|    Apr 29 Sat, 2017 10:50 am
FLASH NEWS

ഇന്ന് ലോക എയ്ഡ്‌സ് ദിനം: സംസ്ഥാനത്ത് പ്രതിമാസം 100 പേര്‍ക്ക് എച്ച്‌ഐവി ബാധിക്കുന്നു

Published : 1st December 2016 | Posted By: SMR

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: ഇന്ന് ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സ് ബോധവല്‍ക്കരണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടപ്പാക്കുമ്പോഴും സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മാസം ശരാശരി 100 പുതിയ എച്ച്‌ഐവി ബാധിതര്‍ ഉണ്ടാവുന്നുവെന്നത് ആശങ്കയുളവാക്കുന്നു.
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കു പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍വരെ 1199 പേര്‍ക്ക് എച്ച്‌ഐവി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 763 പുരുഷന്‍മാരും 463 സ്ത്രീകളുമുള്‍പ്പെട്ടിട്ടുണ്ട്. 2,06,951 പുരുഷന്‍മാരും 2,95,426 സ്ത്രീകളും ഉള്‍പ്പെടെ 5,02377 പേരാണ് ഈ വര്‍ഷം എച്ച്‌ഐവി പരിശോധനയക്ക് വിധേയരായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ കണക്ക് അനുസരിച്ച് 27881 എയ്ഡ്‌സ് ബാധിതരാണ് സംസ്ഥാനത്തുള്ളത്. 2015 ലെ കണക്കനുസരിച്ച് ആന്റി റെട്രോവൈറല്‍ തെറാപ്പി സെന്റര്‍(എആര്‍ടി) ചികില്‍സാ കേന്ദ്രമായ ഉഷ സെന്ററുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 20954 പേരാണ്. ഇതില്‍ 15071 പേ ര്‍ക്ക് എആര്‍ടി ചികില്‍സ ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ എആ ര്‍ടി ചികില്‍സയിലുള്ളത് 11236 പേരാണ്. എച്ച്‌ഐവി അണുബാധിതരായ 4673 പേര്‍ കേരളത്തില്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എച്ച്‌ഐവി ബാധിതര്‍. 5649 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കുറവ് അണുബാധിതരുള്ളത് വയനാട് ജില്ലയിലാണ്. 266 പേര്‍. കൊല്ലം- 1075, പത്തനംതിട്ട-683, ആലപ്പുഴ-1269, എറണാകുളം-1934, തൃശൂര്‍-4843, കോട്ടയം-2484, ഇടുക്കി-431, പാലക്കാട്-2580, മലപ്പുറം-567, കോഴിക്കോട്-4423, കണ്ണൂര്‍-1641, കാസര്‍കോട്-1376 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ എച്ച്‌ഐവി ബാധിതരുടെ എണ്ണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എച്ച്‌ഐവി ബാധിതരുടെ എണ്ണം കേരളത്തില്‍ കുറവാണ്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പുലരി, ഉഷസ്, സുരക്ഷ എന്നീ പദ്ധതികളുടെ സേവനവും മൂലമാണ് എച്ച്‌ഐവി വ്യാപനം ഒരുപരിധിവരെ തടയാനാവുന്നതെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതര്‍ പറയുന്നു.
ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2015 ലെ കണക്കനുസരിച്ച് രാജ്യത്ത് 21.17 ലക്ഷം എച്ച്‌ഐവി അണുബാധിതരുണ്ട്. ഇതില്‍ 0.12 ശതമാനം മാത്രമാണ് കേരളത്തിലെ രോഗബാധിതര്‍.  നിലവില്‍ രാജ്യത്ത് 10.8 ലക്ഷം പ്രായപൂര്‍ത്തിയായവരും 78 ലക്ഷം കുട്ടികളും എച്ച്‌ഐവി അണുബാധിതരായി സര്‍ക്കാരിന്റെ എയ്ഡ്‌സ് നിയന്ത്രണ സംവിധാനത്തിന് കീഴില്‍ ചികില്‍സയിലാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day