|    Feb 22 Thu, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലം തിരയല്‍ : ആദ്യ പത്തില്‍ കേരളത്തിലെ മൂന്ന് നഗരങ്ങള്‍

Published : 23rd January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളുടെ അശ്ലീലം ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരയുകയും കാണുകയും പങ്കുവയ്ക്കുകയും ചെയ്തവരില്‍ കേരളത്തിലെ നഗരങ്ങളും. ഇന്ത്യയില്‍ നിന്ന് മറ്റു നഗരങ്ങള്‍ക്കൊപ്പം കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. അമൃത്‌സര്‍ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ ഡല്‍ഹിയും മൂന്നാംസ്ഥാനത്ത് ലഖ്‌നോയുമാണ്. സര്‍ക്കാര്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് ഈ റിപോര്‍ട്ട് പുറത്തുവന്നത്. 2016 ജൂലൈ ഒന്നുമുതല്‍ കഴിഞ്ഞ 15 വരെയുള്ള കാലയളവില്‍ 4.3 ലക്ഷം അശ്ലീല ചിത്രങ്ങളുടെ ഫയലുകളാണ് അമതൃത്‌സര്‍ നഗരത്തിലുള്ളവര്‍ പങ്കുവയ്ക്കുകയോ തിരയുകയോ ചെയ്തത്. നേരത്തേ വളരെ കുറഞ്ഞ തോതില്‍ മാത്രം കുട്ടികളുടെ അശ്ലീലം കണ്ട ആഗ്ര, കാണ്‍പൂര്‍, ബാരക്പൂര്‍, ദിമാപൂര്‍ എന്നീ നഗരങ്ങളില്‍ ഇതു കൂടിവരികയാണ്. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക വൈകൃതം ഓണ്‍ലൈന്‍ മുഖേന കാണുന്നത് ഓണ്‍ലൈനിനു പുറത്തും വൈകൃതം ചെയ്യാന്‍ അതിന് അടിമപ്പെട്ടവരെ പ്രേരിപ്പിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ഓരോ അശ്ലീല വീഡിയോക്കു പിന്നിലും പ്രായപൂര്‍ത്തിയെത്താത്ത ഓരോ ലൈംഗികാതിക്രമ ഇരകള്‍ ഉണ്ടാവുമെന്ന് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ കേന്ദ്രം എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനാ വക്താവ് വിധ്യാ റെഡ്ഡി പറഞ്ഞു. 2015-16 കാലയളവില്‍ ഇതുസംബന്ധിച്ച് 1,540 കേസുകളാണെടുത്തതെന്ന് നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകളില്‍ പറയുന്നു. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കാണുന്നതും അതു പങ്കുവയ്ക്കുന്നതും ഇന്ത്യയില്‍ കടുത്ത കുറ്റമാണ്. എന്നാല്‍, വിദേശ സെര്‍വറുകള്‍ ഉപയോഗിക്കുന്നത് ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ പിടികൂടുന്നതിനു തടസ്സം നില്‍ക്കുകയാണ്. രാജ്യത്തുള്ള ഐപി വിലാസങ്ങളില്‍ നിന്ന് ഇത്തരം വീഡിയോകള്‍ കാണുന്നതും ഷെയര്‍ ചെയ്യുന്നതും കുറഞ്ഞിട്ടുണ്ട്. പിടിക്കപ്പെട്ട സൈറ്റുകളുടെ ഐപി വിലാസം പരിശോധിച്ചാല്‍ അതിന്റെ ഉറവിടം റഷ്യയോ സ്‌കോട്ട്‌ലന്‍ഡോ മറ്റോ ആവുമെന്നും അവര്‍ പറയുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഇപ്പോഴത്തെ നിയമപ്രകാരം ഏഴുവര്‍ഷം വരെ കഠിനതടവിനും പത്തുലക്ഷംവരെ പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss