|    Apr 20 Fri, 2018 2:37 pm
FLASH NEWS

ഇന്ന് വയോജനദിനം; 84 ലും കൊച്ചുസാര്‍ തിരക്കിലാണ്

Published : 1st October 2016 | Posted By: Abbasali tf

പറവൂര്‍: ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നിര്‍വൃതിയിലും കൊച്ചുസാര്‍ കര്‍മനിരതനാണ്. 83 ന്റെ അവശതകള്‍ക്ക് പിടികൊടുക്കാതെ സമുദായപ്രവര്‍ത്തനവും മറ്റ് സേവനപ്രവര്‍ത്തനങ്ങളുമായി കൊച്ചുസാര്‍ തിരക്കിലാണ്. കൊച്ചുസാര്‍ എന്നു പറഞ്ഞാല്‍ പറവൂരിലെ പഴയ തലമുറക്ക് സുപരിചിതനാണ്. എന്നാല്‍ റാഫി സൗണ്ട്‌സ് എന്ന് കേള്‍ക്കുമ്പോള്‍ ന്യൂജനറേഷനും അദ്ദേഹം പരിചിതനാവും. കേരളപിറവിക്കും രണ്ട് വര്‍ഷം മുമ്പേയാണ് 1954 ല്‍ നന്ത്യാട്ടുകുന്നം പറയേലില്‍ മുഹമ്മദ് കൊച്ചു എന്ന എം കൊച്ചുമാസ്റ്റര്‍ മൂത്തമകന്റെ പേരില്‍ റാഫി സൗണ്ട്‌സ് ആരംഭിക്കുന്നത്. നിലവില്‍ നടത്തിയിരുന്ന ഗോള്‍ഡന്‍ സൗണ്ട് കൊച്ചുസാറിന് വില്‍ക്കുകയായിരുന്നു. അന്ന് പറവൂരില്‍ മറ്റൊരു സൗണ്ട് സംവിധാനവും ഉണ്ടായിരുന്നില്ല. അന്ന് തന്റെ സെറ്റ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് കോണ്‍ഗ്രസ് നേതാവായിരുന്ന ഇ കെ മാധവനായിരുന്നുവെന്ന് കൊച്ചുസാര്‍ ഓര്‍ക്കുന്നു. റേഡിയോയോടും മറ്റുമുള്ള ആകര്‍ഷണമാണ് സൗണ്ട് സിസ്റ്റം ആരംഭിക്കുവാന്‍ പ്രേരണയായത്. 29 ാം വയസ്സില്‍ മകന്‍ റാഫി മരണപ്പെട്ടെങ്കിലും ഇളയ മകന്‍ നസീറിന്റെ നേതൃത്വത്തില്‍, ഒരു ലക്ഷം വാട്ട്‌സിന്റെ മൂന്ന് ജനറേറ്ററുകളും മറ്റ് ആധുനിക ഉപകരണങ്ങളുമായി പറവൂരിന്റെ ആള്‍ക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും റാഫി സൗണ്ട്‌സ് താരമാണ്. കെടാമംഗലം സ്വദേശി ചന്ദ്രന്‍പിള്ളയില്‍ നിന്നും പണം കടം വാങ്ങിയാണ് റാഫി സൗണ്ട് ആരംഭിച്ചതെന്ന് കൊച്ചുസാറിന് ഇപ്പോഴും തെളിഞ്ഞ ഓര്‍മയുണ്ട്. 1958 ല്‍ അധ്യാപകനായി ജോലിയില്‍ കയറുമ്പോള്‍ എസ്എസ്എല്‍സി മാത്രമായിരുന്നു യോഗ്യത. ഒരു വര്‍ഷം കൊണ്ട് ടിടിസി പാസായി. 79 രൂപയായിരുന്നു ആദ്യശമ്പളം. എസ്എസ്എല്‍സിക്ക് പഠിക്കുമ്പോള്‍ തന്നെ വയറിങ്ങില്‍ തല്‍പ്പരനായിരുന്നു. വയറിങ്ങിലും റേഡിയോ മെക്കാനിസത്തിലും ആലുവ സൂപ്പര്‍ ടോണ്‍ റേഡിയോ കമ്പനി നടത്തിയിരുന്ന വാസുപിള്ളയാണ് ഗുരു.പെരുമ്പാവൂര്‍ അല്ലപ്ര സ്‌കൂളിലായിരുന്നു ആദ്യനിയമനം. പിന്നീട് 16 വര്‍ഷം ഏഴിക്കര ഗവ.സ്‌കൂളില്‍. 8 വര്‍ഷം പറവൂര്‍ ഗവ.ഗേള്‍സ് സ്‌കൂളില്‍. മനക്കപ്പടിയില്‍ നിന്ന് പ്രധാന അധ്യാപകനായി റിട്ടയര്‍ ചെയ്തു. റിട്ടയര്‍ ചെയ്തിട്ട്് ഇപ്പോള്‍ 27 വര്‍ഷമായി. പഴയ ക്ലോക്കുകള്‍, ടേബിള്‍ ലാംപ്, പഴയ ഗ്രാമഫോണ്‍ പ്ലെയര്‍ എന്നിവയില്‍ ക്ലോക്കും എഫ്എം റേഡിയോയും ഫിറ്റ് ചെയ്തു നല്‍കുന്നത് 84 ാം വയസ്സിലെ നടപ്പിലും ഹോബിയായി കൊച്ചുസാര്‍ കൊണ്ടുനടക്കുന്നു. കാല്‍നൂറ്റാണ്ടിലേറെയായി ഏഴിക്കര-കെടാമംഗലം ജുമാമസ്ജിദിന്റെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സെക്രട്ടറിയുടെ ചുമതലയാണ് നിര്‍വഹിക്കുന്നത്. ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ആയിരക്കണക്കിനുള്ള ശിഷ്യസമ്പത്താണ് തന്റെ സന്തോഷം എന്ന് പറയുന്ന കൊച്ചുസാറിന്റെ പേരില്‍ മനക്കപ്പടി സ്‌കൂളില്‍ നാട്ടുകാര്‍ പണിത കൊച്ചുസാര്‍ ഓഡിറ്റോറിയം അദ്ദേഹത്തിന്റെ അര്‍ഹതയ്്ക്കുള്ള അംഗീകാരമാണ്. ഈ വരുന്ന 8 ാം തിയ്യതി കൊച്ചുസാര്‍ ജനിച്ചിട്ട് ആയിരം മാസങ്ങള്‍ പൂര്‍ത്തിയാവുകയാണ്. റിട്ട.അധ്യാപികയും പരേതയുമായ സൈന ബീവിയാണ് ഭാര്യ. മകള്‍: റീന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss