|    Jun 28 Wed, 2017 10:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇന്ന് യുഡിഎഫ് കരിദിനം; 21ന് കോണ്‍ഗ്രസ്സിന്റെ രാജ്ഭവന്‍ മാര്‍ച്ച്

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നു കരിദിനം ആചരിക്കും. യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം എജീസ് ഓഫിസിനു മുന്നില്‍ നടക്കുന്ന പ്രതിഷേധമാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ഉമ്മന്‍ചാണ്ടി, പി പി തങ്കച്ചന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.നോട്ട് പിന്‍വലിക്കലില്‍ പരിഹാരം ഉണ്ടാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. നോട്ട് അസാധുവാക്കിയിട്ട് എട്ടുദിവസം കഴിഞ്ഞിട്ടും ഇന്നും സാധാരണക്കാരുടെ ദുരിതം വര്‍ധിച്ചുവരുകയാണ്. ഈ വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോവേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി 21ന് വൈകീട്ട് മൂന്നിന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. മറ്റു ജില്ലകളില്‍ ഡിസിസി നിശ്ചയിക്കുന്ന ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മാര്‍ച്ച് നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളുടെ ഫലമായി ഉയര്‍ന്നുവന്ന ജനരോഷത്തില്‍നിന്നു രക്ഷപ്പെടാനാണ് നോട്ട് പിന്‍വലിക്കല്‍ നടപടി. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ള ജില്ലാ സഹകരണ ബാങ്കുകളെ ഇക്കാര്യത്തില്‍ മാറ്റിനിര്‍ത്തിയ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. വന്‍കിടക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വ്യഗ്രത കാണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് ക്രൂരമായ നിലപാടാണ് സ്വീകരിക്കുന്നത്. കാര്‍ഷിക വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക