|    Apr 25 Tue, 2017 10:11 am
FLASH NEWS

ഇന്റര്‍നെറ്റിന്റെ ദുരുപയോഗം: ബോധവല്‍ക്കരണം ശക്തമാക്കുന്നു

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ ദുരുപയോഗം കുട്ടികളിലുണ്ടാക്കുന്ന സ്വഭാവവൈകൃതങ്ങള്‍ തടയുന്നതിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു.
എന്‍സിസി, സ്റ്റുഡന്റ് പോലിസ് കാഡറ്റ്, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ലഘുലേഖകള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യും. സൈബര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സലിങ്ങും ബോധവല്‍ക്കരണ ക്ലാസും എക്‌സിബിഷനും സെമിനാറുകളും നടത്തും. ഇന്റര്‍നെറ്റ് ഉപയോഗം തടയുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് കംപ്യൂട്ടര്‍ സാക്ഷരത നല്‍കും. വീടുകളില്‍ വച്ചുള്ള കുട്ടികളുടെ ഇന്റര്‍നെറ്റിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇവരെ വഴിതെറ്റിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും യു പ്രതിഭാ ഹരിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതു സംബന്ധിച്ച് പോലിസിന് യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ലെന്ന് അനൂപ് ജേക്കബിന്റെ സബ്മിഷന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ കെ ബാലന്‍ മറുപടി നല്‍കി. എമിഗ്രേഷന്‍ വിഭാഗം ജീവനക്കാര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതായി എമിഗ്രേഷന്‍ അധികൃതര്‍ക്കോ വിമാനത്താവളം അധികാരികള്‍ക്കോ പരാതികള്‍ ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ എമിഗ്രേഷന്‍ ചുമതല നിര്‍വഹിക്കുന്നത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്.
എമിഗ്രേഷന്‍ മേധാവിയുടെ അഭ്യര്‍ഥനയനുസരിച്ചാണ് സുരക്ഷയ്ക്കായി കേരള പോലിസിന്റെ സേവനം വിട്ടുനല്‍കുന്നത്. എന്നാല്‍, ഇവരുടെ നിയന്ത്രണം പൂര്‍ണമായും ബ്യൂറോ ഓഫ് എമിഗ്രേഷനാണ്. അതുകൊണ്ടുതന്നെ പോലിസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day