|    Jan 16 Mon, 2017 10:39 pm
FLASH NEWS

ഇന്റഗ്രേറ്റഡ് റിഫൈനറി പ്രൊജക്ട് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും

Published : 24th September 2016 | Posted By: SMR

കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിയോടനുബന്ധിച്ച് 16500 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രൊജക്ട് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് പെട്രോളിയം -പ്രകൃതി വാതക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ കൊച്ചിയില്‍ എത്തുമെന്നും കൊച്ചി ബിപിസിഎല്ലിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിന് ഗ്രീന്‍ റിഫൈനറി സ്ഥാപിക്കും. ഐആര്‍ഇപി പദ്ധതി പ്രവര്‍ത്തന ക്ഷമമാവുന്നതോടെ ഉല്‍പാദനക്ഷമത 15.5 മില്യണ്‍ മെട്രിക് ടണ്ണായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എച്ച്ഒസിഎല്ലിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രം തയ്യാറാണ്. ഇതിനായി ബിപിസിഎല്ലുമായി സഹകരിക്കുവാന്‍ എച്ച്ഒസി തയ്യാറാവേണ്ടതുണ്ട്.  കെഎസ്‌ഐഡിസിയുടെ പ്രൊജക്ടിന് കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനത്തിന്റെ സഹകരണം ആവശ്യമാണ്. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുവാന്‍ കഴിയും. ഇത് വഴി കേരളത്തിന്റെ ഇന്ധന പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുവാന്‍ കഴിയുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പെട്രോളിയം മേഖലയില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിന് ബിപിസിഎല്‍ ഉപയോഗപ്പെടുത്തണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന വരുമാനം ലഭ്യമാക്കാന്‍ കഴിയുന്ന പെട്രോളിയം മേഖലയില്‍ വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ വേണ്ടി കൊച്ചി കേന്ദ്രമായി സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി വേദിയില്‍ ഉറപ്പു നല്‍കി. എംപിമാരായ പ്രഫ. കെ വി തോമസ് , ഇന്നസെന്റ്, എംഎല്‍എമാരായ വി പി സജീന്ദ്രന്‍, ഹൈബി ഈഡന്‍, എം സ്വരാജ്, ബിപിസിഎല്‍ എംഡി വീരേന്ദ്ര രാജ ചടങ്ങില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക