|    Nov 15 Thu, 2018 4:40 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ന് സൂപ്പര്‍ ഫൈനല്‍: ബംഗ്ലാദേശ് കടുവകളെ മെരുക്കാന്‍ ഇന്ത്യന്‍ പുലികള്‍

Published : 17th March 2018 | Posted By: vishnu vis

കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍. രാജ്യത്തിന്റെ 70ാം സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച നിദാഹാസ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കരുത്തരായ ഇന്ത്യ നേരത്തെ തന്നെ സീറ്റുറപ്പിച്ചപ്പോള്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലങ്കയെ നാണം കെടുത്തിയാണ് ബംഗ്ലാദേശിന്റെ ഫൈനല്‍ പ്രവേശനം.രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ മറ്റൊരു ട്വന്റി20 പരമ്പരകൂടി സ്വപ്‌നം കണ്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ തടുത്തിടാന്‍ പോന്ന താരനിരയുമായാണ് അയല്‍ക്കാരായ ബംഗ്ലാദേശുമെത്തുന്നത്.

ബാറ്റിങ് കരുത്തില്‍ ഇന്ത്യ

നിദാഹാസ് ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോട് തോല്‍വിയേറ്റുവാങ്ങിത്തുടങ്ങിയ ഇന്ത്യ പിന്നീട് കളിച്ച മൂന്ന് മല്‍സരത്തിലും വിജയം പിടിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ബംഗ്ലാദേശിനെ രണ്ട് തവണയും ആതിഥേയരായ ശ്രീലങ്കയെ ഒരു തവണയും ഇന്ത്യ മുട്ടുകുത്തിച്ചു. ഈ മല്‍സരങ്ങളിലെല്ലാം ബാറ്റിങ് നിരയുടെ മികവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഓപണര്‍ ശിഖര്‍ ധവാനൊപ്പം നായകന്‍ രോഹിത് ശര്‍മയും ബാറ്റിങില്‍ ഫോം കണ്ടെത്തിയതോടെ ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വസം ഉയര്‍ന്നിട്ടുണ്ട്. മൂന്നാം നമ്പറില്‍ കളിക്കുന്ന സുരേഷ് റെയ്‌നയും പരമ്പരയിലുടെനീളം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മധ്യനിരയില്‍ മനീഷ് പാണ്ഡെയും ദിനേഷ് കാര്‍ത്തിക്കും തിളങ്ങുന്നുണ്ട്. അതേ സമയം ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഓള്‍ റൗണ്ടര്‍ വിശേഷണത്തോടെ ടീമില്‍ ഇടം നേടിയ വിജയ് ശങ്കറിന് ഇതുവരെ ബാറ്റിങില്‍ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പന്നതക്കുറവ് ഉണ്ടെങ്കിലും വാഷിങ്ടണ്‍ സുന്ദറും ബാറ്റിങില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്.എന്നാല്‍ ബൗളിങ് നിര ഇന്ത്യക്ക് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ഫാസ്റ്റ് ബൗളിങില്‍ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബൂംറയുടെയും അഭാവം നന്നായിത്തന്നെ ഇന്ത്യന്‍ നിരയില്‍ അറിയുന്നുണ്ട്. ശര്‍ദുല്‍ ഠാക്കൂറും ജയദേവ് ഉനദ്ഘട്ടും മുഹമ്മദ് സിറാജും നന്നായി റണ്‍സ് വഴങ്ങുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. സ്പിന്‍നിരയില്‍ യുസ്‌വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയം പേസര്‍ വിജയ് ശങ്കറുടെ ബൗളിങ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

പ്രതീക്ഷയോടെ ബംഗ്ലാദേശ്
ശ്രീലങ്കയെ അവരുടെ കാണികള്‍ക്ക് മുന്നില്‍ രണ്ടുതവണ വീഴ്ത്തിയാണ് ബംഗ്ലാദേശിന്റെ ഫൈനല്‍ പ്രവേശനം. ബൗളിങ് കരുത്തും ബാറ്റിങും ഇഞ്ചോടിഞ്ച് നില്‍ക്കുന്ന ബംഗ്ലാദേശ് നിരയെ ഇന്ത്യ ഭയക്കുകതന്നെ ചെയ്യണം. സൗമ്യ സര്‍ക്കാര്‍, തമിം ഇക്ബാല്‍ മുഷ്ഫിഖര്‍ റഹിം, മഹമ്മുദുല്ല എന്നിവര്‍ക്കൊപ്പം ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനും ടീമിലേക്ക് മടങ്ങിയെത്തിയതോടെ ബംഗ്ലാദേശിന്റെ കരുത്ത് ഇരട്ടിച്ചിട്ടുണ്ട്. ലങ്കയുടെ 214 റണ്‍സ് വിജയ ലക്ഷ്യത്തെ പിന്തുടര്‍ന്ന് വിജയിച്ച് ചരിത്രം സൃഷ്ടിച്ച ബംഗ്ലാദേശ് നിര മികവ് തുടര്‍ന്നാല്‍ ഇന്ത്യന്‍ നിര വിയര്‍ക്കും. മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹുസൈന്‍, നസ്മുല്‍ ഇസ്‌ലാം എന്നിവരെല്ലാം തരക്കേടില്ലാത്ത ബൗളിങും ബംഗ്ലാദേശിന് വേണ്ടി പുറത്തെടുക്കുമ്പോള്‍ ഉശിരന്‍ പോരാട്ടം തന്നെ ഫൈനലില്‍ പ്രതീക്ഷിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss