|    Oct 16 Tue, 2018 3:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇന്ന് ലോക ഹൃദയ ദിനം : ലെഫ്. അതുല്‍കുമാറിന്റെ ഹൃദയം ഇനി സുബ്രഹ്മണ്യനില്‍ സ്പന്ദിക്കും

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: ലോക ഹൃദയദിനത്തില്‍ അവയവദാനത്തിന്റെ മഹത്തായ മാതൃകയായി യുവസൈനികന്റെ കുടുംബം. അപകടത്തില്‍ മരിച്ച സൈനികന്റെ അവയവങ്ങള്‍ പകര്‍ന്നുനല്‍കിയതു മൂന്നു പേരുടെ വിലപ്പെട്ട ജീവന്‍. ഇന്ത്യന്‍ നേവി കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യയിലെ സബ് ലെഫ്റ്റനന്റായ അതുല്‍കുമാര്‍ പവാര്‍ ആണ് രണ്ടു മലയാളികളടക്കം മൂന്നുപേര്‍ക്ക് ജീവിതം തിരിച്ചുനല്‍കി യാത്രയായത്. അപകടത്തെ തുടര്‍ന്നു മസ്തിഷ്‌കമരണം സംഭവിച്ച സൈനികന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തയ്യാറാവുകയായിരുന്നു. തുടര്‍ന്നു സൈനികന്റെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവ ദാനം ചെയ്തു. തൃപ്പൂണ്ണിത്തുറ സ്വദേശി സുബ്രഹ്മണ്യ ഭട്ടിലാണ് ഇനി  അതുലിന്റെ ഹൃദയം മിടിക്കുക. ഹരിയാന പഞ്ച്കുല സ്വദേശി രാജ്ബിര്‍ സിങ് പവാറിന്റെ മകനായ അതുല്‍ കുമാര്‍ പവാര്‍ സുഹൃത്തുക്കളോടൊപ്പം വയനാട്ടിലേക്കു വിനോദയാത്ര വന്നതായിരുന്നു. 24നു രാത്രി മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ അതുലിന് ഗുരുതരമായി പരിക്കേറ്റത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ നല്‍കിയെങ്കിലും 27നു മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയും ചെയ്തു.സ്വന്തം മകന്റെ അവയവങ്ങള്‍ സൈനികസേവനം ചെയ്യുന്ന ഏതെങ്കിലും രോഗികള്‍ക്കു നല്‍കണമെന്നായിരുന്നു അതുല്‍ കുമാറിന്റെ പിതാവിന്റെ ആഗ്രഹം. തുടര്‍ന്നു നാവികസേനാ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ നാഷനല്‍ ഓര്‍ഗണ്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി (നോട്ടോ) ബന്ധപ്പെട്ടു. അവര്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെടുകയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ ഇതിനായി ചുമതലപ്പെടുത്തി. മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവുമായി ചര്‍ച്ചചെയ്ത് അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കി. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമെന്നു കണ്ട് ഡല്‍ഹിയിലെ നാവിക ആശുപത്രിയില്‍ ചികില്‍സയിലുള്ളയാള്‍ക്കു നോട്ടോ വഴി കരള്‍ നല്‍കാനുള്ള ശ്രമങ്ങളാരംഭിച്ചു. നോട്ടോയുടെ നിര്‍ദേശപ്രകാരം ബംഗളൂരുവിലെ നാവിക ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്ക നല്‍കാന്‍ തീരുമാനമായി. ബാക്കി അവയവങ്ങള്‍ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന മുന്‍ഗണനാ ക്രമത്തില്‍ അനുയോജ്യരായ രോഗികള്‍ക്കു നല്‍കാന്‍ തീരുമാനമായി. സര്‍ക്കാര്‍ ആശുപത്രിയിലെ നാലാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ—ക്കാണ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വേദിയാവുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലാണു ഹൃദയ ശസ്ത്രക്രിയ നടന്നത്. അനസ്തീസ്യ വിദഗ്ധന്‍ ഡോ. സഞ്ജയും ശസ്ത്രക്രിയയില്‍ പങ്കാളിയായി. എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേഷ്, കോട്ടയം എസ്പി വി എം മുഹമ്മദ് റഫീക്ക് എന്നിവര്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss