|    Mar 26 Sun, 2017 3:26 am
FLASH NEWS

ഇന്ന് 10 ഫൈനലുകള്‍

Published : 7th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: അറ്റ്‌ലാന്റിക് സമുദ്രതീര ചക്രവാളത്തില്‍ രക്തശോണിമയുള്ള സൂര്യന്‍ സാക്ഷി.മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ 31ാമത് ഒളിംപിക്‌സിന് കായികലോകത്തിന്റെ മടിത്തട്ടായ ബ്രസീലിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം.
11,000 കായികതാരങ്ങളെയും അത്രതന്നെ കാണികളെയും സാക്ഷിനിര്‍ത്തി ബ്രസീല്‍ സമയം വെള്ളിയാഴ്ച വൈകീട്ട് എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നാലര) ബ്രസീലിന്റെ മുന്‍ ഒളിംപ്യനും മാരത്തണ്‍ താരവുമായ വാന്‍ഡര്‍ ലെ കോര്‍ഡെയ്‌റോ ഡിലിമയാണ് ഒളിംപിക്‌സ് ദീപം തെളിയിച്ചത്. തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ തെമര്‍ ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
ലണ്ടന്‍ ഒളിംപിക്‌സിനേക്കാളും ചെലവു കുറഞ്ഞ രീതിയിലാണ് ഉദ്ഘാടനച്ചടങ്ങ് ഒരുക്കിയതെങ്കിലും പ്രൗഢഗംഭീരമായിരുന്നു. ബ്രസീലിന്റെ പരമ്പരാഗത സംഗീത, നൃത്ത പാരമ്പര്യം ഇഴചേര്‍ന്നതായിരുന്നു ചടങ്ങുകള്‍. പരിസ്ഥിതി സംരക്ഷണവും ആമസോണ്‍ മഴക്കാടുകളുടെ പ്രാധാന്യവുമായിരുന്നു ചടങ്ങിന്റെ മുഖ്യ പ്രമേയങ്ങള്‍. പൗളീഞ്ഞോ ഡാവിയേളയുടെ സ്വരമാധുരിയില്‍ ബ്രസീലിന്റെ ദേശീയഗാനത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലേക്കുള്ള വെള്ളക്കാരന്റെ അധിനിവേശവും അതു സൃഷ്ടിച്ച അടിമത്വവും തുടങ്ങി ബ്രസീലിന്റെ ഹ്രസ്വചരിത്രവും ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു.
ബെയ്ജിങ് ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ പതാകവാഹകനായത്. ഒളിംപിക്‌സ് പതാകയുമേന്തി അഭയാര്‍ഥികളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകതയായി. മല്‍സരങ്ങള്‍ക്ക് തുടക്കമായപ്പോള്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ അയര്‍ലണ്ടിനെ 3 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ടാം ദിനമായ ഇന്ന് 10 ഫൈനലുകള്‍ അരങ്ങേറും. ഷൂട്ടിങിലും അമ്പെയ്ത്തിലും വനിതാ ഹോക്കിയിലുമാണ് ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുക.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക