|    Jul 29 Sat, 2017 12:42 am
FLASH NEWS

ഇന്ന് ലോക വിനോദ സഞ്ചാരദിനം; ഇക്കോ ടൂറിസം പദ്ധതികള്‍ അട്ടിമറിക്കാന്‍ വനം വകുപ്പിന്റെ പ്രവേശന നിയന്ത്രണം

Published : 27th September 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം പദ്ധതി പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വനം വകുപ്പ് അധികൃതരുടെ നടപടി വിവാദത്തിലേക്ക്. ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ നിന്നു ഗവിയിലേക്കുള്ള പ്രവേശന കവാടമായ ആങ്ങംമൂഴി കൊച്ചാണ്ടിയില്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ നിരാശരായി മടങ്ങുന്നുകയാണ്.
ആയിരങ്ങള്‍ ചെലവഴിച്ച് ടാക്‌സിയിലും സ്വകാര്യ വാഹനങ്ങളിലും ആങ്ങംമൂഴിയിലെത്തുന്ന നൂറു കണക്കിന് ആളുകളാണ് ആങ്ങംമൂഴിയിലുള്ള റേഞ്ച് ഓഫിസ് കവാട ഭാഗത്ത് മണിക്കൂറുകളോളം കാത്തുകിടന്ന ശേഷവും പ്രവേശന പാസ് ലഭിക്കാതെ മടങ്ങുന്നത്. വനമേഖലയില്‍ രാവിലെ വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണമെങ്കിലും ഗവിയിലേക്കുള്ള സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് രാവിലെ ഒമ്പത് മണിക്ക് ശേഷം മാത്രമാണ്.  അവധി ദിവസങ്ങളില്‍ മുപ്പതും പ്രവൃത്തി ദിവസങ്ങളില്‍ പത്തും വാഹനങ്ങള്‍ക്കാണ് പ്രവേശനം. എന്നാല്‍, പൊതു അവധി ദിവസങ്ങളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും അമ്പതോളം വാഹനങ്ങളെങ്കിലും ഓരോ ദിവസവും ഇവിടെ എത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതില്‍ ആദ്യം എത്തിയ 30 വാഹനങ്ങള്‍ക്കു മാത്രമാണ് പ്രവേശനം ലഭിക്കുക. മറ്റുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടിവന്ന ശേഷം നിരാശരായി മടങ്ങുകയാണ്. വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്കേറ്റം മിക്കപ്പോഴും കയ്യാങ്കളിയുടെ വക്കില്‍ എത്തുകയും ചെയ്യും. ഡിവിഷനിലെ ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് നിലവിലുള്ള തര്‍ക്കങ്ങള്‍ക്കു കാരണമെന്ന് പറയുന്നു. റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ സഞ്ചാരികളുടെ കയ്യേറ്റം ഭയന്നാണ് ഡ്യൂട്ടി ചെയ്യുന്നത്. പ്രവേശനം നിഷേധിക്കുമ്പോള്‍ സഞ്ചാരികളില്‍ മിക്കവരും പ്രകോപിതരായാണ് സംസാരിക്കുന്നത്.
ചെക് പോസ്റ്റില്‍ കാത്തു കിടക്കുന്ന സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിലെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നുമടക്കം സമ്മര്‍ദം ഉണ്ടാകാറുണ്ടെങ്കിലും റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ നിസ്സഹായരായി കയ്യൊഴിയുകയാണ് പതിവ്. ഗവിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് സീത്തതോട് പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് ആവശ്യപ്പെട്ടു. നിയന്ത്രണം പൂര്‍ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റേഞ്ച് ഓഫിസ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് വിവിധ രാഷ്ട്രീയ കക്ഷികള്‍. 2012 നവംബര്‍ 25ന് വനം വകുപ്പിന്റെ കടുത്ത നിയന്ത്രണത്തിനെതിരേ നടന്ന ജനകീയ പ്രതിഷേധം വീണ്ടും ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും ജനപ്രതിനിധികള്‍ നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക