|    Nov 22 Thu, 2018 2:31 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ന് ലോക ആന ദിനം ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ കേരളത്തില്‍

Published : 12th August 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ഇന്ന് ലോക ആനദിനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ ഉള്ളത് കേരളത്തിലെന്ന് സര്‍വേ ഫലങ്ങള്‍. കേരള വനങ്ങളിലെ അനുകൂല കാലാവസ്ഥയാണ് ഇതിനു കാരണം. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ ഉള്ളത് കര്‍ണാടകയിലാണ്. മൂന്നാംസ്ഥാനം തമിഴ്‌നാടിനും. കഴിഞ്ഞവര്‍ഷം നടന്ന സര്‍വേയില്‍ കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ആനകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി വേട്ടയാടലാണ്. 1970 മുതല്‍ ഇന്ത്യയില്‍ ആനവേട്ട വ്യാപകമാണ്. ഈയൊരു കാലയളവില്‍ ആയിരക്കണക്കിന് ആനകള്‍ വേട്ടക്കാരുടെ തോക്കിന്‍തുമ്പിലൂടെ ജീവന്‍ വെടിഞ്ഞതായി ജീവശാസ്ത്രജ്ഞന്‍ പ്രഫസര്‍ സുകുമാര്‍ രേഖപ്പെടുത്തി. ഇതിനൊക്കെ ശേഷമാണ് ആനസംരക്ഷണം മുന്‍ നിര്‍ത്തി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പദ്ധതി നടപ്പാക്കിയത്. പക്ഷേ, പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ആനവേട്ട തകൃതിയായി നടക്കുന്നു. വേട്ടയാടപ്പെടുന്നതിലൂടെ ആനകള്‍ക്കിടയിലെ ആണ്‍- പെണ്‍ അനുപാതം ശോഷിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വേട്ടയാടപ്പെടുന്നത് 90 ശതമാനവും കൊമ്പനാനകളാണ്. ഇത്തരത്തില്‍ വിലയിരുത്തിയാല്‍ പിടിയാനകള്‍ക്ക് ആനുപാതികമായുള്ള കൊമ്പനാനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വന നശീകരണം, നായാട്ട്, ഭക്ഷണത്തിന്റെയും ജലത്തിന്റെയും ദൗര്‍ലഭ്യം എന്നിവയൊക്കെയാണ് കാട്ടാനകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. അവയെ ആക്രമിക്കുമ്പോള്‍ മാത്രമാണ് പ്രത്യാക്രമണത്തിന് മുതിരുന്നത്. ഭക്ഷണവും വെള്ളവും തേടിയാണ് ഇവ നാട്ടിലിറങ്ങുന്നത്. സൈ്വര്യമായി വിഹരിക്കാന്‍ കാട് കാണാതാവുമ്പോഴും വേട്ടയാടുമ്പോഴും അവ കാട്ടില്‍ നിന്നും നാട്ടിലേക്കു പലായനം ചെയ്യുന്നു.
ആനസംരക്ഷണ പദ്ധതിക്കായി എട്ടാം പഞ്ചവല്‍സര പദ്ധതിയിലും 10ാം പഞ്ചവല്‍സര പദ്ധതിയിലും ഉള്‍പ്പെടുത്തി 80 കോടിയോളം രൂപ വകയിരുത്തിയിട്ടും അവയുടെ സംരക്ഷണം കാലമിത്രയായിട്ടും പ്രായോഗികമായി നടപ്പില്‍വരുത്താന്‍ സാധിച്ചിട്ടില്ല.
കേരളത്തില്‍ പലയിടങ്ങളിലും ഫെന്‍സിങ് ലൈനുകളും മറ്റും തീര്‍ത്ത് ഫലവത്തായി കാട്ടാനകളുടെ ആക്രമണം പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രായോഗിക നടപടികളിലൂടെ കാട്ടാനശല്യത്തെ നിയന്ത്രിക്കേണ്ടതിനു പകരം വന്ധ്യംകരണമെന്ന ബാലിശമായ നിര്‍ദേശവുമായി കാട്ടാനകള്‍ക്കു പിറകെ പോവുന്നത് അവയുടെ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയാവുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss