|    Feb 19 Mon, 2018 7:52 am
FLASH NEWS
Home   >  Sports  >  Football  >  

ഇന്ന് സ്പാനിഷ്- ഇംഗ്ലീഷ് സെമി പോരാട്ടം

Published : 4th May 2017 | Posted By: ev sports

യൂറോപ ലീഗില്‍ സെല്‍റ്റവിഗോ-  മാഞ്ച. യുനൈറ്റഡ് ആദ്യപാദ സെമി ഇന്ന്


ലണ്ടന്‍: യൂറോപ ലീഗില്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് ആദ്യ സെമിഫൈനല്‍. സ്പാനിഷ് ലീഗ് ക്ലബ്ബായ സെല്‍റ്റ വിഗോയാണ് എതിരാളികള്‍. സെല്‍റ്റ വിഗോയുടെ ഹോംഗ്രൗണ്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് ആദ്യപാദ സെമി. ഇരുപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്‍ഡര്‍ലെക്ടിനെ 3-2ന് തകര്‍ത്താണ് യുനൈറ്റഡ് സെമിയില്‍ കടന്നത്. ജെന്‍കിനെതിരേ 4-3ന് ജയം നേടിയാണ് സെല്‍റ്റവിഗോ അവസാന രണ്ടിലെത്തിയത്. പുലര്‍ച്ചെ 12.35ന് ടെന്‍ 3യിലാണ് മല്‍സരം

സൂപ്പര്‍താരങ്ങളില്ലാതെ യുനൈറ്റഡ്

ആദ്യപാദ സെമിഫൈനല്‍ സ്പാനിഷ് മണ്ണിലാണെങ്കിലും ജയ സാധ്യത യുനൈറ്റഡിനാണ്. കിരീടപ്രതീക്ഷകളുമായി ബൂട്ടണിയുന്ന യുനൈറ്റഡിന് പക്ഷേ, സൂപ്പര്‍ താരങ്ങളുടെ അഭാവം കടുത്ത വെല്ലുവിളിയാണ്. ഇബ്രാഹിമോവിച്ചും മാര്‍കോസ് റോജോയും പരിക്കിനെ തുടര്‍ന്ന് ചികില്‍സയിലാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് രണ്ട് താരങ്ങള്‍ക്കും തുടര്‍മല്‍സരങ്ങള്‍ നഷ്ടപ്പെടുത്തിയത്. അതേസമയം, കളിക്കില്ലെന്ന് കരുതിയ പോഗ്ബയും ജോന്‍സും സ്മാളിങും ഷ്വായും പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്. ആന്‍ഡര്‍ലെക്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിനു ശേഷം ഒരു മല്‍സരത്തില്‍ മാത്രമാണ് യുനൈറ്റഡ് ജയം കണ്ടത്. പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരേ ഏകപക്ഷീയമായ രണ്ട് ഗോളില്‍ ജയിച്ച യുനൈറ്റഡ് മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ചിരവൈരികളായ സിറ്റിക്കു മുന്നില്‍ ഗോള്‍രഹിതമായി പിരിഞ്ഞു. കഴിഞ്ഞ ദിവസം സ്വാന്‍സിയക്കെതിരേ പ്രീമിയര്‍ ലീഗില്‍ മല്‍സരിച്ചപ്പോഴും യുനൈറ്റഡ് 1-1 സമനില കണ്ട് മടങ്ങുകയായിരുന്നു. പോഗ്ബയും ജോന്‍സും സ്മാളിങും ലൂക് ഷ്വായും പരിശീലനത്തിനെത്തിയത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വെയ്ന്‍ റൂണി, മെഹ്ത്രിയന്‍, ജുവാന്‍ മാട്ട, റാഷ്‌ഫോര്‍ഡ് എന്നിവര്‍ തിളങ്ങിയില്ലെങ്കില്‍ സ്പാനിഷ് പടയ്ക്കു മുന്നില്‍ യുനൈറ്റഡ് തോറ്റോടും.

തോല്‍വിയുടെ പിടിയില്‍ സെല്‍റ്റവിഗോ

സ്പാനിഷ് ലീഗില്‍ പതിനൊന്നാം സ്ഥാനത്താണെങ്കിലും കരുത്തന്‍ ജയം നേടിയാണ് സെല്‍റ്റ യൂറോപ ലീഗ് സെമിയില്‍ കടന്നത്. ജെന്‍കിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ 1-1 സമനിലയില്‍ പിരിഞ്ഞ ശേഷം സെല്‍റ്റവിഗോ ജയമെന്തെന്ന് അറിഞ്ഞിട്ടില്ല. പിന്നീട് നടന്ന മൂന്ന് ലാ ലിഗ മല്‍സരങ്ങളിലും കുഞ്ഞന്‍ ക്ലബ്ബുകള്‍ക്ക് മുന്നില്‍ പോലും തോറ്റുമടങ്ങാനായിരുന്നു സെല്‍റ്റയുടെ വിധി. അതേസമയം, മുന്നേറ്റക്കാരന്‍ ഗുസേപ് റോസി, ഗോള്‍കീപ്പര്‍ റൂബന്‍ ബ്ലാന്‍കോ എന്നിവര്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കുന്നതിനാല്‍ കളിക്കുന്ന കാര്യം സംശയമാണ്. ഇരുവര്‍ക്കും പുറമെ, പരിക്കേറ്റിരിക്കുന്ന ബ്ലാന്‍കോയും ഫോന്റാസും കളിക്കാതിരിക്കാനും സാധ്യതയുണ്ട്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss