|    Apr 22 Sun, 2018 6:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്റര്‍നെറ്റ് നിരീക്ഷണത്തിനും സുരക്ഷയ്ക്കും സൈബര്‍ ഡോം

Published : 16th February 2016 | Posted By: SMR

തിരുവനന്തപുരം: ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും സൈബര്‍ സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി കേരള പോലിസ് ആരംഭിക്കുന്ന ‘സൈബര്‍ ഡോം’ നാളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുമായി ഇന്ത്യയില്‍ ആദ്യമായാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് സൈബര്‍ ഡോമിന്റെ ആസ്ഥാനം. 2,500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ടെക്‌നോപാര്‍ക്കിലെ തേജസ്വിനി അനക്‌സില്‍ പൂര്‍ത്തിയായിട്ടുള്ള ‘സൈബര്‍ ഡോം’ ടെക്‌നോളജി സെന്റര്‍ നിലവില്‍ വരുന്നതോടെ കേരള പോലിസിന് സൈബര്‍ അനുബന്ധ കുറ്റകൃത്യങ്ങളുടെ നിരീക്ഷണം, സൈബര്‍ കേസുകളുടെ അന്വേഷണം തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ വഴിയൊരുങ്ങുമെന്ന് സംസ്ഥാന പോലിസ് മേധാവി ടിപി സെന്‍കുമാര്‍ അറിയിച്ചു.
സൈബര്‍ ഫോറന്‍സിക്, സൈബര്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ്, ഇന്റര്‍നെറ്റ് മോണിറ്ററിങ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കണ്ടെത്തല്‍, വിഒഐപി/സ്‌കൈപ് കാള്‍ വിശകലനം, സൈബര്‍ ഭീകരവാദം തടയല്‍, ഡാര്‍ക്ക് നൈറ്റ് എക്‌സ്‌പ്ലോറിങ് തുടങ്ങിയ വിവിധതരം പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ഡോമില്‍ നടക്കും.
സോഷ്യല്‍ മീഡിയ വിശകലന ലാബും ഇതിന്റെ ഭാഗമായുണ്ടാവും. പോലിസ്, മറ്റ് ഇതര ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് സൈബര്‍ സെക്യൂരിറ്റിയില്‍ പരിശീലന-ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും.
സോഫ്ടറ്റ്‌വെയറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള റിസര്‍ച്ച് & ഡെവലപ്‌മെന്റ് ടീമും ഈ സെന്ററിന്റെ ഭാഗമായുണ്ടാവുമെന്ന് സംസ്ഥാന പോലിസ് മേധാവി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമായ സൈബര്‍ഡോമില്‍ സന്നദ്ധ സേവനത്തിലൂന്നി ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള അഞ്ഞൂറോളം ഐ ടി പ്രൊഫഷനലുകളും സഹകരിച്ചു പ്രവര്‍ത്തിക്കും. മുന്‍നിര ഐടി കമ്പനികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.
ഒരു ഡിവൈഎസ്പിയുടെയും സിഐ യുടെയും കീഴില്‍ ഐടി വിദഗ്ധരായ 10 പോലിസ് ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടാവുമെന്ന് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്ന പദ്ധതിയുടെ നോഡല്‍ ഓഫിസറും തിരുവനന്തപുരം റേഞ്ച് ഐജിയുമായ മനോജ് എബ്രഹാം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss