുത്ത ദിവസം മറുപടി നല്‍കാമെന്ന് പ്രതികരിച്ചു.  എന്നാല്‍ അദ്ദേഹം അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ (ഇന്‍ശാഅല്ലാഹ്) എന്നു പറഞ്ഞിരുന്നില്ല.  പിറ്റേ ദിവസം മറുപടി പ്രതീക്ഷിച്ചു കൊണ്ട് ഖുറൈശികള്‍ പ്രവാചകനെ സമീപിച്ചെങ്കിലും അദ്ദേഹത്തിന് വഹയ് ലഭിച്ചിട്ടില്ലായിരുന്നതിനാല്‍ അവരെ  മടക്കേണ്ടി വന്നു.  തൊട്ടടുത്ത ദിവസങ്ങളിലും പ്രവാചകന് വഹയ് ലഭിച്ചില്ല.  പതിനഞ്ചു ദിവസം ഈ നില തുടര്‍ന്നു. ശത്രുക്കള്‍ പ്രവാചകനെ കണക്കിനു പരിഹസിച്ചു.  മുഹമ്മദിന്റെ പ്രവാചകത്വവാദം പൊളിഞ്ഞതായി അവര്‍ പ്രചരിപ്പിച്ചു.  ദിവ്യവെളിപ്പാടെന്ന പേരില്‍ മുഹമ്മദ് സ്വയം ജല്‍പനങ്ങള്‍ നടത്തുകയായിരുന്നുവെന്നും അതു കൊണ്ടാണ് അറബികള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് മറുപടി നല്‍കാന്‍ സാധിക്കാത്തതെന്നും അവര്‍ പറഞ്ഞു പരത്തി. ശത്രുക്കളുടെ ആക്ഷേപങ്ങള്‍ പ്രവാചകനെ വേദനിപ്പിച്ചെങ്കിലും ക്ഷമാപൂര്‍വ്വം പ്രാര്‍ത്ഥനാനിരതനായി ദിവസങ്ങള്‍ കഴിച്ചു കൂട്ടി.  ഒടുവില്‍ ജിബരീല്‍ ആഗതനായി.  എന്നാല്‍ ഖുറൈശികളുടെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്നതിനു മുമ്പായി പ്രവാചകനില്‍ നിന്നും വന്ന വീഴ്ചയെ തിരുത്തുകയാണ് അല്ലാഹു ചെയ്തത്.  അല്ലാഹു പറയുന്നു:
യാതൊരു കാര്യത്തെക്കുറിച്ചും, ഞാന്‍ നാളെ അതു തീര്‍ച്ചയായും ചെയ്യും എന്നു ഒരിക്കലും താങ്കള്‍ പറയരുത്. (താങ്കള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. അതിനാല്‍ താങ്കള്‍ പറയുക) അല്ലാഹു ഉദ്ദേശിച്ചാല്‍ (ചെയ്യാമെന്ന്). അപ്രകാരം പറയാന്‍ വിട്ടുപോയാല്‍ (ഓര്‍മ്മ വരുമ്പോള്‍ പറയുക) താങ്കളുടെ നാഥനെ സ്മരിച്ചുകൊണ്ട് പറയുക, എന്റെ നാഥന്‍ ഇതിനേക്കാള്‍ ഗുണകരമായ വഴിക്ക് എന്നെ നയിച്ചു കൂടായ്കയില്ല.” (ഖുര്‍ആന്‍ അധ്യായം 18 അല്‍ കഹ്ഫ് സൂക്തം 23-24)
ദിവ്യബോധനത്തിലൂടെ മറുപടി ലഭിക്കാന്‍ വൈകിയത് ആദ്യഘട്ടത്തില്‍ പ്രവാചകനും വിശ്വാസികളും പരിഹാസ്യപാത്രമാവാന്‍ കാരണമായെങ്കിലും ആത്യന്തികമായി അവര്‍ക്ക് ഗുണകരമായി ഭവിച്ചു.  വഹയിന്റെ കാര്യത്തില്‍,അതിന്റെ സമയത്തിലോ ഉളളടക്കത്തിലോ പ്രവാചകനു യാതൊരു നിയന്ത്രണവുമില്ലെന്നു ഖുറൈശികളിലെ നിഷ്പക്ഷമതികള്‍ക്കെങ്കിലും ബോധ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss