|    May 25 Fri, 2018 9:06 am
FLASH NEWS

ഇന്ന് ലോക പരിസ്ഥിതി ദിനം : പ്ലാന്റേഷന്‍ ഭൂമിയില്‍ നാട്ടുകാര്‍ വിത്തെറിയല്‍ സമരം നടത്തും

Published : 5th June 2017 | Posted By: fsq

 

കെ മുഹമ്മദ് റാഫി

പാലോട്: വനം ഞങ്ങളുടെ ജീവനാണ്. നശീകരണം ഞങ്ങള്‍ അനുവദിക്കില്ല. എന്ത് വിലകൊടുത്തും വനം ഞങ്ങള്‍ സംരക്ഷിക്കും നാളേക്ക് വേണ്ടി. പറയുന്നത് അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനിലൂടെ ഹെക്ടര്‍ കണക്കിന് സ്വാഭാവിക വനം നശിപ്പിച്ച പാലോട് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ജനത. തലസ്ഥാനജില്ലയിലെ പ്രധാന മലയോര ഗ്രാമങ്ങളാണ് ഇപ്പോള്‍ പ്ലാന്റേഷന്‍ കാരണം ദുരിതത്തിലായതും. ഒരു ജില്ലയുടെ പ്രധാന കുടിവെള്ള ശ്രോതസ്സായ പേപ്പാറ ഡാമിലെ ജല നിരപ്പിനെ പോലും ബാധിച്ച അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനെതിരെ ഗ്രാമങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. പാലോട്, കുളത്തൂപ്പുഴ റെയ്ഞ്ച് പരിധിയില്‍ കാലങ്ങളായി നടക്കുന്ന ഹെക്ടര്‍ കണക്കിന് പ്രദേശത്തെ മാഞ്ചിയം, അക്കേഷ്യ, കൃഷി നശിപ്പിച്ചത്  സ്വാഭാവിക വനത്തെയാണ്. വനപ്രദേശം വെട്ടിനിരത്തി ഭരണ വര്‍ഗ്ഗത്തിന്റെ ഒത്താശയോടെ ഫോറസ്റ്റ് ജീവനക്കാരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന ഗ്രാമവാസികള്‍ പ്ലാന്റേഷന്‍ വ്യാപിക്കുകയും സ്വാഭാവിക വനമേഖല ചുരുങ്ങുകയും പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്നാല്‍ വനനശീകരണത്തിന് കാരണമായ പ്ലാന്റേഷന്‍ നിര്‍ത്തലാക്കാന്‍ മാറിവന്ന സര്‍ക്കാരുകള്‍ തയ്യാറായില്ല. വീണ്ടും വനഭൂമി വെട്ടിത്തെളിച്ച് പ്ലാന്റേഷനു നിലമൊരുക്കാനുള്ള ഫോറസ്റ്റ് അധികാരികളുടെ നീക്കത്തിനെതിരെ ഗ്രാമങ്ങളില്‍ പ്രതിഷേധം അലയടിച്ചു. അതോടെ അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ വച്ച് പിടിപ്പിക്കരുതെന്നും സംസ്ഥാനത്ത് ഉള്ളവ മുറിച്ച് നീക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കല്‍പിച്ച് കഴിഞ്ഞദിവസം പ്ലാന്റേഷനുകള്‍ തയ്യാറാക്കാനായി ഒരു വിഭാഗം അക്കേഷ്യ മാഞ്ചിയം തൈകളുമായി എത്തിയത്. ഇതിനെതിരെ സ്വാഭാവിക വനം നിലനിര്‍ത്താന്‍ ഇന്ന് ഈ ഗ്രാമവാസികള്‍ വിത്തെറിയല്‍ സമരം നടത്തുകയാണ്. പ്ലാന്റേഷനുകള്‍ക്കായി നിലം ഒരുക്കിയ പാണ്ഡ്യന്‍പാറയിലെ ഭൂമിയില്‍ നാടന്‍ മരങ്ങളുടെ വിത്തെറിഞ്ഞ് പ്രതിഷേധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss