|    Sep 20 Thu, 2018 7:49 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഇന്ന് ലോക തപാല്‍ ദിനമാണ്

Published : 9th October 2017 | Posted By: fsq

പുതുതലമുറയ്ക്ക് ഈ ദിനം വെറുമൊരു ഓര്‍മക്കുറിപ്പു മാത്രം. നാട്ടിലും നഗരത്തിലും ചുവപ്പണിഞ്ഞ് കത്തുമായി വരുന്നവരെ കാത്തുനിന്ന തപാല്‍പ്പെട്ടികളും അപ്രത്യക്ഷമാവുകയാണ്. കുടമണികെട്ടിയ കോലുമായി അഞ്ചല്‍ക്കാരന്‍ ഓടിച്ചാടിവരുന്നത് പഴമക്കാരുടെ ചുണ്ടില്‍ ഇന്നും കെട്ടുകഥപോലെയാണ്. വീട്ടുവരാന്തയില്‍ തപാല്‍ക്കെട്ടുകളുമായി വിശ്രമിക്കുകയും അകത്തുനിന്ന് കിട്ടുന്ന സംഭാരമോ തെളിവെള്ളമോ കഴിച്ച് തപാലോ മണിയോര്‍ഡറോ നല്‍കി നല്ല വാക്കുകളുച്ചരിച്ചു നടന്നുനീങ്ങുന്ന പോസ്റ്റ്മാന്‍ എന്ന കഥാപാത്രവും ഏതാണ്ട് അപ്രത്യക്ഷമായി. ഇന്ത്യയില്‍ മര്യാദയ്ക്ക് കൊണ്ടുനടത്തപ്പെട്ട രണ്ടേരണ്ടു വകുപ്പുകളില്‍ റെയില്‍വേയും തപാലും ഇന്ന് വിറ്റുമുടിക്കലിന്റെ വക്കിലാണ്. കൊറിയര്‍ സര്‍വീസുകള്‍ വന്നതോടെ തപാല്‍ ഓഫിസുകളുടെ മേന്മകളൊക്കെ എങ്ങോ പോയൊളിച്ചു. എന്തും ഏതും സ്വകാര്യവല്‍ക്കരിക്കുക എന്ന സര്‍ക്കാര്‍ നയമാണ് നല്ല രീതിയില്‍ നടന്നുവന്ന തപാല്‍വകുപ്പിനെയടക്കം ഇന്നത്തെ അധോഗതിയിലാക്കിയത്.ഇ-മെയിലുകളും മൊബൈല്‍ഫോണുകളും പല തപാല്‍സേവനങ്ങളുടെയും ആവശ്യം തന്നെ ഇല്ലാതാക്കി. ഒരു പോസ്റ്റ്കാര്‍ഡിന്റെ ആവശ്യം നിവൃത്തിക്കാന്‍ സെക്കന്റുകള്‍കൊണ്ട് എസ്എംഎസ് സന്ദേശങ്ങള്‍ക്കു സാധിക്കുന്നു. ടെലിഗ്രാം വന്നുവെന്നാല്‍ പണ്ടൊക്കെ ഗ്രാമങ്ങളില്‍ ആള്‍ക്കൂട്ടത്തിന്റെ കിംവദന്തികള്‍ പാടിപ്പറക്കലായിരുന്നു. കേരളത്തിന്റെ ഉള്‍നാടന്‍മൂലകളില്‍നിന്നൊക്കെ പട്ടാളക്കാര്‍ പതിവായിരുന്നു. പട്ടാളത്തില്‍ നിന്ന്് കമ്പി വന്നേ എന്നതൊരു ഉല്‍സവാഘോഷംപോലെയായിരുന്നു. കമ്പിയുടെ സാന്നിധ്യം ഇന്ന് ഇ-മെയിലുകള്‍ ഏറ്റെടുത്തുകഴിഞ്ഞു.ബ്രിട്ടിഷ് ആധിപത്യത്തിന്‍ കീഴിലാണ് ഇന്ത്യയില്‍ കമ്പിത്തപാല്‍ സജീവമായത്. വ്യാവസായിക നഗരങ്ങളില്‍പ്പോലും കമ്പിത്തപാലും പാഴ്‌സല്‍ സര്‍വീസുകളും വ്യാപാര-വ്യവസായ മേഖലകളെ തന്നെ ആശിര്‍വദിച്ചു. ബാങ്കുകളില്‍ ചെക്ക് വരാന്‍, ചെക്കുകള്‍ അയക്കാനൊക്കെ കമ്പിത്തപാല്‍ വഴി നൂറുനൂറു ചാനലുകള്‍. വന്‍കിടക്കാര്‍ തൊട്ട് ചെറുകിട വ്യവസായികള്‍ വരെ തപാലോഫിസിലെ വിളിയും കാത്തിരിപ്പായി.ഇന്ത്യന്‍ തപാല്‍ സര്‍വീസിന് ഇന്ന് 150 വര്‍ഷത്തെ പാരമ്പര്യമുണ്ട്. 1874ല്‍ അന്തര്‍ദേശീയ പോസ്റ്റല്‍ യൂനിയന്‍ നിലവില്‍ വന്നിട്ട് ആയതിന്റെ സ്മരണ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍പോലും കൊറിയര്‍ കമ്പനികള്‍ക്ക് വിറ്റുതുലച്ച ഇന്ത്യന്‍ പോസ്റ്റല്‍ സംസ്‌കാരം ഇന്ന് ഗ്രാമങ്ങളില്‍പ്പോലും കേവലം ഓര്‍മയായി മാറിയിരിക്കുകയാണ്.സ്റ്റാമ്പുകളും അവയുടെ സൂക്ഷിപ്പുകാരും ഇന്ത്യയില്‍ വലിയൊരു പ്രസ്ഥാനമായി വളര്‍ന്നിരുന്നു. കോഴിക്കോട് കുറ്റിച്ചിറയില്‍ എ വി മുഹമ്മദ് കോയ എന്ന വന്ദ്യവയോധികന്‍ സ്റ്റാമ്പ് ശേഖരണത്തില്‍ വലിയൊരു ഇതിഹാസമായിരുന്നു. ഗാന്ധിജിയുടെ മാത്രം വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ആയിരക്കണക്കിന് സ്റ്റാമ്പുകള്‍ ആ ശേഖരത്തിലുണ്ടായിരുന്നു. ഫിലാറ്റലിക് ക്ലബ്ബുകള്‍ രാജ്യമെമ്പാടും ഒരു പ്രത്യേക സംസ്‌കാരംപോലെ വളര്‍ന്നു. ഇന്നതെല്ലാം സമ്പന്നരുടെ കമനീയമായി അലങ്കരിച്ച ഏതെങ്കിലും ഷോകെയ്‌സിലെ നിര്‍ജീവ വസ്തുക്കളായി.മഹാകവി കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയില്‍ പോസ്റ്റ്മാന്‍ വലിയൊരു കഥാപാത്രമായിരുന്നു. ഊരുതെണ്ടിനടന്ന കവിക്ക് സ്ഥിരം മേല്‍വിലാസമില്ലായിരുന്നു. മഹാകവി പി, കെയ്‌റോഫ് ഗുരുവായൂര്‍ സത്രം. ഇതു മാത്രമായിരുന്നു മിക്ക തപാല്‍ കവറുകളിലും വിലാസം. കവിയെപ്പോലെ ഒഴുകിയൊഴുകി ആ ഉരുപ്പടികളും കീറിപ്പറിഞ്ഞ് ഒരിക്കല്‍ കൈയില്‍ കിട്ടിയാലായി.ഡല്‍ഹിയിലും ബംഗളൂരുവിലുമൊക്കെ പഠിക്കുന്ന 60-70കളില്‍ ഉമ്മയുടെ മണിയോര്‍ഡറും പ്രതീക്ഷിച്ച് പോസ്‌റ്റോഫിസുകളില്‍ നില്‍ക്കുന്ന ഇതെഴുതുന്നയാളുടെ ദയനീയ മുഖം ഈ തപാല്‍ദിന നാളുകളില്‍ ഓര്‍മ വരുന്നു. പോസ്റ്റ്മാന്‍ യാതൊരു ഭാവഭേദവുമില്ലാതെ പറയുന്നു: ”ഇന്ന് മണിയോര്‍ഡറില്ല.” ഖേദം കലര്‍ന്ന ചിരിയോടെ ഹോസ്റ്റലിലേക്കു മടങ്ങുന്ന ദൈന്യചിത്രം! എത്രയോ പേര്‍ക്ക് ഈ അനുഭവം ഓര്‍ത്തെടുക്കാനുണ്ടാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss