|    Jun 25 Sun, 2017 9:05 am
FLASH NEWS

ഇന്റര്‍നെറ്റില്‍ സമയം ചെലവിടുന്ന കൗമാരക്കാരോട് കൃഷ്ണദേവന് ചിലത് പറയാനുണ്ട്

Published : 28th November 2016 | Posted By: SMR

കഴകുട്ടം: ഫേസ്ബുക്കിലും യൂട്യൂബിലും മണിക്കൂറുകളോളം സമയം ചെലവഴിക്കുന്ന ലക്ഷകണക്കിന് കൗമാരക്കാരോട് കൃഷ്ണദേവന്‍ എന്ന കായികതാരത്തിനു ചിലത് പറയാനുണ്ട്. തന്റെ കായിക മുന്നേറ്റത്തിനു യൂട്യൂബ് സഹായകരമായ കഥ. ആറ്റിങ്ങല്‍ നവഭാരത് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ കൃഷ്ണദേവന്‍ ഷോട്പുട്ട് ഇനത്തിലാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മല്‍സരത്തിനിറങ്ങുന്നത്. ഇത്തവണയും സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ ഷോട്പുട്ടില്‍ മികവ് തെളിയിക്കാനായി. എന്നാല്‍ ആദ്യസ്ഥാനങ്ങളില്‍ എത്താന്‍ കൃഷ്ണദേവനു കഴിഞ്ഞില്ല. തന്റെ കൈക്കരുത്തിനു കുറച്ചുകൂടി ഇണങ്ങുന്ന ഒരു ഇനം തിരഞ്ഞെടുക്കുന്നതിന്റെ ചിന്തയായിരുന്നു പിന്നീട് കൃഷ്ണദേവന് ഉണ്ടായിരുന്നത്. അങ്ങനെ വീട്ടിലിരുന്ന് യൂട്യൂബ് കാണുന്നതിനിടെ ജാവലിന്‍ ത്രോയുടെ വീഡിയോ രംഗങ്ങള്‍ കണ്ടു. എങ്ങനെ ജാവലിന്‍ ത്രോയില്‍ മുന്നിലെത്താമെന്നു പ്രശസ്തരായ പരിശീലകര്‍ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൃഷ്ണദേവനെ സ്വാധീനിച്ചു. തുടര്‍ന്ന് നവഭാരത് സ്‌കൂള്‍ ഗ്രൗണ്ടിലും വീടിനു സമീപമുള്ള ചെറിയ മൈതാനത്തും കൃഷ്ണദേവന്‍ സ്വയം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ആദ്യഘട്ടത്തില്‍ കമ്പ് വെട്ടി ജാവലിന്‍ മാതൃകയിലാക്കിയാണ് പരിശീലനം നടത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിര്‍ബന്ധം പിടിച്ച് ജാവലിന്‍ വാങ്ങിപ്പിച്ചു. വീട്ടുകാരും അധ്യാപകരും കായിക ഇനം മാറ്റിയത് ഉചിതമായില്ലെന്ന ആശങ്കയും പങ്കുവെച്ചിരുന്നു. എന്നാല്‍ തന്റെ പരിശീലനത്തിലും കൈക്കരുത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു കൃഷ്ണദേവന്‍. ഇന്നലെ എല്‍എന്‍സിപിഇ ഗ്രൗണ്ടില്‍ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ 52.29 ദൂരത്തില്‍ ജാവലിന്‍ എറിഞ്ഞ് കൃഷ്ണദേവന്‍ സ്വര്‍ണം നേടിയപ്പോള്‍ അത് മൈതാനത്ത് വ്യത്യസ്ത നേട്ടമായി. മികച്ച സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ പരിശീലകരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ മൈതാനത്ത് ഇറങ്ങിയവര്‍ക്കിടയില്‍ കൃഷ്ണദേവന്റെ നേട്ടത്തിനു തിളക്കമേറെയായിരുന്നു. ഇനി സംസ്ഥാന കായിക മേളയില്‍ റെക്കോഡ് നേട്ടത്തോടെ ജാവലിന്‍ ത്രോയില്‍ മുന്നിലെത്താമെന്ന പ്രതീക്ഷയും കൃഷ്ണദേവന്‍ പങ്കെവെയ്ക്കുന്നു. മംഗലപുരം, ശ്രീലക്ഷ്മിയില്‍ രാജേന്ദ്രന്റെയും ജയലക്ഷമിയുടെയും മകനാണ് കൃഷ്ണദേവന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക